വിപണിയിലേക്ക് വാഹനങ്ങളൊഴുകിയ വര്‍ഷമാണ് കടന്നുപോകുന്നത്. 2019-ലേക്കുള്ള പോക്കുകണ്ടാല്‍ കുത്തൊഴുക്ക് തുടരുമെന്നുതന്നെ കരുതേണ്ടി വരും. അത്രയും വാഹനങ്ങളാണ് പ്രഖ്യാപനം കഴിഞ്ഞിരിക്കുന്നത്. 2018 ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ പ്രഖ്യാപിക്കപ്പെട്ട വാഹനങ്ങളില്‍ മിക്കവാറും എണ്ണം ഒറ്റ വര്‍ഷത്തില്‍ തന്നെ നിരത്തിലേക്കെത്തിയിട്ടുണ്ട്. വില്‍പനയില്‍ മിന്നിത്തെളിഞ്ഞ അവയില്‍ ചിലരെക്കുറിച്ച്.

മാരുതി സുസുക്കി സ്വിഫ്റ്റ്

Swift

ഓട്ടോ എക്‌സ്പോയിലായിരുന്നു പുതിയ സുസുക്കി സ്വിഫ്റ്റിന്റെ പുറത്തിറക്കല്‍ നടന്നത്. വന്‍ പ്രതീക്ഷയുമായി എത്തിയ സ്വിഫ്റ്റ് വിപണിയിലും അത് കാത്തുസൂക്ഷിച്ചു. പഴയ സ്വിഫ്റ്റിന്റെ ജനപ്രീതി തുടരാന്‍ പുതിയ ആള്‍ക്കുമായി. ജനം ഇഷ്ടപ്പെട്ട സ്വിഫ്റ്റിന്റെ മാനറിസങ്ങളൊക്കെ അതേപോലെ നിലനിറുത്തി പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കിയായിരുന്നു പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം.

ഡിസയറും ബലേനോയും പിന്തുടരുന്ന ഹെര്‍ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണം. പഴയതിനേക്കാളും 40 കിലോ ഭാരം കുറവാണ് പുതിയ സ്വിഫ്റ്റിന്. 40 മില്ലീമീറ്റര്‍ വീതിയും 20 മില്ലീമീറ്റര്‍ നീളവും വീല്‍ബേസ് 24 മില്ലീമീറ്ററും കൂടിയിട്ടുണ്ട്. സീറ്റുകള്‍ക്കിടയിലെ സ്ഥലം കൂടിയിട്ടുണ്ട്. പഴയസ്വിഫ്റ്റിന് പറഞ്ഞുകേട്ട ഒരു പോരായ്മയായിരുന്നു അത്. അത് മാറ്റി. ഉള്ളിലെ ഹെഡ്റൂമും കൂടിയിട്ടുണ്ട്. ബൂട്ട്സ്‌പേസും 58 ലിറ്റര്‍ കൂടി 265 ലിറ്ററായി.

അകത്ത് ഒരു ലക്ഷ്വറി കാറിന്റെ സുഖംതരുന്ന സൗകര്യങ്ങളാണുള്ളത്. സെന്റര്‍ കണ്‍സോളിലും സീറ്റും ഡാഷ്ബോര്‍ഡിലെ പ്ലാസ്റ്റികും നിലവാരമുയര്‍ന്നു. അകത്ത് കറുപ്പ് കൂടി. ഡിസയറില്‍ ഉപയോഗിച്ചിരിക്കുന്ന സെന്റര്‍ കണ്‍സോള്‍ തന്നെയാണ് ഇതിലും പിന്തുടരുന്നത്. ഉയര്‍ന്ന മോഡലുകളില്‍ എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും, ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍, റിവേഴ്സ് പാര്‍ക്കിങ്ങ് ക്യാമറ, ഏഴിഞ്ച് സ്മാര്‍ട്ട് പ്ലേ ടച്ച് സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. തുടക്ക മോഡലുകളായ എല്‍.എക്‌സ്.ഐ., എല്‍.ഡി.ഐ. എന്നിവയില്‍ തന്നെ മുന്നില്‍ രണ്ട് എയര്‍ബാഗുകളും എ.ബി.എസ്., ഇ.ബി.ഡി., ബേക്ക് അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കാനുള്ള സൗകര്യം എന്നിവ നല്‍കുന്നുണ്ട്. പഴയ സ്വിഫ്റ്റിലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ അതേപടി തുടര്‍ന്നിട്ടുണ്ട്. ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ എന്‍ജിനാണ് ഡീസലിലുള്ളത്. ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്റേര്‍ഡായി തുടരുന്നത്. ഇരുവിഭാഗത്തിലും ഫൈവ് സ്പീഡ് ഓട്ടോമാറ്റിക് മാന്വല്‍ ട്രാന്‍സ്മിഷനും വന്നിട്ടുണ്ട്. അതാണ് പുതിയ സ്വിഫ്റ്റിന്റെ പ്രധാന പ്രത്യേകത. എന്‍ജിനുകളില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഭാരം കുറഞ്ഞത് വാഹനത്തിന്റെ പെര്‍ഫോര്‍മന്‍സില്‍ കാര്യമായ ഉയര്‍ച്ച വരുത്തിയിട്ടുണ്ട്.

