ഗരത്തിലെ കുളങ്ങള്‍ വൃത്തിയാക്കുന്നത് റാഞ്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന് ഇപ്പോഴൊരു തലവേദനയല്ല. കുളങ്ങളിലെ പായല്‍ മുഴുവന്‍ വിശാല്‍ പ്രസാദ് ഗുപ്ത എന്ന യുവ എന്‍ജിനിയര്‍ക്ക് ഡീസലുണ്ടാക്കാന്‍ വേണം. പായലില്‍നിന്നുണ്ടാക്കുന്ന ജൈവ ഡീസല്‍ നല്‍കാന്‍ റാഞ്ചിയില്‍ പ്രത്യേക പമ്പുതന്നെ തുടങ്ങിയിട്ടുണ്ട് ഈ നാല്പത്തിരണ്ടുകാരന്‍. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാല്‍ പറയുന്നു.

സാധാരണ ഡീസലിനെക്കാള്‍ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വില്‍ക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാല്‍ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റര്‍ വരെ വില്‍ക്കുന്നു. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പു നല്‍കുന്ന ജൈവ ഡീസല്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണ് (കാര്‍ബണ്‍ ന്യൂട്രല്‍).

കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആല്‍ഗയും (ഒരുതരം പായല്‍) ബിര്‍സാ കാര്‍ഷിക സര്‍വകലാശാലയില്‍ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്. പായല്‍ ഉണക്കിപ്പൊടിച്ചാണ് ബോയിലറില്‍ നിക്ഷേപിക്കുന്നത്. ഉപോത്പന്നങ്ങളായി ലഭിക്കുന്ന വസ്തുക്കള്‍ ജൈവവളമാക്കാം. രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ ജൈവ ഇന്ധനമുണ്ടാക്കുന്ന പ്രക്രിയയുടെ പേറ്റന്റിന് വിശാല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

സാങ്കേതികമായി സഹകരിക്കാന്‍ ഇന്ത്യന്‍ ഓയിലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സമീപിച്ചതായി വിശാല്‍ പറഞ്ഞു. തങ്ങളുടെ വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതാണ് ഈ ഇന്ധനമെന്ന് ടാറ്റാ മോട്ടോഴ്‌സും സാക്ഷ്യപ്പെടുത്തി. ഒരു ഹെക്ടര്‍ സ്ഥലത്തെ പായലില്‍നിന്ന് ഒരുലക്ഷം ലിറ്റര്‍ ഇന്ധനമുണ്ടാക്കാം. പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായല്‍ വീണ്ടുമുണ്ടാകുമെന്നതിനാല്‍ അസംസ്‌കൃതവസ്തുവിന്റെ ലഭ്യതയെക്കുറിച്ച് ആശങ്കവേണ്ടാ.

വായുമലിനീകരണം വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ജൈവ ഇന്ധനത്തിന് വലിയ സാധ്യതകളുണ്ടെന്ന് ബിര്‍സ കാര്‍ഷിക സര്‍വകലാശാലയിലെ പൊഫ. എസ്.കെ. സിന്‍ഹ മാതൃഭൂമിയോട് പറഞ്ഞു. ഓറഞ്ച് ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജൈവ ഡീസല്‍ പമ്പ് നടത്തുന്നത്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തശേഷം എണ്ണക്കമ്പനിയായ ടോട്ടല്‍ ഫ്രാന്‍സിലും പിന്നീട് ഐ.ഒ.സി. ഗവേഷണ വിഭാഗത്തിലും ജോലിചെയ്ത വിശാല്‍ 2018-ലാണ് ജൈവ ഇന്ധനമുണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്.

കേരളത്തിലെ സാധ്യതകള്‍

തീരപ്രദേശങ്ങളും ജലാശയങ്ങളും ഏറെയുള്ള കേരളത്തില്‍ പായലില്‍നിന്നുള്ള ജൈവ ഇന്ധനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. അറുപത് ശതമാനത്തിലേറെ ഈര്‍പ്പനില, മികച്ച സൂര്യപ്രകാശം, പി.എച്ച് മൂല്യം 7.5 മുതല്‍ 8.5 വരെയുള്ള വെള്ളം, മുപ്പത് ഡിഗ്രി താപനില എന്നിവയാണ് പായല്‍ വളരാന്‍ അനുകൂല ഘടകങ്ങളെന്നത് കേരളത്തിന് ഗുണകരമാണ്. വെള്ളത്തിന്റെ സാംപിള്‍ വിശദമായി പരിശോധിച്ചാലേ കൂടുതല്‍ പറയാനാകൂ. ജൈവ ഇന്ധന പ്ലാന്റ് പുതുതായി സ്ഥാപിക്കാന്‍ ഏതാണ്ട് 25 കോടിയോളം രൂപ ചെലവു വരും. എന്നാല്‍, ഉത്പാദനം തുടങ്ങിക്കഴിഞ്ഞാല്‍ അധികം വൈകാതെ ലാഭകരമാകുമെന്ന് വിശാല്‍ അവകാശപ്പെടുന്നു.

Content Highlights: Scope of Developing Bio diesel from Moss in Kerala