സൂപ്പര്‍ കാര്‍ നിര്‍മാണം സ്ഥിരം തൊഴിലാക്കിയ വിരലിലെണ്ണാവുന്ന കമ്പനികളില്‍ ഒന്നാണ് ഫ്രാന്‍സിലെ ബുഗാട്ടി ഓട്ടൊമോബൈല്സ് എസ്.എ.എസ്. അവരുടെ വെയ്റോണായിരുന്നു ഏതാനും വര്‍ഷം മുമ്പുവരെ സര്‍വകാല സൂപ്പര്‍ കാര്‍. 431 കിലോമീറ്ററിലേറെ വേഗത്തില്‍ ഓടിയ വെയ്റോണ്‍ 2013-ല്‍ സ്ട്രീറ്റ് ലീഗല്‍ ആയ ഏറ്റവും വേഗമുള്ള വാഹനമെന്ന ഗിന്നസ് റെക്കോഡ് നേടി. അതിനും മുമ്പ് തന്നെ 2000 മുതല്‍ 2009 വരെയുള്ള ദശകത്തിലെ 'കാര്‍ ഓഫ് ദി ഡീക്കേഡ്' എന്ന ബി.ബി.സി. ടോപ് ഗിയറിന്റെ അംഗീകാരവും പിടിച്ചെടുത്തു. ബുഗാട്ടിയുടെ ആദ്യകാല ഡെവലപ്മെന്റ് എഞ്ചിനിയറും ടെസ്റ്റ് ഡ്രൈവറും സര്‍വോപരി 1934-ലെ 24 മണിക്കൂര്‍ ലെ മാന്‍സ് റേസില്‍ ബുഗാട്ടിയുടെ റേസ് ഡ്രൈവറുമായിരുന്ന പിയറി വെയ്റോണിനെ അനുസ്മരിക്കാനായിരുന്നു ആ പേര്.
2014-ല്‍ വെയ്റോണിന്റെ നിര്‍മാണം അവസാനിപ്പിച്ച ശേഷം അവന്റെ പിന്‍ഗാമിയായി 2016-ലെ ജനീവ ഓട്ടോ ഷോയില്‍ ബുഗാട്ടി അവതരിപ്പിച്ച ഷിറോണും പേരില്‍ താരപരിവേഷമുള്ള ഒരു ഫ്രഞ്ച് റേസ് ഡ്രൈവറാണ് - ലൂയി ഷിറോണ്‍. സൂപ്പര്‍ കാറുകളിലും ഷിറോണ്‍ കേമന്‍ തന്നെ. 1500 എച്ച്.പി.യോളം കരുത്ത്, 2.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറിലേക്കും 6.5 സെക്കന്‍ഡില്‍ ഇരുന്നൂറിലേക്കും 13.6 സെക്കന്‍ഡില്‍ മുന്നൂറിലേക്കും കുതിക്കാനുള്ള ശേഷി - ഒരു പരീക്ഷണ ഓട്ടത്തില്‍ അവന് 32.6 സെക്കന്‍ഡില്‍ 400 കിലോമീറ്ററിലെത്തുകയും ബ്രേക്ക് ചെയ്തപ്പോള്‍ വെറും 9.4 സെക്കന്‍ഡില്‍ നിശ്ചലമാവുകയും ചെയ്തിട്ടുണ്ട്.
നേര്‍രേഖയില്‍ അതിവേഗം കുതിക്കലായിരുന്നു വെയ്റോണിന്റെ വൈഭവമെങ്കില് അതിവേഗത്തില്‍ത്തന്നെ വളവുകളും തിരിവുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയായിരുന്നു ഷിറോണിന്റെ മേന്മ. ഇതൊക്കെ ചെയ്തിട്ടും അരിശം തീരാത്തവിധത്തില് ബുഗാട്ടി അതിന്റെ പുതിയ സൂപ്പര്‍ കാര്‍ കാലിഫോണിയയില്‍ അനാവരണം ചെയ്തു. പ്രതീക്ഷിക്കാവുന്ന വിധത്തില്‍ മോഡലിന്റെ പേര് ഒരു ഫ്രഞ്ച് റേസിങ്ങ് താരത്തിന്റേത് തന്നെ - ആല്‍ബെര്‍ട് ദിവ. 1920-കളില്‍ സിസിലിയിലെ മലമ്പാതകളിലൂടെയുള്ള പ്രശസ്തമായ ടാര്‍ഗ ഫ്ളോറിയ റേസില്‍ രണ്ട് തവണ ബുഗാട്ടി ഓടിച്ച് വിജയിച്ച മനുഷ്യനാണ് അദ്ദേഹം.
ബുഗാട്ടി ദിവയുടെ വില അരക്കോടി യൂറോ (ഏതാണ്ട് 40 കോടി രൂപ) ഒരു പ്രൊഡക്ഷന്‍ കാറിനിടുന്ന ഏറ്റവും ഭീമമായ വിലയാണെങ്കിലും, കാലിഫോണിയയിലെ മൊണ്ടേറിയില് നടന്ന അഭിജാതമായ വാഹനമേളയില്‍ അനാവരണം ചെയ്യപ്പെട്ട വാഹനം കണ്ട ഉടന്‍ തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആകെ 40 കാറുകള്‍ക്കും ആവശ്യക്കാരെത്തി. വണ്ടി സോള്‍ഡ് ഔട്ട്!