ഹോണ്ട അമേയ്സ്

Honda Amaze

ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച അമേയ്സാണ് മറ്റൊരു താരമായി വന്നത്. കോംപാക്ട് സെഡാനില്‍ വളരുന്ന മത്സരത്തിലേക്കാണ് പൂര്‍ണമായും അഴിച്ചു പണിഞ്ഞ അമേയ്സ് എത്തിയത്. ഗ്രില്ലുകള്‍ ഒറ്റനോട്ടത്തില്‍ ഹോണ്ട സിറ്റിയെ ഓര്‍മിപ്പിക്കും. കട്ടികൂടിയ ക്രോമില്‍ പൊതിഞ്ഞതാണ് ഗ്രില്ലുകള്‍. വശങ്ങളിലേക്ക് കയറിക്കിടക്കുന്ന ഹെഡ്ലാമ്പ് ക്ലസ്റ്ററും കാഴ്ചയ്ക്കുണ്ട്. ഹോണ്ടയുടെ തായ്ലാന്‍ഡിലെ ഗവേഷണ കേന്ദ്രത്തിലാണ് ഹോണ്ട അമേയ്സ് വികസിപ്പിച്ചത്. ഇന്ത്യയിലെ എന്‍ജിനീയറിങ് വിഭാഗവും ഇതില്‍ പങ്കെടുത്തു.

രാജസ്ഥാനിലെ തപുക്കര പ്ലാന്റില്‍ നിന്നാണ് എന്‍ജിന്‍. ഹോണ്ട കാറുകളുടെ എന്‍ജിനുകള്‍ ഇവിടെ നിന്നാണ് നിര്‍മിക്കുന്നത്. പഴയ അമേയ്സിനെക്കാളും സ്ഥലമുണ്ട് പുതിയതിന്. അകത്ത് പ്രധാനമാറ്റം ഏഴിഞ്ച് ടച്ച് സ്‌ക്രീനാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, നാവിഗേഷന്‍, വിനോദ ഉപാധികള്‍ എന്നിവയും ഇതിലുണ്ട്. .

ടെയോട്ട യാരിസ്

yaris

ഫീച്ചറുകളാല്‍ സമൃദ്ധമായാണ് ടൊയോട്ട തങ്ങളുടെ സെഡാന്‍ യാരിസ് കൊണ്ടുവന്നത്. ടൊയോട്ടയുടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രായോഗികതയ്ക്കാണ് യാരിസും മുന്‍തൂക്കം നല്‍കുന്നത്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. നല്ല ലെഗ്റൂമും ഹെഡ് റൂമുമുണ്ട്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസ്സായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്.

ടയറിലെ വായു അറിയാനുള്ള സൗകര്യം, 60:40 സീറ്റിങ് പൊസിഷന്‍, പിന്നിലെ സീറ്റുകള്‍ക്ക് ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, മേല്‍ത്തട്ടില്‍ ഘടിപ്പിച്ച എ.സി.വെന്റുകള്‍, മുന്നിലും പാര്‍ക്കിങ് സെന്‍സര്‍ എന്നിവയുമുണ്ട്. സുരക്ഷ ഒട്ടും കുറച്ചിട്ടില്ല. ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഏഴ് എയര്‍ബാഗുകള്‍. ഇതില്‍ ഡ്രൈവറിന് കാലിലും എയര്‍ബാഗുണ്ട്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എ.ബി.എസ്., ഇ.ബി.ഡി., ഇ.എസ്.പി. എന്നിവയെല്ലാം സെഗ്മെന്റില്‍ ആദ്യമായാണ്. സുരക്ഷാ പരിശോധനയില്‍ അഞ്ച് നക്ഷത്രങ്ങളാണ് യാരിസ് നേടിയത്. കര്‍ണാടകത്തിലെ ടൊയോട്ട പ്ലാന്റിലാണ് യാരിസ് പൂര്‍ണമായും നിര്‍മിക്കുന്നത്.

