പാതിരാത്രി വീടിന്റെ വാതിലില്‍ മുട്ടിയത് കാക്കിയിട്ട ഉദ്യോഗസ്ഥരാണെന്നറിഞ്ഞപ്പോള്‍ അഖില്‍ ഒന്നു സംശയിച്ചു. ദേശീയപാതയില്‍ തകരാറിലായ, കോവിഡ് രോഗികള്‍ക്ക് ഓക്‌സിജനുമായി വന്ന ടാങ്കര്‍ലോറി നന്നാക്കാനാണ് തന്നെ തേടിയെത്തിയതെന്നറിഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. രാത്രി 12.30-ന്, സഹോദരനോടൊപ്പം ബൈക്കില്‍ പാലിയേക്കരയിലെത്തിയ അഖില്‍ അരമണിക്കൂറിനുള്ളില്‍ ലോറി നന്നാക്കി. 

തലോര്‍ വാലത്ത് കുട്ടിരാമന്റെ മകന്‍ അഖില്‍, മണലിയില്‍ പയനീയര്‍ ഓട്ടോ ഗാരേജ് നടത്തുകയാണ്. ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് തെക്കന്‍ ജില്ലകളിലേക്ക് ഓക്‌സിജനുമായിവന്ന ലോറിയാണ് തകരാറിലായത്. ലോറിക്ക് പൈലറ്റ് വന്നിരുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മെക്കാനിക്കിനെ തേടി പരക്കംപാഞ്ഞു.

ദേശീയപാത നടത്തറയില്‍വെച്ച് വാഹനത്തിന് എയര്‍ ലീക്ക് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, വെളിച്ചക്കുറവ് തിരിച്ചടിയായി. തുടര്‍ന്ന് എമര്‍ജന്‍സി വിളക്ക് തെളിയിച്ച് പാലിയേക്കര വരെയെത്തി. സ്ഥലപരിചയമില്ലാത്ത ലോറി ഡ്രൈവറും മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരും ടി.വി.എസ്. സര്‍വീസ് സെന്ററിലും കെ.എസ്.ആര്‍.ടി.സി. റീജണല്‍ വര്‍ക്ഷോപ്പിലും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. 

അവസാനം തപ്പിത്തടഞ്ഞ് മണലിയിലെ വര്‍ക്ഷോപ്പിലെത്തി. തുടര്‍ന്ന് വര്‍ക്ഷോപ്പ് ഉടമയുടെ വീട്ടിലേക്ക്. ചിന്തിച്ചുനില്‍ക്കാതെ ലോറിക്കടിയിലിറങ്ങിയ അഖില്‍ ലീക്ക് കണ്ടെത്തി. പിറകിലെ മള്‍ട്ടി ആക്‌സില്‍ കോമ്പിനേഷനിലേക്കുള്ള പൈപ്പ് ബ്ലോക്ക് ചെയ്ത് തകരാര്‍ താത്കാലികമായി പരിഹരിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ.മാരായ പ്രവീണ്‍, സനീഷ്, ഡ്രൈവര്‍ അനീഷ് എന്നിവരായിരുന്നു ടാങ്കര്‍ലോറിക്ക് പൈലറ്റ് വന്നത്. പണി കഴിഞ്ഞ് കൂലി നല്‍കിയപ്പോഴും അഖില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു. 'കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജനുമായി പോകുന്ന വണ്ടിയല്ലേ... എനിക്ക് പണിക്കൂലി വേണ്ട..!'

Content Highlights; Automobile Mechanic Akhil Repair Oxygen Tanker 12.30 In Night For Free Of Cost