കാടും മേടും മലയും പുഴയും കടന്ന് എഴുപത് വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ യുദ്ധഭൂമികള്‍ താണ്ടി. നിരവധി കൈകളിലൂടെ കടന്നുപോയി. ഇപ്പോഴിതാ ഇന്ത്യക്കാരനുമായി. പറഞ്ഞുവരുന്നത് യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നമായ ലാന്‍ഡ് റോവറിനെക്കുറിച്ചാണ്. സംഭവബഹുലമായിരുന്നു ആ എഴുപത് വര്‍ഷങ്ങള്‍. കടം കൊണ്ട എന്‍ജിനുമായായിരുന്നു ജീവിതമാരംഭിച്ചത്. ഇപ്പോള്‍ ആരേയും വെല്ലും. പകരംവെയ്ക്കാന്‍ വാഹനപ്രേമികളുടെ മനസ്സില്‍ മറ്റൊന്നില്ല. കാരണം ആ ആഢ്യത്വം തന്നെ. 

വെള്ളക്കാരുടെ ചോര ഞരമ്പുകളിലൂടെ ഒഴുകിയിരുന്ന ലാന്‍ഡ് റോവര്‍ ഇപ്പോള്‍  ഇന്ത്യക്കാരനാണ്. അതിനാല്‍ ആഘോഷത്തിന് തിളക്കമേറും. പഴയ കാലത്തേക്കൊരു തിരിച്ചു പോക്കാണ് ലാന്‍ഡ്റോവറിന്റെ എഴുപതാം പിറന്നാളിന് മാറ്റുകൂട്ടുന്നത്. ഒരു വര്‍ഷം നീണ്ട വേറിട്ട ആഘോഷങ്ങളാണ് കമ്പനി നടത്തുന്നത്. പഴയ ചരിത്രവാഹനങ്ങളെ പുനര്‍നിര്‍മിക്കുക. പഴയ വാഹനങ്ങളെ കൂടുതല്‍ ശക്തരാക്കുക എന്നിങ്ങനെ..

Land Rover

ടാറ്റയുടെ തലവര മാറ്റിക്കുറിക്കുന്ന ഈ ഓഫ് റോഡര്‍ ബ്രാന്‍ഡിന്റെ ചരിത്രത്തിലേക്കൊന്നു പോയി നോക്കാം. 1947-ല്‍ ജീപ്പിന്റെ ചേസിസും എന്‍ജിനുമായി റോവറിന്റെ ചീഫ് ഡിസൈനര്‍ മൗറിസ് വീല്‍ക്‌സിന്റെ ഭാവനയിലാണ് ഈ ഓഫ് റോഡറിന്റെ ജനനം. ലാന്‍ഡ് റോവര്‍ എന്ന പേരും അദ്ദേഹം തന്നെ നല്‍കി.

സങ്കല്‍പ്പവാഹനമായിരുന്നു അത്. എന്നാല്‍, ആദ്യ ലാന്‍ഡ്റോവര്‍ 1948-ല്‍ ആംസ്റ്റര്‍ഡാം  മോട്ടോര്‍ഷോയിലായിരുന്നു അവതരിപ്പിക്കപ്പെട്ടത്. അതുവരെ വാഹനങ്ങള്‍ക്ക് കാണാത്ത രൂപമായിരുന്നു ഇവയ്ക്ക്. ചതുരപ്പെട്ടിപോലുള്ള രൂപം. സൈനിക വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാരംകലര്‍ന്ന പച്ച നിറമായിരുന്നു ആദ്യത്തെ ലാന്‍ഡ്റോവറുകള്‍ക്ക്. പിന്നീട് സീരീസ് രണ്ട്, രണ്ട് എ എന്നിവയും പിന്നാലെ വന്നു. പിന്നീട് ലെയ്ലാന്‍ഡ് മോട്ടോഴ്സ് റോവറിനെ ഏറ്റെടുത്തു. പിന്നീട് റോവര്‍ ട്രയംഫ് എന്ന പേരില്‍ ബ്രിട്ടീഷ് ലൈലാന്‍ഡും ഇതിന്റെ ഉടമയായി. 1970 ലാണ് റേഞ്ച് റോവര്‍ പിറക്കുന്നത്.

