പെട്രോള്‍കാറുകളെ പെരുവഴിയിലാക്കി വണ്ടുകള്‍; ദിവസവും വര്‍ക്ക്‌ഷോപ്പിലെത്തുന്നത് നിരവധി വാഹനങ്ങള്‍


1. ഇന്ധന ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന റബ്ബർ പൈപ്പിൽ സുഷിരങ്ങളായനിലയിൽ, 2. കാറിന്റെ ഇന്ധന ടാങ്കിനുസമീപത്ത് ചത്തനിലയിൽ കണ്ടെത്തിയ വണ്ടുകൾ | ഫോട്ടോ: മാതൃഭൂമി

പെട്രോള്‍കാറുടമകള്‍ക്ക് പണിതന്ന് കുഞ്ഞന്‍വണ്ടുകള്‍. പെട്രോള്‍ ചോര്‍ന്ന്, വാഹനം വഴിയില്‍ നില്‍ക്കുമ്പോഴാണ് ഉടമ വിവരമറിയുക. കാറിന്റെ പെട്രോള്‍ടാങ്കില്‍നിന്ന് എന്‍ജിനിലേക്കുപോവുന്ന റബ്ബര്‍പൈപ്പുകള്‍ പ്രത്യേകതരം കുഞ്ഞുവണ്ടുകള്‍ തുളയ്ക്കുന്നതാണ് പ്രശ്‌നമാകുന്നത്. ദിവസവും ഇതേ പ്രശ്‌നവുമായെത്തുന്ന വണ്ടികളുടെ എണ്ണംകൂടുകയാണെന്ന് വര്‍ക്ഷോപ്പ്, സര്‍വീസ് സെന്റര്‍ നടത്തിപ്പുകാര്‍ പറയുന്നു.

പെട്രോള്‍ടാങ്കിനോടും എന്‍ജിനോടും ചേര്‍ന്ന പ്രധാനപൈപ്പിലും അനുബന്ധ പൈപ്പുകളിലുമാണ് ഇവ ദ്വാരങ്ങളുണ്ടാക്കുന്നത്. ജില്ലയിലെ പ്രധാന കാര്‍ഷോറൂമുകളുടെ ഉടമസ്ഥയിലുള്ള സര്‍വീസ് സെന്ററുകളില്‍ ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ചയുമായി 30-ഓളം കാറുകളാണ് ദിവസേനയെത്തുന്നത്. പെട്രോള്‍കാറുകള്‍ക്കാണ് വണ്ടുകള്‍ സുരക്ഷാഭീഷണിയുയര്‍ത്തുന്നത്. ഓട്ടത്തിനിടെ ഇന്ധനച്ചോര്‍ച്ചയുണ്ടാവുന്നതുകാരണം തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ധനച്ചോര്‍ച്ചയുള്ള വണ്ടികള്‍ ഓടിക്കുന്നത് അപകടകരമായതിനാല്‍ മെക്കാനിക്കുകളെ അങ്ങോട്ട് അയച്ചാണ് വര്‍ക്ഷോപ്പുകള്‍ പ്രശ്‌നംപരിഹരിക്കുന്നത്. അല്ലെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച് വണ്ടികള്‍ വര്‍ക്ഷോപ്പുകളിലെത്തിക്കും. ഒരുമാസത്തിനിടയില്‍ രണ്ടുതവണവരെ ഇന്ധനപൈപ്പ് മാറ്റിയ കാറുടമകളുണ്ടെന്ന് മെക്കാനിക്കുകള്‍ പറയുന്നു.

