-
ഫോഴ്‌സ്, കമാൻഡോ സീരീസ് സിനിമകളിലെ ആക്ഷന്‍ സീനുകളിലൂടെ ആരാധകരെ ത്രസിപ്പിച്ചിട്ടുള്ള നടനാണ് വിദ്യുതി ജാംവാള്‍. ബോളിവുഡ് ആക്ഷന്‍ കിങ്ങായ അദ്ദേഹം ട്രയംഫിന്റെ റോക്കറ്റ് 3R എന്ന കരുത്തന്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. 18 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ ക്രൂയിസര്‍ ബൈക്ക് സ്വന്തമാക്കിയ വിവരം ട്രയംഫാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ട്രയംഫിന്റെ ഏറ്റവും കരുത്തനായ ഈ ബൈക്ക് ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയിലെത്തിയത്. പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന റോക്കറ്റിന്റെ ഇന്ത്യയിലെത്തിയ ആദ്യ ബാച്ചിലെ ബൈക്കാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തെ ബാച്ച് ഈ മാസം മുതല്‍ നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കരുത്തന്‍ ബൈക്ക് ഇന്ത്യയില്‍ നിരവധി ബുക്കിങ്ങുകള്‍ നേടിയിട്ടുണ്ട്.
ക്രൂയിസര്‍ ശ്രേണിയിലെത്തുന്ന ബൈക്കാണെങ്കിലും മറ്റ് സ്‌പോര്‍ട്ട് ബൈക്കുകളോട് സാമ്യമുള്ള ഡിസൈന്‍ ശൈലിയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. നേരെയുള്ള ഹാന്‍ഡില്‍ ബാര്‍, സീറ്റിന് ആനുപാതികമായുള്ള ഫുട്ട്‌റെസ്റ്റ്, ഡ്യുവല്‍ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, എന്നിവ റോക്കറ്റിനെ മറ്റ് ക്രൂയിസര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
ബ്ലാക്ക് ഫിനീഷിങ്ങിലുള്ള റോക്കറ്റ് 3R ആണ് അദ്ദേഹത്തിന്റെ ബൈക്ക് കളക്ഷനിലേക്ക് എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിനുള്ള ബൈക്ക് എന്ന ഖ്യാതിയുള്ള റോക്കറ്റ് 3R-ല്‍ 2500 സിസി ത്രീ ഇന്‍-ലൈന്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 165 ബിഎച്ച്പി കരുത്തും 221 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
കടുത്ത ബൈക്ക് ആരാധകനായ വിദ്യുതി ജാംവാളിന്റെ ബൈക്ക് ശേഖരത്തില്‍ ട്രയംഫ് റോക്കറ്റ് 3R-ന്റെ മുഖ്യ എതിരാളി ഡുക്കാട്ടി ഡിയാവല്‍ 1260 മുമ്പുതന്നെ സ്ഥാനം പിടിച്ചിരുന്നു. 18.87 ലക്ഷം രൂപ തന്നെയാണ് ഈ ബൈക്കിന്റെയും ഇന്ത്യയിലെ വില.
Content Highlights: Bollywood Action Hero Vidyut Jammwal Bought Triumph Rocket 3 R Cruiser Bike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..