ഇവിടെ കുടുംബബന്ധങ്ങള്‍ക്ക് ദൃഢതയേറെയാണ്. അതുകൊണ്ടുതന്നെ വലിയ കുടുംബങ്ങളും ഒരുമിച്ചുള്ള യാത്രകളും സാധാരണം. ഒരു വലിയ കുടുംബത്തിന് ഒരുമിച്ച് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ അധികം ഉണ്ടായിരുന്നില്ല ഇവിടെ. ഒരു ഇന്നോവയിലും എര്‍ട്ടിഗയിലും അടുത്തിടെ ഇറങ്ങിയ റിനോ ട്രൈബറിലുമൊതുങ്ങിയിരുന്നു ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെ നിര. ഗ്രേറ്റര്‍ നോയ്ഡയില്‍ നടക്കുന്ന ഇന്ത്യ ഓട്ടോ എക്‌സ്പോയില്‍ ആകര്‍ഷണമായി മാറിയഏഴ് സീറ്റര്‍ എസ്.യു.വി.കളെക്കുറിച്ച്.
കിയ കാര്‍ണിവെല്‍

എം.പി.വി.യുടെ പേര് അന്വര്‍ഥമാക്കുന്നതാണ് കിയയുടെ കാര്‍ണിവെല്‍. ഒരു ഉത്സവം തന്നെയാണതില്‍. കാഴ്ചയിലും ആഡംബരത്തിലും കരുത്തിലും മുമ്പന്‍. അതുകൊണ്ടുതന്നെ വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബുക്കിങ് മൂവായിരം കടന്നു. ഏഴ്, എട്ട്, ഒന്‍പത് സീറ്റുകളുണ്ട് കാര്‍ണിവെലിന്.
വിലയുടെ കാര്യത്തിലാണ് ശരിക്കും അദ്ഭുതപ്പെട്ടത്. 24.90 ലക്ഷം മുതല്‍ 33.95 ലക്ഷം വരെയാണിതിന്. സൗകര്യങ്ങളും ആഡംബരങ്ങളും െവച്ചുനോക്കുമ്പോള്‍ രണ്ടുംകല്‍പ്പിച്ചുള്ള നീക്കമാണിതെന്ന് വ്യക്തമാണ്. മൂന്ന് വേരിയന്റുകളിലാണിത് വരുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍. ബുക്കിങ് ലഭിച്ച മൂവായിരം കാര്‍ണിവെലുകളില്‍ ഭൂരിഭാഗവും ലിമോസിന്‍ മോഡലിനാണ്. ആഡംബരത്തിന്റെ പൂര്‍ണമായ ഈ മോഡല്‍ ഏഴ്, എട്ട് സീറ്റ് ഓപ്ഷനിലാണ് വരുന്നത്. നടുവിലെ നിരയിലും രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണിതില്‍. അതുകൂടാതെ മനോഹരമായ ഇന്റീരിയറില്‍ വലിയൊരു ടെലിവിഷനുമുണ്ട്.
മുകളിലെ വശങ്ങളില്‍ നിന്നാണ് തണുപ്പിന്റെ പ്രവാഹം. സ്ലൈഡിങ് ഡോറാണ് കാര്‍ണിവെലിന്റെ മറ്റൊരു പ്രത്യേകത. അതിനാല്‍ പിന്നിലെ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒട്ടും ബുദ്ധിമുട്ടില്ല. 2.2 ലിറ്റര്‍ വി.ജി.ടി. ഡീസല്‍ എന്‍ജിനാണ് കാര്‍ണിവെലിന്റെ കരുത്ത്. ഇത് 197 ബി.എച്ച്.പി.യും 440 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് സ്‌പോര്‍ട്ട്മാറ്റിക് ട്രാന്‍സ്മിഷനാണിതിനുള്ളത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഇസ്സു എം.യു.എക്‌സ്. എന്നിവയ്ക്ക് ഭീഷണിയായാണ് കാര്‍ണിവെലിന്റെ വരവ്.
എം.ജി.ജി. 10

ചൈനീസ് വിപണിയിലുള്ള മാക്‌സസ് എ10-ന്റെ ഇന്ത്യന്‍ പതിപ്പാണ് എം.ജി. എ10. എന്നാല്‍, പൊതുജനാഭിപ്രായം മാനിച്ചായിരിക്കും വാഹനം വിപണിയിലിറക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ണിവെലിനെ അപേക്ഷിച്ച് വിലക്കുറവാണ് എം.ജി. മുന്നോട്ടുവെയ്ക്കുന്ന കാര്യം. 12 മുതല്‍ 20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. മികച്ച സീറ്റുകള്‍, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, കൂടുതല്‍ ആഡംബരം എന്നിവ ജി 10-നെ വ്യത്യസ്തമാക്കും.
ചൈനീസ് പതിപ്പ് മാക്‌സസ് എ10-ന്റെ എന്‍ജിന്‍ ലൈനപ്പില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍, 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഹെക്ടറിന്റെ എന്‍ജിനുകളാണ് പ്രതീക്ഷിക്കുന്നത്.
ഹൈമ എക്‌സ്

