ന്ത്യന്‍ വാഹനമേഖല വലിയ മാറ്റങ്ങളുടെ പാതയിലാണ്. കാറിന്റെ ഇന്ധനക്ഷമതയേയും റീസെയില്‍ വാല്യുവിനെയും കുറിച്ച് മാത്രം സംസാരിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ സുരക്ഷയെ കുറിച്ചും മലിനീകരണം കുറയ്ക്കുന്നതിനെപ്പറ്റിയും സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാനെന്നോണം മലിനീകരണ നീയന്ത്രണത്തിനും സുരക്ഷ ശക്തമാക്കുന്നതിനും സര്‍ക്കാര്‍ ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ.

ക്രാഷ് ടെസ്റ്റ്

TATA Nexon

ഇന്ത്യന്‍ വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന നീക്കമാണ് ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം(BNVSAP).  ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (എ.ആര്‍.എ.ഐ.) പൂണെയ്ക്കടുത്ത് കാറുകളുടെ ക്രാഷ് ടെസ്റ്റിനായുള്ള കേന്ദ്രം തുടങ്ങിയിരിക്കുന്നത്. 

എ.ആര്‍.എ.ഐ. യുടെ ചകനിലുള്ള പാസീവ് സേഫ്റ്റി ലാബിനോടു ചേര്‍ന്നാണ് പുതിയ സംവിധാനം. 3.5 ടണ്‍ വഹിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസി മോട്ടോര്‍ സംവിധാനത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വാഹനത്തെ 80 കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ഈ മോട്ടോറിനു കഴിയും. ഫുള്‍ ഫ്രണ്ട് ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, ഓഫ്സെറ്റ് ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.

ബിഎസ്-6 എന്‍ജിന്‍

kerala vehicles

അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെ വാഹനങ്ങളില്‍ ഉണ്ടാകുന്ന ഏറ്റവും പ്രധാന മാറ്റമാണ് ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ അവതരിപ്പിക്കുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിത്. നിലവില്‍ ബിഎസ്-4 എന്‍ജിനുകളിലാണ് ഇന്ത്യന്‍ വാഹനങ്ങള്‍ എത്തുന്നത്.

വാഹന എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് (ബി.എസ്.) മാനദണ്ഡം. വാഹനത്തിന്റെ എന്‍ജിനിലും മറ്റും ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ബി.എസ്. മാനദണ്ഡത്തിലേക്ക് മാറുന്നത്. ഇതോടെ വാഹനങ്ങളുടെ വിലയും ഉയരും.

വാഹനങ്ങള്‍ പ്രകൃതി സൗഹാര്‍ദമാകുന്നു

Electric Vehicles

ആഗോളതാപനം ഉള്‍പ്പെടെ ലോകം നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് വാഹനങ്ങള്‍ പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങളിലേക്ക് ചുവടുമാറുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം 2030-ഓടെ പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറി ഇന്ത്യയില്‍ പൂര്‍ണമായി വൈദ്യുതി വാഹനം എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.
കാറുകളുടെ വില ഒരുപരിധി വരെ കുറയ്ക്കുന്നതിനായി ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ തദ്ദേശിയമായി നിര്‍മിക്കുന്നതും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വാഹനം മോടിപിടിപ്പിച്ചാലും പണികിട്ടും

Mahindra XUV500

ഏത് വാഹനവും ഏത് തരത്തില്‍ മോടിപിടിപ്പിച്ചാലും പിടിവീഴും. വാഹനങ്ങളിലെ ഏത് തരത്തിലുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതിയും അടുത്തിടെ നിരോധിച്ചിരുന്നു. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്ന ഘടകങ്ങളായിരിക്കണം തുടര്‍ന്നും വാഹനത്തിലുണ്ടാകേണ്ടതെന്നാണ് കോടതിയുടെ നിര്‍ദേശം. 

വീതിയേറിയ ടയര്‍, വലിയ അലോയ് വീല്‍, തീവ്രതയേറിയ ഹോണ്‍, ഉയര്‍ന്ന പ്രകാശമുള്ള ലൈറ്റ് തുടങ്ങി വാഹനത്തിന്റെ രൂപത്തിന് മാറ്റം വരുത്തുന്ന എല്ലാ മോഡിഫിക്കേഷനും കുറ്റകരമാണ്. അതേസമയം സിഎന്‍ജി കിറ്റുകള്‍ അഡീഷ്ണലായി ഫിറ്റ് ചെയ്യാന്‍ തടസ്സമില്ല. നിയമപ്രകാരം വാഹനത്തിന്റെ നിറം മാറ്റുന്നതിന് അനുമതിയുണ്ട്.

Content Highlights: BS6 Emission To Crash Test – Major Changes Happening In Indian Auto Industry