Land Rover Series 1
Land Rover Series 1

1974-ല്‍ റോവര്‍ അമേരിക്ക വിട്ടു. എസ്.യു.വി. കളിലേക്ക് ജപ്പാന്‍ ഫോര്‍വീല്‍ ഡ്രൈവുകള്‍ അമേരിക്കയിലേക്ക് ഒഴുകിയതോടെയായിരുന്നു ആ പിന്‍മാറ്റം. തട്ടിയും തടഞ്ഞുമായിരുന്നു പിന്നീട് റോവറിന്റെ യാത്ര. മലകളും കുന്നുകളും അനായാസം കയറിപ്പോകുമെങ്കിലും വിപണിയിലെ കുണ്ടുകളില്‍ പലപ്പോഴും വീണു പോയി. ബ്രിട്ടീഷ് ലൈലാന്‍ഡ് തകര്‍ച്ച നേരിട്ടപ്പോള്‍ റോവറില്‍ നിന്ന് ലാന്‍ഡ്റോവര്‍ വേറെ കമ്പനിയാക്കി മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ലാന്‍ഡ് റോവര്‍ ലൈലാന്‍ഡ് ഗ്രൂപ്പായി മാറി. പിന്നീട് ബ്രിട്ടീഷ് ലൈലാന്‍ഡിന്റെ സബ്സിഡിയറിയായി ലാന്‍ഡ് റോവര്‍ മാറി.

Land Rover

അമേരിക്കയില്‍ ലാന്‍ഡ് റോവറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് കണ്ട് നിയമം ലംഘിച്ച് വാഹനങ്ങള്‍ ഇവിടേക്ക് കടത്തിത്തുടങ്ങി. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി വീണ്ടും അമേരിക്കയിലേക്ക് യാത്ര തുടങ്ങി. ബ്രിട്ടീഷ് എയ്റോ സ്‌പേസ്, ബി.എം.ഡബ്ല്യു, ഫോര്‍ഡ് എന്നിങ്ങനെ വിവിധ കരങ്ങളിലൂടെ ലാന്‍ഡ് റോവര്‍ കടന്നുപോയി. ഇതിനിടയില്‍ തങ്ങളുടെ ഡിമാന്‍ഡ് വാഹനങ്ങളായ ലാന്‍ഡ് റോവര്‍ 90, ഡിസ്‌കവറി, ഫ്രീലാന്‍ഡര്‍ എന്നിവ വിപണയിലേക്കെത്തി.
 
പച്ചയില്‍ നിന്നുള്ള നിറംമാറ്റവും ഇക്കാലത്താണുണ്ടായത്. ബി.എം.ഡബ്ല്യു. വിന്റെ കൈയിലെത്തിയപ്പോഴായിരുന്നു ലാന്‍ഡ് റോവറില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയത്. വില്‍പ്പന കുതിക്കാന്‍ തുടങ്ങി. പുതിയ വാഹനങ്ങള്‍ നിരത്തിലെത്തി. റേഞ്ച് റോവറിന്റേയും ഡിസ്‌കവറിയുടേയും മൂന്നാം തലമുറയെത്തി. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും 2005-ല്‍ റോഡിലിറങ്ങി. 2005 ലാണ് റേഞ്ച് റോവറിലെ ബി.എം.ഡബ്ല്യു. എം 62 വി എട്ട് എന്‍ജിന്‍ മാറ്റി ജാഗ്വാറിന്റെ എ.ജെ.വി. എട്ട് എന്‍ജിന്‍ വരുന്നത്. 2007-ല്‍ 40 ലക്ഷം ലാന്‍ഡ് റോവറുകള്‍ ലോകത്ത് ഓടാന്‍ തുടങ്ങി. എന്നാല്‍ അക്കാലത്ത് ഉടമകളായ ഫോര്‍ഡ് ലാന്‍ഡ് റോവറിന്റെ വില്‍പ്പന പ്രഖ്യാപിച്ചു.
 
