പലരും ഉപയോഗിക്കുന്നത് തങ്ങളേക്കാള്‍ പ്രായം കൂടിയ സ്‌കൂട്ടറുകളാണെന്നതാണ് രസകരം. 1983 മോഡല്‍ വരെയുള്ള സ്‌കൂട്ടറുകള്‍ കൈവശമുള്ളവരാണ് പലരും. മഞ്ഞയും പച്ചയും കടുംചുവപ്പും കളറുകളടിച്ച് ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന രീതിയിലാണ് സ്‌കൂട്ടര്‍ റീ കണ്ടീഷന്‍ ചെയ്ത് നിരത്തിലിറക്കിയിട്ടുള്ളത്.

ഷ്ടപ്പെട്ട പ്രതാപത്തിന്റെ സ്മൃതികളുമായി എങ്ങോട്ടോ മറഞ്ഞുകഴിഞ്ഞു, ചേതക് സ്‌കൂട്ടറുകള്‍. ഒരുകാലത്ത് റോഡുകളെ അടക്കിവാണിരുന്ന ഈ ഇരുചക്രവാഹനം പുത്തന്‍കൂറ്റുകാരുടെ കുതിരശക്തിക്ക് വഴിമാറി. പക്ഷേ തലമുറകളുടെ വികാരങ്ങള്‍ക്ക് സഹയാത്രികനായ ഈ സ്‌കൂട്ടറിനെ അങ്ങനെയങ്ങ് മറന്നുകളയാന്‍ തയ്യാറല്ല കൊച്ചിയിലെ ന്യൂജെന്‍ യുവത്വം. വിവിധയിടങ്ങളിലുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ പുതുതലമുറ ബൈക്കുകളെ ഉപേക്ഷിച്ച് ചേതക് സ്‌കൂട്ടറില്‍ ചെത്തിനടക്കുന്ന കാഴ്ച എണ്‍പതുകളെയും തൊണ്ണൂറുകളെയും ഓര്‍മിപ്പിക്കുന്നു. 

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവിടവിടെയായി തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് പുതുതലമുറയിലൂടെ ചേതക് സ്‌കൂട്ടറുകള്‍. പഴയനിലയില്‍ രൂപകല്പന ചെയ്ത സ്‌കൂട്ടറിന്റെ വില്‍പ്പന കമ്പനി നിര്‍ത്തിയെങ്കിലും പഴയ സ്‌കൂട്ടറുകള്‍ തപ്പിയെടുത്ത് നിരത്തിലിറക്കുകയാണ് ചേതക്കിനെ പ്രണയിക്കുന്നവര്‍. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളും പറവൂര്‍ സ്വദേശികളുമായ ശരത്ചന്ദ്രനും സാല്‍വിനും ശ്രീജിത്തുമൊക്കെ ചേതക്കിലൂടെയുള്ള യാത്ര ഏറെ സുഖകരമാണെന്ന് പറയുന്നു. ഇവരൊക്കെ ചേര്‍ന്ന് 'സ്‌കൂട്ടേഴ്സ് 42' എന്ന ക്ലബ്ബിനും രൂപം നല്‍കിയിട്ടുണ്ട്.

കൈകൊണ്ട് ഗിയറിട്ട് ഓടിക്കുന്ന സ്‌കൂട്ടറുകള്‍ റോഡുകളിലൂടെ ചീറിപ്പായുമ്പോള്‍ പലരും അദ്ഭുതത്തോടെ നോക്കിനില്‍ക്കാറുണ്ടെന്ന് ക്ലബ്ബിലെ അംഗങ്ങളായ അനൂപും ഗോകുലുമൊക്കെ പറയുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതു പേര്‍ ചേതക് സ്‌കൂട്ടറില്‍ രണ്ടുദിവസത്തെ ബെംഗളൂരു യാത്ര നടത്തി തിരിച്ചെത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞതേയുള്ളു.  

