
അജിത്ത് തന്റെ ഓട്ടോയിൽ.
മൂവാറ്റുപുഴ ആയവന അഞ്ചല്‍പ്പെട്ടി കവലയില്‍ ചെന്ന് ഓട്ടോ വിളിച്ചാല്‍ ഒരുപക്ഷേ, വണ്ടിയുരുട്ടി വരുന്നത് ഒരു പിഎച്ച്.ഡി.ക്കാരനായിരിക്കും. അതിശയപ്പെടേണ്ട, 'ഓം നമഃശിവായ' എന്നെഴുതിയ ആ ഓട്ടോയിലെ ഡ്രൈവര്‍ മലയാള സര്‍വകലാശാലയുടെ ആദ്യ ഗവേഷണ ബിരുദധാരിയാണ്... കെ.പി. അജിത്ത്.
അവധിദിനങ്ങളില്‍ അഞ്ചല്‍പ്പെട്ടി കവലയില്‍ തന്റെ ഓട്ടോയില്‍ കാണും ഇല്ലായ്മയുടെ പ്രയാസങ്ങളെ വിയര്‍പ്പിറ്റിയ നാളുകള്‍കൊണ്ട് നേരിട്ട്, പഠനമെന്ന വലിയ സ്വപ്നത്തെ പ്രണയിച്ച്, വിജയങ്ങള്‍ സ്വന്തമാക്കിയ മിടുക്കന്. കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് ചരിത്രം അജിത്തിനുവേണ്ടി വഴിമാറിയത്.
മലയാള സര്‍വകലാശാലയുടെ ഓഡിറ്റോറിയത്തില്‍ നടന്ന ഓപ്പണ്‍ ഡിഫന്‍സില്‍, ഡോ. ഷീലാകുമാരി അജിത്ത് കെ.പി.യുടെ 'ജനപ്രിയ സംസ്കാരവും മലയാള നാടകഗാനങ്ങളും' എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്കാന് ശുപാര്‍ശ ചെയ്ത നിമിഷം... ജീവിതത്തിന്റെ നെരിപ്പോടുകളെ ചിരിച്ച് നേരിട്ട അമ്മ ശാന്തമ്മയെ ചേര്‍ത്തുപിടിച്ച് തന്റെ ഗുരുനാഥ ഡോ. ടി. അനിതാകുമാരിയുടെ മുന്നില്‍ അജിത്ത് നിറഞ്ഞ കണ്ണുകളോടെ കൈകള്‍ കൂപ്പി. അജിത്തിന്റെ ജീവിതത്തിന്റെ മാറ്റങ്ങള്‍ക്ക് വഴിതുറന്നിട്ട അധ്യാപകന് ജോബി തോമസും നാട്ടിലെ സുഹൃത്തുക്കളും സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും എല്ലാവരും സാക്ഷിയായി.
ആയവന കാലാമ്പൂര് കക്കാട്ടൂര്‍ പുത്തന്മഠത്തില് പി.വി. ശാന്തയുടെയും കുഞ്ഞുമോന്റെയും മകനാണ് അജിത്ത്. മൂന്നാം മാസത്തില്‍ അമ്മ മാത്രമായി അജിത്തിന് കൂട്ട്. പണിസ്ഥലങ്ങളിലെ തണലിലും അമ്മയുടെ മടിത്തട്ടിലും കഴിഞ്ഞ ബാല്യം. പിന്നീട്, അമ്മ പറമ്പുകളില്‍ കൂലിപ്പണിക്ക് പോകുമ്പോള്‍ ഒറ്റയ്ക്കാക്കപ്പെട്ട കുട്ടിക്കാലം.
നാലാംക്ലാസ് വരെ കാലാമ്പൂര് സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ പഠനം. അഞ്ചു മുതല്‍ പത്തു വരെ വാരപ്പെട്ടി എന്‍.എസ്.എസ്. ഹൈസ്കൂളില്‍. പാറമടയിലും പറമ്പിലും പാടത്തും കിട്ടുന്ന പണിക്കെല്ലാം പോയായിരുന്നു അപ്പോഴൊക്കെ പഠനം. ആദ്യവട്ടം കണക്കില്‍ കുരുങ്ങി പത്താംക്ലാസില്‍ തോറ്റു. പിന്മാറിയില്ല, തോല്ക്കാന് മനസ്സില്ലായിരുന്നു.