ഇന്ത്യയില്‍ നിന്ന് ടാറ്റയും, മഹീന്ദ്ര ആന്‍ഡ്  മഹീന്ദ്രയുമായിരുന്നു വാങ്ങാന്‍ മുന്നിലെത്തിയത്. നറുക്ക് വീണത് ടാറ്റയ്ക്കും. അങ്ങനെ ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാറിനൊപ്പം ലാന്‍ഡ് റോവറും ഇന്ത്യക്കാരായി. പിന്നീട് നാലാം തലമുറ ഡിസ്‌കവറിയും അഞ്ചാം തലമുറ റേഞ്ച് റോവറും വിപണിയിലെത്തി. റേഞ്ച് റോവറിന്റെ ആഡംബര പതിപ്പ് ഇവോക്കും ഈയിടെയാണ് ഇറങ്ങിയത്. ടാറ്റയുടെ പുതു തലമുറ വാഹനങ്ങള്‍ക്കും  ഇപ്പോള്‍ സാങ്കേതിക വാഗ്ദാനം ചെയ്യുന്നത് ലാന്‍ഡ് റോവര്‍ തന്നെയാണ്.

 

# ചരിത്രത്തെ തിരിച്ചുപിടിക്കാന്‍

എഴുപതാം ആഘോഷവേളയില്‍ ചരിത്രത്തെ തിരിച്ചുപിടിക്കുകയാണ് ലാന്‍ഡ് റോവര്‍. തങ്ങളുടെ ആദ്യവാഹനത്തെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമമാണ് ആഘോഷത്തിന്റെ ഭാഗമായി കമ്പനി നടത്തുന്നത്. 1948-ലെ ആംസ്റ്റര്‍ഡാം  മോട്ടോര്‍ഷോയിലായിരുന്നു ആദ്യ ലാന്‍ഡ് റോവര്‍ പുറത്തിറക്കിയത്.

എന്നാല്‍, ആ വാഹനം 63 വര്‍ഷമായി അപ്രത്യക്ഷമായിരുന്നു. അതിനെ കണ്ടുപിടിച്ച് വീണ്ടും ഒരുക്കുകയാണ് കമ്പനിയുടെ ആദ്യ ലക്ഷ്യം. അതിനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. 1960 ലായിരുന്നു ആദ്യ ലാന്‍ഡ് റോവര്‍ അവസാനമായി റോഡില്‍ കണ്ടത്.

Land Rover
ഒന്നാം ലാന്‍ഡ് റോവര്‍

ബ്രിട്ടനിലെ ഒരു ഫാമില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു ഇത്. ലാന്‍ഡ് റോവര്‍ നിര്‍മാണം തുടങ്ങിയ ബ്രിട്ടനിലെ സോളിഹളിലെ ഹാങ്ങറിലാണ് ഇപ്പോള്‍ ഇതുള്ളത്. അവിടെ കമ്പനിയിലെ വിദഗ്ദ്ധര്‍ പുതുക്കിയിറക്കാനുള്ള 

ഭഗീരഥപ്രയത്‌നത്തിലായിരുന്നു. മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ അത് പൂര്‍ണതയിലെത്തിക്കഴിഞ്ഞു. നിരത്തിലോടുന്ന നവീന ലാന്‍ഡ് റോവറിന്റെ അപ്പൂപ്പനെ അങ്ങനെ വീണ്ടും റോഡിലിറക്കുകയാണ് കമ്പനി.

