ഗരത്തില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ കറങ്ങിനടക്കുന്ന യുവാക്കള്‍ക്ക് പ്രിയങ്കരനാണ് രാമചന്ദ്രന്‍. എന്നാല്‍ ഈ പേരു കേട്ടാല്‍ തിരിച്ചറിയണമെന്നില്ല. കൈ തൊട്ടാല്‍ ബുള്ളറ്റ് ചീറ്റപ്പുലിയെപ്പോലെ പായുമെന്നതിനാല്‍ കണ്ണംകുളങ്ങര വെളിയന്നൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ എല്ലാവര്‍ക്കും ബുള്ളറ്റ് വാസുവാണ്. റോയല്‍ വാസുവെന്നും മറ്റൊരു പേരുണ്ട്.

''കുട്ടിക്കാലം മുതല്‍ക്കേ വീട്ടില്‍ വിളിക്കുന്ന പേര് വാസുവെന്നാണ്. റോയല്‍ എന്‍ഫീല്‍ഡുകളില്‍ കൈവയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായതിനാല്‍ റോയല്‍ എന്നും ബുള്ളറ്റ് എന്നും ചേര്‍ത്തു. ഇപ്പോള്‍ അറിയപ്പെടുന്നതും അങ്ങനെയാണ്'' -അദ്ദേഹം പറയുന്നു.
  
ക്ലാസിക് ലുക്കും ഇടിമുഴക്കത്തോടെയുള്ള വരവും യാത്രാസുഖവുമാണ് ബുള്ളറ്റുകളെ യുവാക്കളുടെ ഹരമാക്കിയത്. ഈ പ്രത്യേകതകള്‍ തന്നെയാണ് വാസുവിനെയും ബുള്ളറ്റ് പ്രേമിയാക്കിയത്. ഇഷ്ടം കൂടിയപ്പോള്‍ ബുള്ളറ്റിന് മാത്രമായി വര്‍ക്ക്‌ഷോപ്പുമിട്ടു.

ബുള്ളറ്റിന് പുറകേ കൂടിയ 48 വര്‍ഷം

നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് ബുള്ളറ്റിന് പുറകേയുള്ള നടത്തം. ഇളയച്ഛനായ കൃഷ്ണനാണ് ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിക്കുന്നതും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിയേ ഓടിച്ചുതുടങ്ങി. സ്‌കൂള്‍ പഠനത്തോടൊപ്പം ചെട്ടിയങ്ങാടിയിലെ ഇളയച്ഛന്റെ വര്‍ക്ക്ഷോപ്പിലും നിന്നു.

സ്‌കൂള്‍ വിട്ടുള്ള സമയങ്ങളിലും മുടക്കുദിവസങ്ങളിലും വര്‍ക്ക്‌ഷോപ്പില്‍ തന്നെയാണ് സമയം ചെലവഴിച്ചത്. ബുള്ളറ്റിന്റെ ഓരോ ചലനവും മെക്കാനിസവും പഠിക്കാനും വളരെ താത്പര്യമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 18-ാം വയസ്സില്‍ കുറുപ്പം റോഡില്‍ സ്വന്തമായി വര്‍ക്ക്‌ഷോപ്പ് തുടങ്ങി. ആദ്യകാല ബുള്ളറ്റുകളോടൊപ്പം ജെറ്റ് ജാവ, രാജ്ദൂത്, ലാംബ്രട്ട എന്നീ വാഹനങ്ങളും വര്‍ക്ക്‌ഷോപ്പിലെത്തിയിരുന്നു.

ഇന്നത്തെ ബുള്ളറ്റുകള്‍ക്ക് പ്രൗഢിയും കരുത്തുമുണ്ടെങ്കില്‍ക്കൂടി പണ്ടത്തെ അപേക്ഷിച്ച് കുറവെന്ന അഭിപ്രായം തന്നെയാണ് ഇദ്ദേഹത്തിനും. അന്ന് വി.ഐ.പി.കളും പണക്കാരും മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഉപഭോക്താക്കളായത്. 87-ല്‍ വെളിയന്നൂര്‍ റോഡില്‍ സ്വന്തം വര്‍ക്ക്‌ഷോപ്പ് തുടങ്ങിയപ്പോള്‍ കല്യാണും ആലുക്കാസുമടക്കമുള്ള തൃശ്ശൂരിലെ വമ്പന്‍ വ്യവസായികള്‍ സ്വന്തം ബുള്ളറ്റുകളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് തേടിയെത്തിയിരുന്നതും ഈ 64-കാരന്‍ പങ്കുവയ്ക്കുന്നു.