മഹീന്ദ്ര മരാസോ

Marazzo

2018-ലെ ഇന്ത്യന്‍ റോഡുകളില്‍ നടന്ന വിപ്ലവങ്ങളിലൊന്ന് എന്ന് വേണമെങ്കില്‍ മരാസോയെക്കുറിച്ച് പറയാം. മഹീന്ദ്രയുടെ ഈ കൊമ്പന്‍സ്രാവ് ശരിക്കും വിപണിയില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ശ്രേണിയിലേക്ക് എതിരാളികളില്ലാതെയാണ് മരാസോ എത്തിയത്. വില്‍പ്പനയും കുത്തനെ ഉയര്‍ന്നു.

വണ്ടിയുടെ പുറത്തിറക്കല്‍ ചടങ്ങില്‍ ഒറ്റയാന്‍ എന്ന പദത്തിനായിരുന്നു അവര്‍ പ്രാമുഖ്യം നല്‍കിയത്. കടലില്‍ സ്രാവിന് എതിരാളികളില്ല, അനായാസമായി നീണ്ട കാലയളവില്‍ ജീവിക്കുന്ന സ്രാവിനെപ്പോലെത്തന്നെയായിരിക്കും മരാസോ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍. സാങ്കേതിക വിദ്യയിലും ഡിസൈനിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തിയാണ് മരാസോയുടെ ജനനം. ഡെട്രോയിറ്റിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക, ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലി എന്നിവര്‍ സംയുക്തമായാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. സ്രാവ് എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കായ മരാസോ കണ്ടെത്തിയപ്പോള്‍ തന്നെ അതിന്റെ രൂപം പോലും വാഹനത്തിലേക്ക് ഉള്‍ക്കൊള്ളിക്കുകയായിരുന്നു. സ്രാവിന്‍ പല്ലുകള്‍ പൊലെ ഗ്രില്ലിലെ ക്രോം വരകള്‍. മുന്നോട്ട് ചാഞ്ഞു നില്‍ക്കുന്ന രൂപം. കടുപ്പമേറിയ ബോഡിലൈനുകള്‍. ഹെഡ്ലൈറ്റുകള്‍, സ്രാവിന്റെ വാലുപോലെയുള്ള ടെയ്ല്‍ ലാമ്പുകള്‍ എന്നിങ്ങനെ നീളുന്നു... ഇറ്റലിയിലെ പിനിന്‍ഫാരിന, മുംബൈയിലെ മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് മരാസോവിന് ഒരു സ്രാവിന്റെ രൂപം കൊടുത്തിരിക്കുന്നത്. ഒരുപാട് ഡിസൈന്‍ സവിശേഷതകള്‍ മരാസോയ്ക്ക് നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായ് സാന്‍ട്രോ

Santro

ഇന്ത്യയുടെ അരുമയായിരുന്ന സാന്‍ട്രോയുടെ തിരിച്ചു വരവായിരുന്നു മറ്റൊന്ന്. രണ്ടാം വരവും മോശമാക്കാതെയായിരുന്നു സാന്‍ട്രോയുടെ കുതിപ്പ്. ഹ്യുണ്ടായ് എന്ന കൊറിയന്‍ കമ്പനിക്ക് ഇന്ത്യയില്‍ തറയൊരുക്കുന്നതില്‍ സാന്‍ട്രോ വഹിച്ച പങ്ക് കുറവല്ല. ഹാച്ച്ബാക്ക് കാറുകളില്‍ അക്കാലത്ത് തലയെടുപ്പുകൊണ്ട് മുന്നിലെത്തിയതായിരുന്നു സാന്‍ട്രോ. വില്‍പ്പനയിലും റെക്കോഡ് വേഗത്തില്‍ സാന്‍ട്രോ മുന്നോട്ട് കുതിക്കുകയാണ്.

