ബിഹാറിലെ ഒരു നാല് നിലയിലുള്ള വീടിന്റെ മുകളിലെ വാട്ടര്‍ ടാങ്ക് ഇപ്പോള്‍ ട്വിറ്ററിലെ താരമാണ്. ഈ ടാങ്കിനെ വൈറലാക്കിയത് ഇതിന്റെ രൂപമാണ്. വീട്ടുടമയുടെ ആദ്യ വാഹനമായിരുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ മാതൃകയിലാണ് ഈ ടാങ്ക് ഒരുങ്ങിയിരിക്കുന്നത്. മഹീന്ദ്രയുടെ വാഹനത്തിന്റെ മാതൃകയില്‍ ആയതിനാല്‍ തന്നെ ഈ ചിത്രം ആനന്ദ് മഹീന്ദ്രയും ഏറ്റെടുത്തതോടെയാണ് വൈറലായത്. 

ബീഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ ഇന്റാസര്‍ ആലമാണ് സ്‌കോര്‍പിയോയുടെ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് വീടിന് മുകളില്‍ ഒരുക്കിയത്. സ്‌കോര്‍പിയോയുടെ രൂപത്തിന് പുറമെ, അദ്ദേഹത്തിന്റെ വാഹനത്തിന്റെ BR 10 786 എന്ന നമ്പറും ടാങ്കില്‍ കുറിച്ചിട്ടുണ്ട്. താന്‍ സ്വന്തമാക്കിയ ആദ്യ എസ്.യു.വിയോടുള്ള ഇഷ്ടം കൊണ്ടാണ് ആ രൂപത്തില്‍ ടാങ്ക് നിര്‍മിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. 

സ്‌കോര്‍പിയോ വീടിന്റെ നാലാം നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു, ഇതുകൊണ്ടാണ് ഞാന്‍ റൈസിങ്ങ് സ്‌റ്റോറി എന്ന ആശയം ഉപയോഗിക്കുന്നത്. തന്റെ ആദ്യ വാഹനത്തോടുള്ള ആലമിന്റെ സ്‌നേഹത്തെയും ഈ ആശയത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീടിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

നാല് നിലയുള്ള വീടിന് മുകളിലാണ് സ്‌കോര്‍പിയോയുടെ മാതൃകയിലുള്ള വാട്ടര്‍ ടാങ്ക് ഒരുക്കിയിരിക്കുന്നത്. ഈ ഡിസൈനിലുള്ള വാട്ടര്‍ ടാങ്ക് ഒരുക്കുന്നതിനായി ഏകദേശം 2.5 ലക്ഷം രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്.

Content Highlights: Bihar Man Make Mahindra Scorpio Shaped Water Tank