Bajaj Chetak

മൂന്നാറിലും അതിരപ്പിള്ളിയിലുമൊക്കെ സ്‌കൂട്ടറിലാണ് പോകുന്നത്. 95 കി.മീറ്റര്‍ സ്പീഡില്‍ ഏതു കയറ്റവും കയറും. 'ചാര്‍ലി'യിലൂടെ പ്രശസ്തമായ മീശപ്പുലിമല ഒരു പ്രയാസവുമില്ലാതെ ഓടിച്ചുകയറിയതായും യുവാക്കള്‍ പറയുന്നു. (ഓര്‍ക്കുക, ചാര്‍ലിയില്‍ ആദ്യമായി ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കൂട്ടറിലാണ്!) ഏത് ന്യൂജെന്‍ ബൈക്കുകളോടും കിടപിടിക്കാനുള്ള ശേഷി പഴയകാല സ്‌കൂട്ടറുകള്‍ക്കുണ്ടെന്നാണ് വര്‍ഷങ്ങളായി സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന ഫിറോസും നന്ദുവും ശങ്കരനുമൊക്കെ പറയുന്നത്. 

സാന്നിധ്യം കൊണ്ടു തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാകുമെന്നാണ് ഇവരുടെ ആത്മവിശ്വാസം. നല്ല മൈലേജും ആവശ്യത്തിലേറെ പിക്കപ്പുമുണ്ട്. പലരും ഉപയോഗിക്കുന്നത് തങ്ങളേക്കാള്‍ പ്രായം കൂടിയ സ്‌കൂട്ടറുകളാണെന്നതാണ് രസകരം. 1983 മോഡല്‍ വരെയുള്ള സ്‌കൂട്ടറുകള്‍ കൈവശമുള്ളവരാണ് പലരും. മഞ്ഞയും പച്ചയും കടുംചുവപ്പും കളറുകളടിച്ച് ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന രീതിയിലാണ് സ്‌കൂട്ടര്‍ റീ കണ്ടീഷന്‍ ചെയ്ത് നിരത്തിലിറക്കിയിട്ടുള്ളത്. പഴയ സ്‌കൂട്ടര്‍ അലങ്കരിച്ച് കല്യാണച്ചെക്കനും പെണ്ണിനും സഞ്ചരിക്കാനുള്ള സൗകര്യവും പറവൂര്‍ സ്വദേശികളായ ശരത്ചന്ദ്രനും സാല്‍വിനുമൊക്കെ ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. പഴയകാല സ്‌കൂട്ടറുകള്‍ പരമാവധി പൊടിതട്ടിയെടുത്ത് നിരത്തിലിറക്കുന്നതിനുള്ള പ്രോത്സാഹനമാണ് സ്‌കൂട്ടേഴ്സ് 42 ക്ലബ്ബിലൂടെ ഉദ്ദേശിക്കുന്നത്.


ചേതോഹരമായ ചേതക്

ചേതക് സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളുണ്ട്. ഒരുകാലത്ത് സമ്പന്നതയുടെയും പ്രതാപത്തിന്റെയും  അടയാളങ്ങളിലൊന്നായിരുന്നു ഈ സ്‌കൂട്ടറുകള്‍. എന്‍ജിനീയര്‍മാരും ബാങ്ക് ജീവനക്കാരുമൊക്കെ ഇഷ്ടവാഹനമായി കൊണ്ടുനടന്നിരുന്നതും ചേതക്കിനെയാണ്. ഒട്ടേറെ പ്രണയങ്ങള്‍ക്ക് ചേതക് സ്‌കൂട്ടര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കാമുകിമാരുടെ ഹൃദയം കീഴടക്കാനുള്ള ഉപാധിയായിരുന്നു സ്വന്തമായൊരു ചേതക് സ്‌കൂട്ടര്‍.