ഹ്യുണ്ടായുടെ ഫ്‌ലൂയിഡിക് ഡിസൈന്‍ തന്നെ പിന്തുടരുന്നുണ്ട്. ഗ്രില്ലുകള്‍ക്കും മാറ്റമുണ്ട്. എയര്‍വെന്റും ഗ്രില്ലും സമ്മേളിച്ച് വശങ്ങളിലേക്ക് കയറി നില്‍ക്കുകയാണ്. ചിരിച്ച മുഖമായി തോന്നും ഒറ്റനോട്ടത്തില്‍. കറുപ്പു ക്ലാഡിങ് നല്‍കി, അതിലാണ് ഫോഗ്ലാമ്പുകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറമെയുള്ള കാഴ്ചയില്‍ ഓമനത്വം തോന്നുന്ന രൂപമാണ് പുതിയ സാന്‍ട്രോയ്ക്ക്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായ് കാറുകള്‍ക്കുള്ള നിലപാട് പുതിയ സാന്‍ട്രോയിലും തുടരുന്നുണ്ട്.

ഇതേഗണത്തിലുള്ള മറ്റ് കാറുകളെ അസൂയപ്പെടുത്തുന്ന ഫീച്ചറുകളാണ് ഉള്ളില്‍. ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഭാഗങ്ങളും സീറ്റ് ലെതറുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ ഡിസ്റ്റിങ്ങ്ഷന്‍ ലഭിക്കാവുന്നതാണ്. കൈയിലൊതുങ്ങുന്നാണ് സ്റ്റിയറിങ്ങ്. ഇതില്‍ തന്നെയാണ് ഇന്‍ഫോടെയിന്‍മെന്റ് സ്വിച്ചുകളും, ബ്ലൂടൂത്ത്, വോയ്സ് റെക്കഗനിഷന്‍ സ്വിച്ചും. ടച്ച് സ്‌ക്രീനില്‍ ഓഡിയോ-വീഡിയോ സിസ്റ്റവും സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനും സാധ്യമാവും. ട്രിപ്പ് മീറ്റര്‍ കണ്‍സോളില്‍ ഗിയര്‍ ഇന്റിക്കേറ്റര്‍, ഇന്ധനമുപയോഗിക്കുന്നതിന്റെ അളവ് തുടങ്ങിയവ കാണാം. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്. സെന്‍ട്രല്‍ ലോക്കിങ്, പിന്നിലെ ഡീഫോഗര്‍, പിന്നിലെ വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലടിക്കാതെ ക്രമീകരിക്കാന്‍ കഴിയുന്ന റിയര്‍വ്യൂ മിറര്‍, പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ഡോര്‍ ലോക്ക് എന്നിവയാണവ. 1.1 ലിറ്റര്‍ എപ്സിലോണ്‍ പെട്രോള്‍ എന്‍ജിനാണ് സാന്‍ട്രോയുടെ കരുത്ത്. നിശബ്ദമാണ് പ്രവര്‍ത്തനം. പൊതുവെ ഹ്യുണ്ടായ് കാറുകള്‍ക്കുള്ള കരുത്തും അച്ചടക്കവും സാന്‍ട്രോയും പിന്തുടരുന്നുണ്ട്. എ.എം.ടി. ഒന്നുകൂടി ആള്‍ ഉഷാറാണ്. സി.എന്‍.ജി മോഡലാണ് സാന്‍ട്രോ നല്‍കുന്ന മറ്റൊരു പരിഷ്‌കാരം.

മാരുതി സുസുക്കി എര്‍ട്ടിഗ

Ertiga

മരാസോ വന്നതോടെയാണ് എര്‍ട്ടിഗയെ അടിമുടി പരിഷ്‌കരിച്ച് മാരുതി എത്തിയത്. പഴയ എര്‍ട്ടിഗയോട് താരതമ്യേന അകലെയാണ് പുതിയ എര്‍ട്ടിഗ. കൂടുതല്‍ സ്ഥലസൗകര്യം, വലിപ്പക്കൂടുതല്‍, ആഡംബരം, പുതിയ എന്‍ജിന്‍ വന്നതോടെ കൂടിയ കരുത്ത് എന്നിവയിലെല്ലാം എതിരാളികളെ വെല്ലുവിളിക്കുന്നുണ്ട്. ഇന്‍ഡോനീഷ്യാ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് പുതിയ എര്‍ട്ടിഗയെ സുസുക്കി അവതരിപ്പിച്ചത്. ഇപ്പോഴുള്ള മോഡലിനേക്കാള്‍ 99 മില്ലീമീറ്റര്‍ നീളവും 40 മില്ലീമീറ്റര്‍വീതിയും 5 മില്ലീമീറ്റര്‍ ഉയരവും പുതിയ എര്‍ട്ടിഗയ്ക്ക് കൂടുതലുണ്ട്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല; 2,740 മില്ലീമീറ്റര്‍ തന്നെ. ബലെനോ, സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ് എന്നീ മോഡലുകളുടെ ഹെര്‍ട്ടെക്ട് അടിത്തറയിലാണ് പുതിയ എര്‍ട്ടിഗ വരുന്നത്.