നഗരത്തിലെ പോലീസ് ബുള്ളറ്റുകളും വാസുവിനെ തേടിയെത്താറുണ്ട്. ഇദ്ദേഹത്തിന്റെ മകനും ഐ.ടി.ഐ. ഓട്ടോമൊബൈല്‍ ബിരുദധാരിയുമായ വിഷ്ണുവും സഹായിക്കാനൊപ്പമുണ്ടാകാറുണ്ട്. വാസുവിന്റെയും വിഷ്ണുവിന്റെയും ആവശ്യത്തിനായി ഒരു ബുള്ളറ്റുണ്ട്. ഈ ബുള്ളറ്റില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ യാത്രയും.

രൂപമാറ്റം വേണ്ട

വാഹനം കൂടുതല്‍ സ്മൂത്താവുന്നതിന് എന്‍ജിനിലെ ക്രാങ്ക്വെയ്റ്റ് കൂട്ടിക്കൊടുക്കുന്നതിന് നിരവധിയാളുകളെത്തുന്നുണ്ട്. പഴയ മോഡല്‍ ബുള്ളറ്റുകള്‍ക്ക് സെല്‍ഫ് സ്റ്റാര്‍ട്ടര്‍ വെച്ചുകൊടുക്കാന്‍ സമീപിക്കുന്നവരുമുണ്ട്.

ബുള്ളറ്റുകള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പോലെയാക്കണമെന്നൊക്കെയുള്ള ആവശ്യങ്ങളുമായി ഒട്ടേറെ പേരെത്തുന്നുണ്ട്. പ്രദര്‍ശനത്തിനെത്തുന്നവയ്ക്കു മാത്രമായി ചെയ്തുകൊടുക്കുമെങ്കിലും നിയമവിരുദ്ധമായതിനാല്‍ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

കൈതൊടാത്ത മോഡലുകളില്ല

1952-ല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി പുറത്തിറക്കിയ മോഡലിന്റെ  മുതല്‍ പുതിയതിന്റെ വരെ കേടുപാടുകള്‍ ഇദ്ദേഹം നന്നാക്കിയിട്ടുണ്ട്. ഒരിക്കല്‍ ചെന്നൈയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് കമ്പനി സന്ദര്‍ശിക്കാനും അവസരം കിട്ടി.

മൊബൈല്‍ ഇല്ല

തിരക്കേറിയ ജോലിയാണെങ്കിലും മൊബൈല്‍ ഫോണിനോട് നോ പറഞ്ഞിരിക്കുകയാണ് വാസു. എന്തെന്ന് ചോദിച്ചാല്‍ ആവശ്യക്കാര്‍ക്ക് വിളിക്കാന്‍ കടയില്‍ ലാന്‍ഡ് ഫോണുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഉത്തരവും. വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ മകന്‍ വിഷ്ണുവിന്റെ ഫോണിലേക്കും വിളിക്കാം.

വീടുവിട്ടുള്ള യാത്രകള്‍ കുറവാണ്. അഥവാ രണ്ടുദിവസം കൂടുതലെടുത്താല്‍ കൂടെയുള്ളവരുടെ ഫോണ്‍ നമ്പര്‍ ആവശ്യക്കാര്‍ക്ക് കൊടുക്കും. മൊബൈല്‍ ഫോണ്‍ വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നതും. വാസുവിന്റെ സഹോദരന്മാര്‍ക്കും ബുള്ളറ്റിന്റെ വര്‍ക്ക്‌ഷോപ്പുണ്ട്. ജലജയാണ് ഭാര്യ. മറ്റുമക്കള്‍: വിജിത. നിമിത.