ഡ്രൈവറാകാനായിരുന്നു വലിയ മോഹം. ലൈസന്‍സെടുക്കാന്‍ പത്താം ക്ലാസ് ജയിക്കണമായിരുന്നു. സേ പരീക്ഷ എഴുതി... ജയിച്ചു. എസ്.എസ്.എല്‍.സി. കഴിഞ്ഞതോടെ പഠിത്തം നിര്‍ത്തി. ഉച്ചവരെ പാറമടയില്‍ ജോലി. ഉച്ചകഴിഞ്ഞ് വീടിനടുത്തുള്ള സുബൈറിന്റെ കൂടെ പൈങ്ങോട്ടൂരില്‍ മീന്‍ വില്‍പ്പന. പാറമടയ്ക്കപ്പുറത്ത് കൂട്ടുകാര്‍ പഠിക്കാന്‍പോകുന്നത് കണ്ടപ്പോള്‍ ആഗ്രഹവും കുറ്റബോധവും തോന്നി.
മൂവാറ്റുപുഴ ശിവംകുന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു ഹ്യുമാനിറ്റീസിന് ചേര്‍ന്നു. അന്ന് അധ്യാപകനായിരുന്ന സന്തോഷ്കുമാര്‍ തന്റെ മഹാരാജാസ് പഠനകാലത്തെക്കുറിച്ച് പറയുന്നതുകേട്ടാണ് കോളേജില്‍ പഠിക്കാന്‍ ആഗ്രഹം വന്നത്. നാടകവും നാടന്‍പാട്ടും നിറഞ്ഞുനിന്ന മനസ്സുമായി കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സില്‍ ബി.എ. മലയാളം വിദ്യാര്‍ഥിയായത് അങ്ങനെയാണ്.
മൂന്നാംവര്‍ഷ ബി.എ.ക്ക് പഠിക്കുമ്പോഴാണ് ജീവിതവും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഒരു മാര്‍ഗം കണ്ടെത്തണമെന്ന് നിശ്ചയിച്ചത്. പാറമടയിലെ പണികൊണ്ട് കാര്യമില്ല. ഒടുവില്‍, കൂട്ടുകാരുടെ സഹായവും ചെറുസമ്പാദ്യവും ചേര്‍ത്ത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോ വാങ്ങി. കോളേജ് വിട്ടുവരുന്ന വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും അഞ്ചല്‍പ്പെട്ടി കവലയില്‍ ഓട്ടോ ഓടിച്ചുതുടങ്ങുന്നത് അങ്ങനെയാണ്. മുന്‍പും കൂലിക്ക് ഓടിക്കാന്‍ പോയിരുന്നെങ്കിലും സ്വന്തമായി ഒരു വണ്ടി കിട്ടിയതോടെ പഠിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും കുറേക്കൂടി സൗകര്യമായി.
'മൂവാറ്റുപുഴ എസ്.എന്‍. ബി.എഡ്. കോളേജിലെ അധ്യാപകന് 'ജോബി തോമസാ'ണ് എന്റെ ജീവിതത്തെ ഇത്രമേല്‍ മാറ്റിയത്. ആ കണ്ടുമുട്ടലാണ് സമയം നഷ്ടപ്പെടാതെ മലയാള സര്‍വകലാശാലയില്‍ എം.എ.യ്ക്കും പിന്നീട് ഗവേഷണത്തിനും ചേരാന്‍ വഴിയൊരുക്കിയത്. 2015 ഒക്ടോബര്‍ 31-ന് സര്‍വകലാശാലയിലെ ആദ്യ ബാച്ചിലെ അവസാന വിദ്യാര്‍ഥിയായി ഡോ. അനിതകുമാരിയുടെ കീഴില്‍ ഗവേഷണത്തിന് തുടക്കമിട്ടു.
പിന്നീട് പഠനവും ജീവിതവും തമ്മിലുള്ള മത്സരമായിരുന്നു. 2019 ഫെബ്രുവരി 27-ന് പ്രബന്ധം സമര്‍പ്പിച്ചു. മൂല്യനിര്ണയങ്ങള്ക്കൊടുവില് അജിത്തിന്റെ പ്രബന്ധത്തിന് അംഗീകാരം നല്കാന് ശുപാര്‍ശയായി. ജൂലായ് 9 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ മലയാള സാഹിത്യരചനയിലെ അജിത്തിന്റെ പിഎച്ച്.ഡി. സര്‍വകലാശാലയിലെ ആദ്യ ഗവേഷണ പ്രബന്ധമായി. ഇതിന്റെ മൂന്നാം നാള്‍തന്നെ കോളേജധ്യാപക യോഗ്യതയായ യു.ജി.സി. നെറ്റും വിജയിച്ചു.
Content Highlights: Auto Driver Become Doctor; Life Story Of Auto Driver
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..