അതിസുരക്ഷയുണ്ടാവേണ്ട ഇന്ധനപൈപ്പില്‍ ചോര്‍ച്ചയുണ്ടാവുന്നത് പതിവായതോടെ പെട്രോള്‍കാറുടമകള്‍ ആശങ്കയിലാണ്. വിവിധ കമ്പനികളുടെ കാറുകളുടെ പൈപ്പുകള്‍ക്ക് പലവിധ വിലയാണ്. എത്ര പൈപ്പുകളില്‍ തുളയുണ്ടാക്കി എന്നതനുസരിച്ചാണ് മാറ്റേണ്ടിവരിക. മൂന്ന് പൈപ്പുകള്‍ വരെ മാറ്റേണ്ടിവന്നവരുമുണ്ട്. പെട്രോള്‍ടാങ്കിനുമുകളിലൂടെ കടന്നുപോവുന്ന പൈപ്പിലെ തകരാറ് പരിഹരിക്കാന്‍ ടാങ്ക് അഴിച്ചെടുക്കേണ്ടതിനാല്‍ ഇതുകൂടി ചേര്‍ത്ത് വലിയ തുകയാണ് ഉപഭോക്താവിന് നല്‍കേണ്ടിവരുന്നത്. മൂന്ന് പൈപ്പുകള്‍ മാറാന്‍ 3500-4000 രൂപയോളം ചെലവായവരുമുണ്ട്.

കുഞ്ഞന്‍വണ്ടുകള്‍ തുരക്കുന്നത് 'തെറ്റിദ്ധാരണ'മൂലം

നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം തുരപ്പന്‍ വീവില്‍ വണ്ടുകളാണ് ഇവ. പെട്രോളിലെ എഥനോളിന്റെ അംശമാണ് ഇത്തരം വണ്ടുകള്‍ ഇന്ധനപൈപ്പ് തുളയ്ക്കാന്‍ കാരണം. എഥനോളിന്റെ മണംകാരണം പഴക്കംവന്ന മരമാണെന്ന് കരുതിയാണ് ഇവ തുളയ്ക്കുന്നത്.

കേടുവന്ന മരം തുരന്ന്, അതിനുള്ളില്‍ വലിയ 'ടണല്‍' ഉണ്ടാക്കി, അതില്‍ ഫംഗസ് കൊണ്ടുപോയി വളര്‍ത്തി ആ ഫംഗസിനെ തിന്നാണ് ഈ കുഞ്ഞന്‍വണ്ടുകള്‍ വളരുന്നത്. വണ്ടിന്റെ ദേഹത്ത് നേരത്തെ ശേഖരിച്ചുവെച്ച പൂപ്പല്‍വിത്തുകളായ സ്‌പോറുകള്‍ ടണലില്‍ വിതറുകയാണ് ചെയ്യുക. ചെടിയുടെ സൈലംനീരിലെ പോഷകങ്ങള്‍ വലിച്ചെടുത്ത് ഫംഗസ് വളരും. പഴക്കംചെന്ന മരങ്ങള്‍ക്ക് അതിനുള്ളില്‍ ബാക്ടീരിയ വളര്‍ന്ന് എഥനോളിന്റെ മണമുണ്ടാകും. ഈ മണമാണ് വണ്ടുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരം മരങ്ങളില്‍ മാത്രമേ ഫംഗസ് വളരൂ.

വൃത്താകൃതിയില്‍ ഡ്രില്ലര്‍വെച്ച് തുരന്നതുപോലുള്ള മനോഹരദ്വാരങ്ങളാണ് ഇവയുണ്ടാക്കുക. പൈപ്പുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ കാറില്‍മാത്രമാണ് ഈ പ്രശ്‌നം. അതും ചില കമ്പനികളുടെ കാറുകളില്‍ മാത്രം.

കേടായ മരമാണെന്നുകരുതി റബ്ബര്‍കുഴല്‍ കഷ്ടപ്പെട്ട് തുരക്കുന്ന വണ്ടുകള്‍ 'പറ്റിക്കപ്പെട്ടു' എന്ന് മനസ്സിലായാല്‍ ഉടന്‍ രക്ഷപ്പെടും. എന്നാല്‍, പെട്രോള്‍ ദേഹത്തുതട്ടിയാല്‍ ഇവ ചത്തുപോകും. എന്തായാലും തുരക്കല്‍ വണ്ടിന്റെയും വണ്ടിയുടെയും കാര്യം കഷ്ടത്തിലാക്കും. റബ്ബര്‍ട്യൂബുകള്‍ക്ക് കട്ടികൂട്ടുകയാണ് പോംവഴി.

-വിജയകുമാര്‍ ബ്ലാത്തൂര്‍

(പ്രാണിഗവേഷകന്‍, ശാസ്ത്രലേഖകന്‍)

Content Highlights: camphor shoot borer Beetle annoyance in car petrol pipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented