പുതുവര്‍ഷം വരുന്നത് വാഹനപ്രേമികള്‍ക്ക് കാത്തിരിക്കാന്‍ ഒരുപിടി നല്ല കാറുകളുടെ വാര്‍ത്തകളുമായാണ്. ഇന്ത്യന്‍ വാഹനവിപണിയുടെ ഗ്രാഫ് ഒരുകാലത്തുമില്ലാത്ത വിധം മുകളിലേക്ക് ഉയര്‍ന്ന വര്‍ഷമാണ് കടന്നുപോയത്‌. അതിന്റെ പ്രതിഫലനങ്ങള്‍ ഇവിടെയിറങ്ങിയ വാഹനങ്ങളിലും കാണാം. ദിവസേനയെന്ന പോലെയാണ് പുത്തന്‍ വാഹനങ്ങള്‍ റോഡുകളില്‍ കണ്ടത്. മുഖം മിനുക്കിയും പുത്തന്‍ വണ്ടികളും ഓരോ മാസവും ഓരോന്ന് എന്ന കണക്കിന് ഷോറൂമുകളിലെത്തി. അതില്‍ വീണവരുണ്ട് പിടിച്ചു കയറിയവരുണ്ട് മുകളിലേക്ക് പറന്നു കയറിയവരുണ്ട്. 2017-ല്‍ നമ്മളെ ഞെട്ടിച്ചെത്തിയ ചിലരുണ്ട്. അവ വിപണിയില്‍ വിസ്മയം തീര്‍ത്തു. അങ്ങനെ ചിലരെക്കുറിച്ച് ഇത്തവണ ഓര്‍ക്കാം.

# മാരുതി ഡിസയര്‍

ഇന്ത്യയുടെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നതാണ് മാരുതി സുസുക്കി എന്ന പേര്. ഇന്ത്യയില്‍  ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വണ്ടികളുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ എന്നും മാരുതിയെന്ന നാമമുണ്ടായിരുന്നു. ഏത് വിഭാഗത്തിലായാലും ആ സ്ഥാനം വിട്ടുകൊടുത്തുള്ള ഒരു കളിയും ഇതുവരെ നടന്നിട്ടില്ല. കോംപാക്ട് സെഡാന്‍ വിപണിയില്‍ മാരുതിയുടെ തുരുപ്പ് ശീട്ടായിരുന്നു ഡിസയര്‍. 

Dzire

ആദ്യത്തെ ഡിസയര്‍ തന്നെ ഒരുവിധം കുടുംബങ്ങളുടേയും മനസ്സ് കവര്‍ന്നിരുന്നു. അത് കത്തിനില്‍ക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ഡിസയറിനെ ആകെ അഴിച്ചു പണിത് മാരുതിയെത്തിയത്. വെറും മുഖംമിനുക്കലായിരുന്നില്ല. മൊത്തമായി അഴിച്ചു പണിതായിരുന്നു പുതിയ ഡിസയര്‍ എത്തിയത്. അത് ഗ്രില്ലില്‍ നിന്ന് തുടങ്ങി ടെയില്‍ ലാമ്പു വരെ നീണ്ടു. അകത്തും മാറ്റങ്ങളുടെ ഒഴുക്കായിരുന്നു. മുന്‍ഗാമി ഡിസയറിന് സ്വിഫ്റ്റിന്റെ താങ്ങുണ്ടായിരുന്നത് പുതിയ ഡിസയറില്‍ ഒഴിവായി. സ്വതന്ത്രമായൊരു പേര് നല്‍കിയാണ് കമ്പനി പുതിയ ഡിസയറിന് ജന്മം നല്‍കിയത്.  

ഇന്ധനക്ഷമതയുടെ കാര്യത്തിലും പുതിയ ഡിസയര്‍ ആരെയും വെല്ലും. കമ്പനി വിചാരിച്ചതുപോലെതന്നെ വില്‍പ്പനയിലും ഡിസയര്‍ പിന്നോട്ടു പോയില്ല.

# ജീപ്പ് കോംപസ് 

അമേരിക്കന്‍ രക്തം ഞരമ്പുകളിലൂടെയോടുന്ന ഒറിജിനല്‍ ജീപ്പിന്റെ രംഗപ്രവേശമായിരുന്നു 2017-ലെ പ്രധാന ഞെട്ടല്‍. മുടിഞ്ഞ വിലയെന്ന് കരുതി എല്ലാവരും ഭയന്നിരിക്കുമ്പോഴായിരുന്നു 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പേരുമായി ജീപ്പ് ഇന്ത്യയിലേക്ക് വരുന്നത്. എസ്.യു.വി. വിപണിയില്‍ അതോടെ പുതിയ വേലിയേറ്റമായിരുന്നു ജീപ്പിന്റെ ഇന്ത്യന്‍ രൂപം കോംപസ് സൃഷ്ടിച്ചത്. ഇരുപത്തഞ്ച് ലക്ഷത്തിനൊരു ജീപ്പ് എന്നത് ഇന്ത്യയിലെ ജനങ്ങള്‍ ഇരുൈകയും നീട്ടി സ്വീകരിച്ചു. വില്‍പ്പനയില്‍ വളരെ മുന്നോട്ട് പോകാനും ഇതോടെ ജീപ്പിന് കഴിഞ്ഞു. 