 

# ഓര്‍മകള്‍ക്ക് വേഗം കൂടുമ്പോള്‍

ഓര്‍മകള്‍ക്ക് ജീവന്‍വെയ്ക്കുകയാണ് വീണ്ടും. ലാന്‍ഡ് റോവറിന്റെ ജീവനായിരുന്നു ഡിഫന്‍ഡറുകള്‍. കൊടിയടയാളമായി ഉയര്‍ത്തിയിരുന്നു ഒരു കാലത്ത് ഈ വാഹനത്തെ. ഈ എഴുപതാം പിറന്നാളില്‍ വീണ്ടും ഡിഫന്‍ഡറിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയാണ് കമ്പനി. 

Defender

ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കരുത്തേറിയ  ഡിഫന്‍ഡറിനെ പുറത്തിറക്കുകയാണ് കമ്പനി. 1979-ല്‍ ഡിഫന്‍ഡറിന് ശക്തി പകര്‍ന്ന വി എട്ട് എന്‍ജിന്റെ പുതു രൂപമാണ് വീണ്ടും എത്തുന്നത്. ഡിഫന്‍ഡര്‍ സീരീസ് ത്രീയിലായിരുന്നു ആദ്യമായി ലാന്‍ഡ് റോവര്‍ വി എട്ട് എന്‍ജിന്‍ അവതരിപ്പിച്ചത്. 90 ബി.എച്ച്.പി. യായിരുന്നു അന്ന് കരുത്ത്. പിന്നീട് 1983-ലും 84-ലും  ഇത് തുടര്‍ന്നു എന്നാല്‍, കരുത്ത് കൂട്ടി 113 ബി.എച്ച്.പി. യാക്കി. 87-ല്‍ 135  ബി.എച്ച്.പി. യാക്കി കൂട്ടി. പിന്നേയും എട്ട് സിലിന്‍ഡര്‍ എന്‍ജിനുകള്‍ കരുത്ത് കൂട്ടി ഡിഫന്‍ഡറില്‍ പതിച്ചു.

ഇപ്പോള്‍ എഴുപതാം പിറന്നാളില്‍ വീണ്ടും പുനര്‍ജനിക്കുകയാണ് ഡിഫന്‍ഡറിലെ ഏറ്റവും കരുത്തേറിയ എന്‍ജിന്‍. 5.0 ലിറ്റര്‍ പെട്രോള്‍ വി എട്ടാണ് ഈ മോഡലില്‍ കൊണ്ടുവന്നിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗമേറുന്ന വാഹനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. നൂറ്് കിലോമീറ്റര്‍ വേഗമണയാന്‍ 5.6 സെക്കന്‍ഡുകള്‍ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.
  
ലിമിറ്റഡ് എഡിഷനായ ഈ ഡിഫന്‍ഡര്‍ വെറും 150 എണ്ണം മാത്രമെ ഉണ്ടാവൂ. എഴുപതാം പിറന്നാളിന്റെ കൊടിയടയാളവുമായി ഇറങ്ങുന്ന ഡിഫന്‍ഡറിന്റെ ബുക്കിങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. 8 സ്പീഡ് ഇസെഡ് എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഇതിന്. കൂടാതെ കരുത്ത് കൂട്ടുന്ന സ്‌പോര്‍ട്‌സ് മോഡും. നവീകരിച്ച ബ്രേക്കുകള്‍, പതിനെട്ട് ഇഞ്ച് അലോയ് വീല്‍സ് എന്നിവയാണ് പ്രത്യേകത. എട്ട് നിറങ്ങളില്‍ ലഭ്യമാണ്. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍. ലാന്‍ഡ് റോവര്‍ ക്ലാസിക് ഇന്‍ഫോടെയ്ന്റ്മെന്റ് സിസ്റ്റം, എന്നിങ്ങനെ പോകുന്നു ലിമിറ്റഡ് എഡിഷനില്‍. രണ്ടു കോടി രൂപയ്ക്കടുത്ത് വിലവരും ഇതിന്.