1978-80 കാലഘട്ടത്തില്‍ ചേതക് സ്‌കൂട്ടറില്‍ കാമ്പസിലെത്തിയിരുന്നവര്‍ക്ക് താര പദവിയാണുണ്ടായിരുന്നതെന്ന് കൊച്ചിന്‍ കോളേജിലെ റിട്ട. പ്രൊഫ. എന്‍.ജി. ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. 'ഞങ്ങളുടെ തലമുറയില്‍പ്പെട്ട ചെറുപ്പക്കാരുടെ പ്രധാന മോഹങ്ങളിലൊന്ന് സ്വന്തമായൊരു ചേതക് സ്‌കൂട്ടര്‍ നേടിയെടുക്കുകയെന്നതായിരുന്നു. പലരും മാര്‍ജിന്‍മണിയുള്‍പ്പെടെ നല്‍കിയാണ് സ്‌കൂട്ടര്‍ സ്വന്തമാക്കിയിരുന്നത്. ഇറക്കുമതി ചെയ്‌തെത്തിയ സ്‌കൂട്ടറുകള്‍ക്കായിരുന്നു വന്‍ ഡിമാന്‍ഡ്.' പഴയകാലത്തെ സ്മാരകംപോലെ ഇപ്പോഴും സ്‌കൂട്ടര്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രൊഫ. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഘടിപ്പിച്ചെത്തിയ ആദ്യ സ്‌കൂട്ടറുകളില്‍ ഒന്ന് ചേതക് സ്‌കൂട്ടറാണ്. ബുക്ക് ചെയ്ത് ഒന്നര വര്‍ഷത്തോളം കാത്തിരുന്നാലായിരുന്നു കൈയില്‍ കിട്ടുക. ചില വിരുതന്‍മാര്‍ ബുക്ക് ചെയ്ത് കിട്ടുമ്പോള്‍ കൂടുതല്‍വിലയ്ക്ക് മറിച്ചുവില്‍പ്പനയും നടത്തിയിരുന്നു. ചേതക് സ്‌കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള പ്രണയങ്ങളും ഒട്ടേറെ. നിരവധി കാമുകന്‍മാര്‍ പ്രണയിനികളുടെ മനംകവര്‍ന്നിരുന്നത് ചേതക് സ്‌കൂട്ടറിന്റെ പിന്‍ബലത്തിലാണെന്നും അക്കാലത്തെ തലമുറയില്‍പ്പെട്ടവര്‍ പറയുന്നു. സ്‌കൂട്ടറിന്റെ പിറകില്‍ കയറിയിരിക്കാന്‍വേണ്ടി മാത്രം പ്രണയിച്ചവരുമുണ്ട്. പടപട ശബ്ദത്തില്‍ പായുന്ന ചേതക്കിനെ നോക്കി അന്തംവിട്ടു നോക്കിനിന്ന സുന്ദരിമാരും ഏറെ.

തവളയുടെ രൂപത്തില്‍ ബോഡി മുന്നോട്ടു തള്ളിയിരിക്കുന്ന പഴയ സ്‌കൂട്ടറില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രസംഗിക്കാന്‍ പോയത് വാഗ്മിയും സി.പി.ഐ. നേതാവുമായ എസ്. രണദിവെ ഓര്‍ക്കുന്നു. ഒരു തളര്‍ച്ചയുമില്ലാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേദിയില്‍ നിന്ന് വേദിയിലേക്ക് പാഞ്ഞെത്തിയതിന് പിന്നില്‍ ചേതക് തന്ന പിന്തുണ ഏറെ വലുതാണെന്നും എസ്. രണദിവെയുടെ സാക്ഷ്യം.

തന്റെ മുന്‍ഗാമിയായിരുന്ന ലാമ്പ്രട്ടയെയും ലാംബിയെയും മറികടന്നാണ് ചേതക് അക്കാലത്തെ യുവാക്കളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. തുടര്‍ന്ന് ഒന്നര ദശാബ്ദകാലത്തോളം കേരളത്തിലെ റോഡുകള്‍ കീഴടക്കിയ ചേതക്കിന് പക്ഷേ പുതുതലമുറ ബൈക്കുകളുടെ വരവോടെ പിടിച്ചുനില്‍ക്കാനായില്ല. തന്റെതന്നെ തലമുറയില്‍പ്പെട്ട ഇറ്റാലിയന്‍ വെസ്പയുടെ വരവോടെയാണ് ചേതക്കിന്റെ ഡിമാന്‍ഡ് കുറയുന്നത്. ആല്‍വിന്‍ പുഷ്പക്കും അവന്തി കെല്‍വിനേറ്ററും വിജയ് സൂപ്പറുമൊക്കെ ചേതക്കും വെസ്പയും ഉള്‍പ്പെടെയുള്ളവയ്ക്ക് വഴിമാറിക്കൊടുത്തു. കാലത്തിന്റെ ചക്രം കറങ്ങിത്തിരിഞ്ഞപ്പോള്‍ അവരെല്ലാം ന്യൂജെന്‍ വാഹനങ്ങള്‍ക്കും...