Jeep Compass

ആദ്യം ഡീസല്‍ പതിപ്പും പിന്നാലെ പെട്രോള്‍ പതിപ്പും പുറത്തിറക്കി. അടുത്തിടെ പെട്രോളിലെ ഓട്ടോമാറ്റിക് വേരിയന്റും ജീപ്പ് പുറത്തിറക്കിയിരുന്നു. ജീപ്പിന്റെ മാസ്റ്റര്‍പീസുകളായ റാങ്ഗ്ലറും, ചെറോക്കിയുമൊക്കെ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ നിര്‍മിച്ച കോംപസ് ഇന്ത്യയില്‍ തിളങ്ങുന്നത്. 

ജീപ്പിന്റെ അടുത്ത കണ്ണ് ഇന്ത്യയില്‍ വില്‍പ്പന പൊടിപൊടിക്കുന്ന ചെറു എസ്. യു.വി. വിപണിയിലേക്കാണ്. റെനഗേഡിന്റെ ഇന്ത്യന്‍ പതിപ്പാണ് അടുത്തുതന്നെ നിലംതൊടുന്നതെന്നാണ് കമ്പനി അധികൃതര്‍ തന്നെ അടുത്തിടെ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷത്തേക്കുള്ള ജീപ്പിന്റെ വജ്രായുധമായിരിക്കും റെനഗേഡ്.

# ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ തുറുപ്പുഗുലാനായിരുന്നു നെക്സോണ്‍. കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് നെക്‌സോണിന്റെ വരവോടെ കളിമാറി. മാരുതി ബ്രെസ അടക്കി വാണിരുന്ന മേഖലയിലേക്കായിരുന്നു നെക്‌സോണിന്റെ വരവ്. നെക്‌സോണിന് മുമ്പ് ടിഗോറും, ഹെക്‌സയുമൊക്കെയായി ടാറ്റ ഒരു വഴിയിട്ടിരുന്നു. അതിലൂടെ രാജകീയമായായിരുന്നു നെക്‌സോണിന്റെ വരവ്. റേഞ്ച് റോവറും ജഗ്വാറുമൊക്കെ സ്വന്തമാക്കിയ ടാറ്റ അവയുടെ സാങ്കേതികതയും മറ്റും പതുക്കെ തങ്ങളുടെ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിന്റെ സൂചനയായിരുന്നു ഇവയിലൂടെ തെളിഞ്ഞത്. 

Nexon

പുതിയ എന്‍ജിനും പ്ലാറ്റ്ഫോമും വാഹനത്തിന്റെ പെര്‍ഫോര്‍മെന്‍സും ഉള്ളിലെ സൗകര്യങ്ങളുമെല്ലാം  ആരേയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. 2017 ടാറ്റയുടെ വിപ്ലവത്തിന്റെ വര്‍ഷമായിരുന്നു എന്ന് പറയുന്നതായിരിക്കും ഉചിതം. ഇന്ധനക്ഷമതയും ആഡംബരവും വന്‍ വിലയില്ലാതെ സ്വന്തമാക്കാന്‍ കഴിയുന്ന വിധത്തിലായതോടെ നെക്‌സോണിന്റെ ബുക്കിങ് കുതിച്ചുയര്‍ന്നു. അടുത്ത വര്‍ഷവും എന്തെങ്കിലും ഇന്ദ്രജാലം കാണിക്കാനായി ടാറ്റയുടെ  മാന്ത്രിക തൊപ്പിക്കുള്ളില്‍ എന്തൊക്കെയുണ്ടെന്ന് കാത്തിരിക്കുകയാണ്.

# ഹ്യുണ്ടായ് വെര്‍ണ

വെര്‍ണ മുമ്പ് ഒരു വരവ് വന്നതാണ്. എന്നാല്‍ ആ സമയം നന്നായിരുന്നില്ല. ഹോണ്ട സിറ്റിയും മാരുതിയുടെ സിയാസുമൊക്കെ കളം നിറഞ്ഞ് കളിച്ചപ്പോള്‍ അടി പതറിപ്പോയി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തിരിച്ചുവരവ് രണ്ടും കല്‍പ്പിച്ചായിരുന്നു. ആഡംബരത്തിലും രൂപത്തിലുമെല്ലാം മാറ്റങ്ങളുമായി എത്തിയ വെര്‍ണ പിന്നീട് കളി തിരിച്ചുപിടിച്ചു.

Verna

കഴിഞ്ഞ വര്‍ഷത്തെ കാര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട വെര്‍ണയ്ക്ക് വേണ്ടി ഇപ്പോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. എലാന്‍ട്രയില്‍ കണ്ട ഫ്‌ളയിഡിക് ഡിസൈനിന്റെ ഭംഗി തന്നെയാണ് വെര്‍ണയുടേയും തുരുപ്പ് ശീട്ട്. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്നതിന് പകരം സൗമ്യമായി ഒഴുകുന്ന രൂപം. കെ. ടു പ്ലാറ്റ്ഫോമിലാണ് വെര്‍ണ ഒരുങ്ങിയിരിക്കുന്നത്.