ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് | ഫോട്ടോ: മാതൃഭൂമി
ഏയ് ഓട്ടോ വിളിക്കും, മൂന്നുചക്ര വണ്ടിയുടെ എന്‍ജിനും ഇനിയല്പം വിശ്രമം. ഡ്രൈവര്‍ മെമ്പറായി. അതിനുപുറമേ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന് അംഗമായ എം.എസ്. ശ്രീകാന്തിന് ഇനി സമയംകളയാനില്ല. നിയുക്ത വൈസ് പ്രസിഡന്റ്, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഓട്ടോറിക്ഷയെ ഉപേക്ഷിച്ചിരുന്നില്ല.
ആബുലന്‍സ് കടന്നുചെല്ലാത്ത കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ കോവിഡ് രോഗികളുമായി ശ്രീകാന്തിന്റെ ഓട്ടോറിക്ഷ കുതിച്ചു. പ്രതിഫലം ആഗ്രഹിക്കാതെയുള്ള യാത്രകള്‍. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ഇതുതുടര്‍ന്നു. വോട്ടഭ്യര്‍ഥന ഏറെയും പി.പി.ഇ. കിറ്റു അണിഞ്ഞുള്ള യാത്രകളില്‍ മാത്രമായി ചുരുങ്ങി.
എന്നാല്‍, ശ്രീകാന്തിനു വേണ്ടി സുഹൃത്തുകളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പ്രചാരണം ഏറ്റെടുത്തു. ഫലം വന്നപ്പോള്‍ പി.പി.ഇ. കിറ്റിനുള്ളിലെ ശ്രീകാന്തിനെ ജനങ്ങളും കൈവിട്ടില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ, സി.പി.ഐ.ക്കാരനായ ശ്രീകാന്തിനെ 681 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അവര്‍ ബ്ലോക്കിലേക്ക് അയച്ചു. യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം വന്ന ബ്ലോക്കില്‍ പിന്നീട് നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിനു ലഭിച്ചു.
കോവിഡിനുമുന്‍പു മഹാപ്രളയസമയത്തും ശ്രീകാന്തും സുഹൃത്തുക്കളും നാടിന്റെ സേവകരായി രംഗത്തുണ്ടായിരുന്നു. കുടിവെള്ളപ്രശ്നങ്ങള്‍ പരിഹരിക്കണം, ചമ്പക്കുളം ആശുപത്രിയില്‍ മുഴുവന്‍സമയ ഡോക്ടറുടെ സേവനം തുടങ്ങിയവയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ശ്രീകാന്ത് പറയുന്നു.
തിരക്കേറുമെങ്കിലും സമയം കിട്ടുമ്പോള്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തന്നെയാണ് ശ്രീകാന്തിന്റെ തീരുമാനം. അതിനൊപ്പം ഉപജീവനത്തിനായി ചെറിയരീതിയില്‍ ഡെക്കറേഷന് വര്‍ക്കുകളുമുണ്ട്. 30 വയസ്സുകാരനായ ശ്രീകാന്ത് ചമ്പക്കുളം പഞ്ചായത്ത് 11-ാം വാര്‍ഡിലാണ് താമസിക്കുന്നത്. ഭാര്യ: ശാലു. മകന്: ഡെന്നീസ്.
Content Highlights: Auto Driver Sreekanth Become Block Panchayath Vice President
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..