ന്യൂഡല്‍ഹി: ഡ്രൈവറില്ലാ കാറുകള്‍ അപകടമുണ്ടാക്കിയെന്നിരിക്കട്ടെ, ആര്‍ക്കെതിരെ കേസെടുക്കും? ഡല്‍ഹിയിലെ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ കേന്ദ്ര ഐ.ടി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഉന്നയിച്ച ചോദ്യമാണിത്. രാജ്യം അതേക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതവിടെ നില്‍ക്കട്ടെ. ഇവിടെ വിഷയം വേറെയാണ്. ഡ്രൈവറില്ലാ കാറുകളിലും ഇലക്ട്രിക് കാറുകളിലും വാഹനക്കമ്പനികള്‍ തലങ്ങും വിലങ്ങും പരീക്ഷണം നടത്തുന്ന കാലമാണിത്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ വാഹനനിര്‍മാതാക്കളും ഡ്രൈവറില്ലാ കാറുകളേക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങി. എന്നാല്‍, നമ്മുടെ പാടങ്ങളില്‍ ഡ്രൈവറില്ലാത്ത ട്രാക്ടറുകള്‍ ഉഴുതുമറിക്കുന്നതിനേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാകുമോ? അതും ഇലക്ട്രിക് ട്രാക്ടര്‍. ഇതൊക്കെ ഏതുകാലത്തെന്ന് ചോദിച്ച് നെറ്റിചുളിക്കാന്‍ വരട്ടെ, ആളിങ്ങെത്തിക്കഴിഞ്ഞു.

ഡല്‍ഹിയില്‍ ആരംഭിച്ച ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്സിലെ ഇലക്ട്രോണിക് വില്ലേജിലാണ് മുംബൈയിലെ ഒരുകൂട്ടം യുവാക്കളുടെ സ്റ്റാര്‍ട്ടപ് സംരംഭമായ ഓട്ടോനെക്സ്റ്റ് ഓട്ടോമേഷന്‍ ഇത്തരത്തിലൊരു ട്രാക്ടര്‍ അവതരിപ്പിച്ചത്. 

പറഞ്ഞുകൊടുത്താല്‍ അതേപോലെ ചെയ്യുന്ന ട്രാക്ടര്‍! പ്രോഗ്രാം ചെയ്യുന്നതനുസരിച്ച് അവന്‍ പണിയെടുത്തുകൊള്ളും. ഓട്ടോനെക്സ്റ്റ് സി.ഇ.ഒ. കൗസ്തുഭ് ധോണ്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറിന്റെ സാങ്കേതികവിദ്യയുണ്ടാക്കി പേറ്റന്റ് നേടിയത്. ലോകത്താദ്യമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

self driving tractor
ഫോട്ടോ: സാബു സ്‌കറിയ

എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ട്രാക്ടറില്‍ പ്രോഗ്രാം ചെയ്തുവെക്കാം. പണിയെടുക്കേണ്ട പാടത്തിന്റെ അതിര്‍ത്തിയിലൂടെ ആദ്യം ട്രാക്ടര്‍ ഓടിച്ച് അതിന് കാണിച്ചുകൊടുക്കണം. പിന്നീട് അതിനകത്ത് ഓടി പണിയെടുത്തുകൊള്ളും. സാധാരണ ട്രാക്ടര്‍ ചെയ്യുന്ന ജോലികളെല്ലാം ഓട്ടോനെക്സ്റ്റിനുമാകും.

ഇലക്ട്രിക് ട്രാക്ടറിന് 30 എച്ച്.പി. കരുത്തും 160 എന്‍.എം. ടോര്‍ക്കുമുള്ള മോട്ടോര്‍ ചാര്‍ജ് ചെയ്യാന്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മതി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററോടും. പരമാവധി 25 കിലോമീറ്ററാണ് ജോലിയെടുക്കുമ്പോഴത്തെ വേഗം. റോഡിലൂടെ 45 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ആകെ 1200 കിലോഗ്രാം ഭാരമാണ് ഓട്ടോനെക്സ്റ്റ് വികസിപ്പിച്ച വാഹനത്തിനുള്ളത്.

ഇനി മന്ത്രി രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചതുപോലെ ഡ്രൈവറില്ലാത്ത വാഹനം അപകടമുണ്ടാക്കിയാലോയെന്ന ആശങ്ക ഈ ട്രാക്ടറിന്റെ കാര്യത്തില്‍ വേണ്ട. സെന്‍സറുകള്‍, റഡാര്‍, ജി.പി.എസ്., അള്‍ട്രാസോണിക് സെന്‍സര്‍, ക്യാമറ എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രാക്ടര്‍ ആരെയും ഇടിച്ചുവീഴ്ത്തില്ല. കന്നുകാലികളോ മറ്റോ മുന്നില്‍ വന്നുകുടുങ്ങിയാല്‍ ട്രാക്ടര്‍ നിന്നുകൊള്ളും. നിര്‍മിത ബുദ്ധിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടാണ് വാഹനം നിര്‍മിച്ചത്.

self driving tractor
ഫോട്ടോ: സാബു സ്‌കറിയ

ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറിന്റെ സാങ്കേതികവിദ്യ നല്‍കാന്‍ വിവിധ കമ്പനികളുമായി സംസാരിച്ചുവരികയാണെന്ന് കൗസ്തുഭ് ധോണ്ടെ മാതൃഭൂമിയോട് പറഞ്ഞു. ഇരുപത് മുതല്‍ 100 എച്ച്.പി. വരെ കരുത്തുള്ള ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലത് ഇലക്ട്രിക് എന്‍ജിനായിരുന്നില്ല. ഏതെല്ലാം കമ്പനികളാണ് ഇനി ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറുകള്‍ വിപണിയിലിറക്കുകയെന്ന് കാത്തിരുന്നുകാണാം. 

Content Highlights; AutoNxt Automatation develops electric autonomous tractor