ട്ടോമൊബൈല്‍ രംഗത്തെ സമീപകാല ട്രെന്‍ഡുകളെ ശ്രദ്ധിക്കുന്നവര്‍ക്കറിയാം ഇനി വരാന്‍ പോകുന്നത് ഇലക്ട്രിക് കാറുകളുടെയും സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെയും കാലമാണ്. ദിനംപ്രതിയെന്നോണമാണ്  ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇലക്ട്രിക് വാഹനരംഗത്തെ തങ്ങളുടെ പുത്തന്‍ ചുവടുവയ്പുകളെപറ്റിയും പുതിയ മോഡലുകളെപ്പറ്റിയും സംസാരിക്കുന്നത്. 

ഈ രംഗത്തെ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ സംഭാവനയാണ് ബിഎംഡബ്ല്യു വിഷന്‍ എം നെക്സ്റ്റ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐ8 എന്ന ഹൈബ്രിഡ് കാര്‍ മോഡലിലൂടെ ലോകത്തെ ആശ്ചര്യപ്പെടുത്തിയ ബിഎംഡബ്ല്യു ഇത്തവണയും നിരാശപ്പെടുത്തിയില്ല.

Vision M Next

ഒറ്റനോട്ടത്തില്‍ ഒരു പുതിയ ഐ8 മോഡല്‍ എന്നാര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല - കാരണം എം നെക്‌സ്‌റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് പഴയതും പുതിയതുമായ ഐക്കനിക് ബിഎംഡബ്ല്യു കാറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഐ8, ബിഎംഡബ്ല്യു എം1, ബിഎംഡബ്ല്യു ടര്‍ബോ എന്നീ കാറുകളിലെ ഡിസൈന്‍ ഫീച്ചറുകള്‍ കടമെടുത്ത് അതിലേക്ക് ഫ്യൂച്ചറിസ്റ്റിക് എലമെന്റസ് സമന്വയിപ്പിക്കുകയാണ് എം നെക്സ്റ്റിലൂടെ ബിഎംഡബ്ല്യു ചെയ്തിട്ടുള്ളത്. സംഭവം ഏതായാലും കിടുക്കി എന്ന് പറയാതെ വയ്യ.  

പിന്നില്‍ നിന്നും നോക്കുമ്പോള്‍ എം1ല്‍ നിന്ന് കടമെടുത്ത വിന്‍ഡോയിലും നൂല് വലിച്ചതുപോലെയുള്ള റിയര്‍ ലൈറ്റുകളിലുമാണ് ആദ്യം കണ്ണുടക്കുക. വളരെ നേര്‍ത്ത എന്നാല്‍ തീവ്രതയേറിയ ഒരു ലേസര്‍ ലൈനിലാണ് റിയര്‍ ലൈറ്റുകള്‍. ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള വലിയ എയര്‍ ഡിഫ്യൂസര്‍ നിര്‍മ്മിച്ചിരിക്കുന്നത് റീസൈക്കിള്‍ ചെയ്ത കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ്. 

Vision M Next

മുന്‍വശത്തെ കാഴ്ചയില്‍ എല്ലാ ബിഎംഡബ്ല്യു കാറുകളെയും പോലെ ശ്രദ്ധാകേന്ദ്രം ഐക്കോനിക് ആയ കിഡ്നി ഗ്രില്ലുകളാണ്. ഈയിടെയായി ബിഎംഡബ്ല്യു തങ്ങളുടെ പുതിയ മോഡലുകളില്‍ ഈ കിഡ്‌നി ഗ്രില്ലിന്റെ വലിപ്പം കൂട്ടുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചുണ്ട്. ഒറ്റനോട്ടത്തില്‍ വലിയ മെഷ് ഗ്രില്‍ പോലെതോന്നുമെങ്കിലും അടുത്തുനിന്ന് നോക്കിയാല്‍ ഇടവിട്ടുനല്‍കിയ ബിഎംഡബ്ല്യു ലോഗോകളാണ് അവയെന്ന് മനസ്സിലാകും. ഹെഡ്ലൈറ്റുകളും നേരത്തെ പറഞ്ഞത് പോലുള്ള ലേസര്‍ ലൈനുകളാല്‍ നിര്‍മിതമാണ്. വലിയ എയര്‍സ്‌കൂപുകളും സ്ലീക് ലൈനുകളും ഗ്ലിറ്ററിങ് ഓറഞ്ച് എന്ന കിടിലന്‍ പെയിന്റ് ഫിനിഷും ചേരുമ്പോള്‍ മുന്‍വശത്തിനു മിഴിവേറെയാകുന്നു. 

വശങ്ങളില്‍ ആദ്യം കണ്ണില്‍പ്പെടുക വലിയ ടയറുകള്‍ ആണെങ്കിലും വ്യത്യസ്തമായി തോന്നിയത് റിയര്‍ വ്യൂ മിററുകളുടെയും ഡോര്‍ ഹാന്റിലുകളുടെയും അഭാവമാണ്. രണ്ടു ക്യാമറകള്‍ റിയര്‍ വ്യൂ മിററുകളുടെ സ്ഥാനം അപഹരിക്കുമ്പോള്‍ സൈഡ് വിന്‍ഡോയില്‍ ഉള്ള ഒരു സെന്‍സര്‍ വഴിയാണ് ഗള്‍വിങ് ഡിസൈനിലുള്ള ഡോറുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും. ഡ്യുവല്‍ ടോണ്‍ മള്‍ട്ടി സ്‌പോക് 21 ഇഞ്ച്  ടയറുകളാണ് മുന്നിലുള്ളത്. നേരത്തെ സൂചിപ്പിച്ച ഗ്ലിറ്ററിങ് ഓറഞ്ച് കളര്‍ ഇന്‍സെര്‍ട്ടോടുകൂടിയ 22 ഇഞ്ച് ടയറുകള്‍ പിന്നിലും സ്ഥാനം പിടിച്ചിരിക്കുന്നു. 

