'കാറ്റിന്‍ സ്പീഡില്‍ കൊച്ചിയില്‍ പറന്നി'രുന്ന 'കൊച്ചിയിലെ രാജാ'ക്കന്മാരായിരുന്നു ഓട്ടോക്കാര്‍. നഗരത്തിരക്കിലൂടെ തലങ്ങും വിലങ്ങും കുതിച്ചുപാഞ്ഞിരുന്ന ഓട്ടോറിക്ഷകള്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇടയ്‌ക്കൊന്ന് അനക്കം കിട്ടിയാലായി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും ബ്രേക്ക് ഇട്ടത് ഇവരുടെ ജീവിതത്തിനു കൂടിയാണ്. 

സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും ആളുകള്‍ കയറാത്തതിന്റെ നിരാശയിലാണ് കൊച്ചിയിലെ ഓട്ടോക്കാര്‍. ഡ്രൈവറുടെയും യാത്രക്കാരും തമ്മില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് കാബിന്‍ വേര്‍തിരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. ഓട്ടമില്ലാതെ കഷ്ടപ്പെടുമ്പോഴായിരുന്നു അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ വേര്‍തിരിക്കണമെന്ന നിര്‍ദേശം. 

ഇത് വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ഉള്ളത് മുടക്കി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറ ഉണ്ടാക്കി. നഗരത്തിലെ സ്റ്റാന്‍ഡുകളിലെ 90 ശതമാനത്തിലേറെ ഓട്ടോകളും ഇത്തരത്തില്‍ മറ പിടിപ്പിച്ചാണ് ഓടുന്നത്. 400 മുതല്‍ 500 രൂപ വരെ ഇത് പിടിപ്പിക്കാന്‍ ചെലവായി. എന്നാല്‍, സുരക്ഷ കൂട്ടി ഓട്ടോ സ്റ്റാന്‍ഡില്‍ കൊണ്ടുവന്നിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

എത്ര സുരക്ഷയുണ്ടെങ്കിലും ഓട്ടോയില്‍ കയറാന്‍ യാത്രക്കാര്‍ക്ക് ഭയമാണ്. 250 രൂപയ്ക്ക് താഴെയാണ് നഗരത്തിലെ ഓട്ടോക്കാരുടെ ദിവസവരുമാനം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷമേ യാത്രക്കാരെ കയറ്റാവൂ എന്നാണ് നിര്‍ദേശം. അതിനാല്‍, ആഴ്ചയില്‍ സാനിറ്റൈസര്‍ വാങ്ങാന്‍ 100 രൂപ വേണം.

ഓരോ യാത്ര കഴിഞ്ഞും യാത്രക്കാര്‍ ഇരുന്ന സ്ഥലം തുടച്ചു വൃത്തിയാക്കണം. ഈ ചെലവെല്ലാം കൂട്ടിക്കഴിയുമ്പോള്‍ കിട്ടുന്ന തുച്ഛവരുമാനം പിന്നെയും കുറയും. അക്രിലിക് ഷീറ്റ് പിടിപ്പിക്കാന്‍ 1,000 മുതല്‍ 1,300 രൂപ വരെയാണ് ചെലവ്. നിലവിലെ സ്ഥിതി പരിഗണിച്ച്, അക്രിലിക് ഷീറ്റ് നിര്‍ബന്ധമാക്കേണ്ടെന്നും മറ മാത്രം മതിയെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും നിലപാട്.

സിറ്റി പരിധിയില്‍ പെര്‍മിറ്റുള്ള 4,000 എണ്ണം ഉള്‍പ്പെടെ, 7,500 ഓട്ടോകളായിരുന്നു കോവിഡിന് മുന്പ് ഓടിയിരുന്നത്. ഇപ്പോള്‍ ഭൂരിഭാഗം പേരും ഓട്ടോകള്‍ ഷെഡ്ഡിലിട്ട്, മറ്റു ജോലികള്‍ക്ക് പോകുകയാണ്. ഇടപ്പള്ളി ഭാഗത്ത് സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോകള്‍ വില്‍പ്പനക്ക് നിരത്തിയിട്ടിരിക്കുന്നു. മറ്റു ചിലര്‍ ഓട്ടോകള്‍ വഴിയോര കച്ചവടത്തിനായി ഉപയോഗിക്കുന്നു.

Content Highlights: Auto Drivers Facing Huge Crisis Due To Corona Virus