പഴയ എര്‍ട്ടിഗയുടെ ഗ്രില്‍ പൂര്‍ണമായും മാറി. ക്രോം ആവരണമുള്ള വലിയ ഗ്രില്‍ വന്നു, വലിയ എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളെത്തി. ഒഴുകിയിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. 15 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ എടുപ്പ് തോന്നിക്കുന്നുണ്ട്. പിറകിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. വിന്‍ഡ് സ്‌ക്രീനിന്റെ വശങ്ങളില്‍ നിന്ന് തുടങ്ങി എല്‍ ഷേപ്പിലാണ് ടെയ്ല്‍ ലാമ്പുകള്‍. ചില്ലിലേക്ക് കയറ്റിയുള്ള ടെയ്ല്‍ ലാമ്പുകള്‍ മാരുതിയുടെ പുതുമയാണ്. പിന്നിലെ ചില്ല് പരന്നാണിരിക്കുന്നത്. ഉള്ളില്‍ 6.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളുണ്ട്. ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്ലാ മോഡലുകളിലുമുണ്ട്. ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയുമുണ്ട്. കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിങ്ങനെയാണ് എര്‍ട്ടിഗയിലെ വിശേഷങ്ങള്‍.

ഹോണ്ട സി.ആര്‍.വി.

Honda CRV

പെട്രോളില്‍ നിന്ന് ഡീസലിലേക്ക് മാറിയാണ് ഹോണ്ട സി.ആര്‍.വി. വന്നത്. ആര്‍ഭാടങ്ങള്‍ ഏറെയുണ്ട്, സൗകര്യങ്ങളും. വലിപ്പം കൂടി ഏഴുസീറ്ററായി മാറി. ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്പോയിലായിരുന്നു ഡീസല്‍ സി.ആര്‍.വി.യെ കണ്ടത്. ഇപ്പോഴാണ് രംഗത്തേക്ക് വരുന്നതെന്ന് മാത്രം. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. ഡീസലിലേ ഏഴു സീറ്റര്‍ പതിപ്പുണ്ടാവൂ. ഹോണ്ടയുടെ മാസ്റ്റര്‍പീസായ വലിയ കട്ടിയേറിയ ക്രോംഗ്രില്‍ സി.ആര്‍.വി.യിലും തുടരുന്നുണ്ട്. ഹെഡ്ലാമ്പുകളും കരുത്തനായിട്ടുണ്ട്. ഹെഡ്ലാമ്പില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍.

ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എല്‍.സി.ഡി. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യു.എസ്.ബി. പോര്‍ട്ട്, എച്ച്.ഡി.എം. ഐ.പോര്‍ട്ട്, എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം എന്നിങ്ങനെയാണ് അകത്ത്. ഡ്യുവല്‍സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ക്രൂയിസ് കണ്‍ട്രോളും പാഡില്‍ ഷിഫ്റ്ററുകളും രണ്ട്, മൂന്ന് സീറ്റുനിരകളില്‍ പ്രത്യേകം എ.സി. വെന്റുകള്‍, എട്ടുവിധത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്. ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിങ് ക്യാമറ എന്നിവ സുരക്ഷയ്ക്കും നല്‍കിയിരിക്കുന്നു.

2.0 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ഐ.വി.ടെക് എന്‍ജിനാണ് പെട്രോളിലെ താരം. 151 ബി.എച്ച്.പിയാണ് കരുത്ത്. സി.വി.ടി. ഗിയര്‍ബോക്‌സാണിതില്‍. ഡീസലിലേക്ക് പുതിയ 1.6 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ഐ.ഡി. ടെക് എന്‍ജിനാണ്. എന്‍ജിന് 118 ബി.എച്ച്.പിയാണിത് നല്‍കുക. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഡീസലിലാണ് ഓള്‍ വീല്‍ ഡ്രൈവുള്ളത്. 

Content Highlights; Best Cars Launched In India 2018