Vision M Next

ഇന്റീരിയറില്‍ ആണ് ബിഎംഡബ്ല്യു എം നെക്സ്റ്റ് പൂര്‍ണമായും ഫ്യൂച്ചറിസ്റ്റിക് ലുക്കിലേക്ക് മാറുന്നത്. വീതിയറിയ ഡോര്‍ സില്‍ നിരങ്ങി വേണം മെമ്മറി ഫോമിനാല്‍ നിര്‍മ്മിതമായ സീറ്റിലേക്ക് കയറാന്‍. ഫ്‌ലോട്ടിങ് ഹെഡ് റെസ്റ്റുകളോട് കൂടിയ ഈ സീറ്റുകള്‍ പിന്‍ഭാഗത്തുനിന്ന് മുന്നിലേക്ക് ഒഴുകിപരന്നു കിടക്കുന്ന ഡിസൈനിലാണുള്ളത്. സ്റ്റീയറിങ് വീല്‍ എന്നതിലുപരി സ്റ്റീയറിങ് കണ്‍ട്രോള്‍ എന്ന് വിളിക്കാവുന്ന സ്റ്റീയറിങ് സിസ്റ്റം ആണ് ബിഎംഡബ്ല്യു എം നെക്സ്റ്റില്‍ ഉള്ളത്. എയ്‌റോപ്ലെയ്ന്‍ കണ്‍ട്രോള്‍ പോലെയുള്ള ഇത് വ്യത്യസ്തമായ ഒരു അനുഭവമാണ് വാഹനത്തിന് നല്‍കുന്നത്.

ഡ്രൈവിംഗ് മോഡ്, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ സൂചിപ്പിക്കുന്ന ചെറിയ രണ്ടു ഡിസ്‌പ്ലേ യൂണിറ്റുകള്‍ ഇതിലുണ്ട്. ഇതിനു പിന്നിലായാണ് കേര്‍വ്ഡ് ഗ്ലാസ്സ് ഡിസൈനോട് കൂടിയ സെന്‍ട്രല്‍ ഡിസ്‌പ്ലേയുടെ സ്ഥാനം. സ്പീഡ്, ഇലക്ട്രിക് ചാര്‍ജ്, ഫ്യുവല്‍ മീറ്റര്‍ എന്നിങ്ങനെ എല്ലാ പ്രധാന വിവരങ്ങളും ഇതില്‍ ലഭ്യമാകും. ഒപ്പം സ്റ്റിയറിംഗ് കണ്‍ട്രോളിലെ സെന്‍സര്‍ വഴി ലഭ്യമാകുന്ന ഡ്രൈവറുടെ ഹാര്‍ട്ട് റേറ്റും ഇതില്‍ കാണിക്കും. ഇതോടൊപ്പം ഹെഡ്‌സ്അപ്പ് ഡിസ്‌പ്ലേ കൂടി ചേരുമ്പോള്‍ നേരത്തെ പറഞ്ഞ ഫ്യൂച്ചറിസ്റ്റിക് ഫീല്‍ പൂര്‍ണ്ണമാകുന്നു. ഇതോടൊപ്പം സെന്‍ട്രല്‍ കണ്‍സോളില്‍ ഉള്ള രണ്ടു ഗൈറോസ്‌കോപിക് കപ്പ് ഹോള്‍ഡര്‍ കൂടെ ചേര്‍ന്നാല്‍ ബിഎംഡബ്ല്യു എം നെക്സ്റ്റിന്റെ ഇന്റീരിയര്‍ പൂര്‍ണമായി. അതായത് ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന മറ്റൊന്നും ഇതിലില്ല എന്നര്‍ത്ഥം. 

vision m next

2 ഇലക്ട്രിക് മോട്ടോറുകളും ഒരു 4 സിലിണ്ടര്‍ എന്‍ജിനും അടങ്ങുന്ന ഹൈബ്രിഡ് പവര്‍ യൂണിറ്റാണ്‌ ബിഎംഡബ്ല്യു എം നെക്സ്റ്റിറ്റിന്റേത്. 600 bhp ടോട്ടല്‍ പവറുള്ള ഈ ഹൈബ്രിഡ് യൂണിറ്റ് വെറും 3 സെക്കന്റ്‌നുള്ളില്‍ എം നെക്സ്റ്റിനെ 100 kmph വേഗത്തിലെത്തിക്കാന്‍ പര്യാപ്തമാണ്. ഓള്‍ വീല്‍ സെറ്റപ്പ് ഉള്ള ഇതില്‍ ഡ്രൈവറിന്റെ അഭിരുചി അനുസരിച്ചു റിയര്‍ വീല്‍ ഡ്രൈവും സെലക്റ്റ് ചെയ്യാം. 300 kmph ആണ് എം നെസ്സ്റ്റിന്റെ ഉയര്‍ന്ന വേഗത. 

ഇന്റര്‍സ്റ്റെല്ലാര്‍, ഇന്‍സെപ്ഷന്‍, ലയണ്‍ കിംഗ്, പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ തുടങ്ങിയ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ലോകപ്രശസ്ത സംഗീത സംവിധായകനായ ഹാന്‍സ് സിമ്മര്‍ ആണ് ബിഎംഡബ്ല്യു എം നെക്സ്റ്റിന്റെ തികച്ചും വ്യത്യസ്തവും ആകര്‍ഷകവുമായ ഏക്‌സ്‌ഹോസ്റ്റ് ശബ്ദം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

vision m next

Content Highlights; BMW Vision M Next, BMW Future Cars