'റ' എന്നെഴുതിയ പോലുളുള്ള ഗ്രില്ലും അതിനിരുവശവുമായി ഇറുകിയ കണ്ണുകള്‍ പോലെ നേര്‍ത്ത ഹെഡ്ലൈറ്റുകളും നിലംപറ്റിക്കിടക്കുന്ന ബാഹ്യരൂപവുമെല്ലാം വെച്ച് ദിവയ്ക്ക് ഷിറോണുമായി രൂപസാദൃശ്യം ഏറെയുണ്ടെങ്കിലും എയ്റോഡൈനാമിക്സിന് പൂര്‍ണത കിട്ടാന്‍ വേണ്ടി ശില്പം കൊത്തുന്നത് പോലെയുള്ള ബോഡിയിലെ മിനുക്ക് പണികള്‍ വാഹനം ഷിറോണല്ലെന്ന് പെട്ടന്ന് വ്യക്തമാക്കും.
വെയ്റോണിലും ഷിറോണിലും ഗ്രില്ലിനിരുവശവും ഫെന്‍ഡറിലെ നേര്‍ത്ത വിടവുകള്‍ പോലുള്ള എയര്‍ ഇന്ലെറ്റുകള്ക്ക് പകരം ട്രാക്കില്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ വാഹനത്തിന് നേരെ ആഞ്ഞടിക്കുന്ന വായുവിനെ മൊത്തമായി ആവാഹിച്ച മുന്നിലെ ടയറുകളെയും ബ്രേക്കുകളെയും തണുപ്പിക്കാനുള്ള വായുപ്രവാഹമാക്കാന് വേണ്ട വലിയ ഡിഫ്യൂസറുകളാണ് മുന്നില്‍. വെണ്ണക്കല്ലില്‍ കൊത്തിയെടുത്തതുപോലുള്ള എയര്‍-ഇന്‍ലെറ്റുകള്‍ വേറെയമുണ്ട് മുകളില്‍. ചക്രത്തെയും ബ്രേക്കിനെയും തണുപ്പിക്കുന്നതിനിടയില് സ്വയം ചൂടാകുന്ന വായു പുറത്തുപോകാന്‍ വീല്‍ ആര്‍ച്ചിന് തൊട്ടുപിന്നില്‍ ഫാളാപ്പുകള് പോലെയും ആകൃതികളുണ്ട്. യുദ്ധവിമാനത്തിന് മുകളിലെന്നപോലെ റൂഫിലും വിങ്ങുകളിലുമുള്ള ഇന്‍ലെറ്റുകള്‍ പിന്ചക്രങ്ങളെയും എഞ്ചിനെയുമെല്ലാം തണുപ്പിക്കാന്‍ സമൃദ്ധമായി വായു ഉള്ളിലെത്തിക്കും. ഇവയെല്ലാം ചേര്‍ന്ന് ദിവയ്ക്ക് 456 കിലോഗ്രാം ഡൗണ്‍ഫോഴ്സ് നല്കുന്നു; ഇത് ഷിറോണിലേക്കാളും 90 കിലോഗ്രാം കൂടുതലാണ്.
ഷിറോണിലലുള്ളതിനേക്കാള് 23 ശതമാനം വീതി കൂടിയ് (1.83 മീറ്റര്‍) റിയര്‍ സ്പോയ്ലറാണ് രൂപകല്‍പ്പനയിലെ മറ്റൊരു വിശേഷം. ഡ്രൈവിങ്ങ് മോഡനുസരിച്ച് ആംഗിള്‍ ക്രമീകരിക്കാവുന്ന ഇത് ആവശ്യമുള്ളപ്പോള്‍ വാഹനവേഗം കുറക്കാനുതകുന്ന എയര്‍ ബ്രേക്കായും പ്രവര്‍ത്തിക്കും. കൊമ്പന് സ്രാവിന്റെ മുതുകിലെ ചിറകിനെ അനുസ്മരിപ്പിക്കുന്ന ഒരു ഫിന്നും ബോണറ്റ് മൂതല്‍ സ്പോയിലര്‍ വരെ നീണ്ടുകിടക്കുന്നതും ഒരു ഡിസൈന്‍ കൗതുകമാണ്.
ഷിറോണില്‍ ഉപയോഗിച്ച പ്രശസ്തമായ 8 ലിറ്റര്‍ ഡബ്ലിയു 16 എഞ്ചിന് തന്നെയാണ് (ചില ഫൈന്‍-ട്യണിങ്ങുകളുണ്ട്) ദിവയ്ക്കും 1500 എച്ച്.പി.യോളം കരുത്ത് നല്‍കുന്നത്. പക്ഷേ ഇവിടെ ആ കരുത്തിലുള്ള വേഗം പരമാവധി 380 കിലോമീറ്ററായി പരിമിതമാക്കിയിരിക്കുകയാണ്. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമുള്ള പര്‍വത ഹൈവേകളിലൂടെ പാഞ്ഞുപോകാന്‍ വേണ്ട ലാറ്ററല്‍ ആക്സിലറേഷന് ദിവയില്‍ മുന്‍ഗാമികളേക്കാള്‍ ഏറെയുമാണ്. വാഹനത്തിന്റെ നിര്‍മാണത്തില്‍ കാര്‍ബണ്‍ ഫൈബര്‍ ധാരാളമായി ഉപയോഗിച്ചതിനാല്‍ വാഹനഭാരം ഷിറോണിനേക്കാള് 35 കിലോഗ്രാം കുറവാണ്.
നിര്‍മാണം തുടങ്ങുംമുമ്പ് തന്നെ വണ്ടി കൈവശപ്പെടുത്തിയ 40 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനല്ലെങ്കില്‍ 'ദിവ ഇന്ത്യയിലെത്തി' എന്ന വാര്‍ത്ത ആരും പ്രതീക്ഷിക്കേണ്ട.
Content Highlights; Bugatti's limited edition hyper car 'Divo' sold
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..