ഇത്തവണ ഇന്ത്യന്‍ കാര്‍വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മറ്റൊരു ചൈനീസ് കമ്പനികൂടിയായ ഹൈമ. അവരുടെ ഹൈമ സെവന്‍ എക്‌സാണ് ഇന്ത്യക്കായി ഒരുക്കിയ എം.പി.വി. ചൈനയില്‍ കഴിഞ്ഞവര്‍ഷമാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള വരവിന്റെ ഭാഗമായി ഇതുകൂടാതെയുള്ള മോഡലുകളും അവതരിപ്പിച്ചിരുന്നു. വ്യത്യസ്തമായ ഗ്രില്ലുകളാണ് ഹൈമയെ വേറിട്ടുനിര്‍ത്തുന്നത്.
ഗ്രില്ലിന് കൂടുതല്‍ ഭംഗിനല്‍കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ചെറിയ ഹെഡ്ലാമ്പുകള്‍, കറുപ്പ് പില്ലറുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. മെഴ്സിഡസ് വാഹനങ്ങളില്‍ കാണുന്ന ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്പ്ലേയും വാഹനത്തിലുണ്ടാവും. വലിപ്പം ഇന്നോവ ക്രിസ്റ്റയെക്കാള്‍ കൂടും.
4,815 എം.എം. നീളം 1,874 എം.എം. വീതി 1,720 എം.എം. ഉയരം, 2,860 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് അഴകളവുകള്‍. ഏഴുപേര്‍ക്ക് ഇരിക്കാവുന്നതായിരിക്കും ഇത്. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ആഗോളവിപണിയിലെ കരുത്ത്്. ഈ എന്‍ജിന്‍ 190 ബി.എച്ച്.പി. കരുത്തും 293 എന്‍.എം. ടോര്‍ക്കും നല്‍കും.
ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണിതിന്. മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. വിലയെക്കുറിച്ചും എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നതിനെക്കുറിച്ചും കമ്പനി മൗനം പാലിക്കുകയാണ്.
മെഴ്സിഡസ് ബെന്‍സ് മാര്‍ക്കോപോളോ

ആഡംബരത്തിന്റെ അടുത്തപടിയായാണ് മാര്‍ക്കോപോളോ അറിയപ്പെടുന്നത്. ഒരു കുടുംബത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും അതിലുണ്ട്. അടുക്കളയും ബെഡ്റൂമും വരെ ഉള്ളിലൊതുക്കിയ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഉള്ളിലെ സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയും. ഡ്രൈവര്‍, കോ-പാസഞ്ചര്‍ സീറ്റുകള്‍ പൂര്‍ണമായും തിരിയുന്നതാണ്. അതിനാല്‍ ഒരു മേശയ്ക്ക് ചുറ്റുമെന്നപോലെ ഇരിക്കാന്‍ കഴിയും. മുകള്‍ ഭാഗം ഉയര്‍ത്താനും പുറത്തേക്ക് ടെന്റ് കെട്ടാനും ഈ വാഹനത്തില്‍ സൗകര്യമുണ്ട്. ഒഴുകുന്ന വീട് എന്നുവേണമെങ്കില്‍ പറയാം. രണ്ട് വേരിയന്റുകളിലാണ് മാര്‍ക്കോപോളോ വരുന്നത്. വി ക്ലാസ് മാര്‍ക്കോപോളോയും മാര്‍ക്കോപോളോ ഹൊറൈസണും.
വീടിനുള്ളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ചെറിയ അടുക്കളയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി കാബിനെറ്റുകളുമുണ്ട്. മടക്കിവെയ്ക്കാന്‍ കഴിയുന്ന ടേബിള്‍ബെഞ്ച് സീറ്റുകള്‍ എന്നിവയും മാര്‍ക്കോപോളോ എഡിഷനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അകത്തളം. പുതിയ എയര്‍കണ്ടീഷന്‍ വെന്റ്സ്, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ് യൂണിറ്റ് എന്നിവയും സെന്റര്‍ കണ്‍സോളില്‍ ചെറിയ കൂളിങ് കംപാര്‍ട്ട്മെന്റുണ്ട്. ഓപ്ഷണലായി വലിയ ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫും ഇടംപിടിച്ചിട്ടുണ്ട്.
ബി.എസ്. 6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 161 ബി.എച്ച്.പി. പവറും 380 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 7എ ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 1.38 കോടിയാണ് വില.
content highlights: Auto Expo seven seater SUVs,kia carnival,MG G10,Haima Automobile,benz marco polo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..