Image Courtesy: www.audi.in
ഔഗുസ്ത് ഹോഷ് എന്ന ജര്‍മന്‍ എഞ്ചിനീയര്‍ 1899-ല്‍ സ്ഥാപിച്ച കാര്‍ കമ്പനിയിലൂടെയാണ് നാം ഇന്ന് കാണുന്ന 'ഔഡി' കമ്പനിയുടെ ചരിത്രം ആരംഭിക്കുന്നത്. അവിടെനിന്നും തുടങ്ങി ഒട്ടനവധി കൂടിച്ചേരലുകള്‍ക്കും പുനഃസംഘടനയ്ക്കുമൊടുവില് 1965-ലാണ് ഫോക്സ്വാഗന്റെ കയ്യിലൂടെ ഓഡി എന്ന ബ്രാന്‍ഡ് നാം ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഇത്തരത്തില്‍ കൂട്ടിയോജിക്കപ്പെട്ട 'ഓട്ടോ യൂണിയന്' കമ്പനിയെ പ്രതിനിധീകരിക്കുന്ന കൂടിയോജിപ്പിച്ച നാലു വലയങ്ങളാണ് ഓഡിയുടെ ലോഗോ എന്നത് നമ്മളില്‍ പലര്‍ക്കും സുപരിചിതമായ കാര്യമാണ്. പറഞ്ഞു വരുമ്പോള്‍ രണ്ടും ഫോക്സ്വാഗന്റെ സ്വന്തമാണെങ്കിലും രേഖകളില്‍ ഓഡിയുടെ സബ്സിഡിയറി കമ്പനിയാണ് ലംബോര്‍ഗിനി എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്.
ജര്‍മന്‍ ഭാഷയില്‍ 'ഹോഷ്' എന്ന വാക്കിനര്‍ത്ഥം 'ശ്രദ്ധിക്കുക' (to listen) എന്നതാണ് - ഇതേ അര്‍ഥം വരുന്ന 'ഓഡിയെറെ' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഔഡി എന്ന ബ്രാന്‍ഡ് നാമത്തിന്റെ ഉദ്ഭവം. പേരുപോലെത്തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒട്ടനവധി കാറുകള്‍ പുറത്തിറക്കിയ ഔഡി കമ്പനിയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള ഏറ്റവും പുതിയ അവതാരമാണ് ഔഡി എ8എല്‍.
തങ്ങളുടെ ഫ്ളാഗ്ഷിപ് വാഹനമായാണ് എ8നെ ഔഡി വിശേഷിപ്പിക്കുന്നത്. ബെന്‍സ് എസ് ക്ലാസ്സിനോടും ബി.എം.ഡബ്ല്യു-7 സീരീസുമായും വിപണിയില്‍ ഏറ്റുമുട്ടുന്ന മോഡലിന് ആ വിശേഷണം സ്വാഭാവികം മാത്രം. എ8എല്‍ എന്നതിലെ എല്‍ സൂചിപ്പിക്കുന്നത് ലോങ്ങ് വീല്‍ ബേസ് എന്നതാണ്. നിലവില്‍ ഈ വേരിയന്റ് മാത്രമാണ് ലഭ്യമാവുക.
ടെക്നോളജിയിലൂടെ ഒരുപടി മുന്നില്‍നില്‍ക്കുക എന്ന് നിര്‍ബന്ധമുള്ള ഔഡി പുതിയ എ8നെയും ആ തരത്തില്‍ തന്നെയാണ് അണിയിച്ചൊരിക്കിയിട്ടുള്ളത്. നാച്ചുറല്‍ ലാംഗ്വേജ് (പ്രീഡിഫൈന്‍ഡ് വാക്കുകള്‍ ഉപയോഗിക്കാതെ) ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന കാര്‍ ഫീച്ചറുകള്‍, ഒരു ഓപ്പേര ഹാളില്‍ നിന്നുയരുന്ന ശബ്ദത്തിന്റെ അനുഭൂതി നല്കുന്ന ചെയ്യുന്ന ത്രീ ഡി മ്യൂസിക് സിസ്റ്റം എന്നിവ ഇതില്‍ ചിലതുമാത്രമാണ്.
ഔഡി സ്പേസ്ഫ്രെയിം പ്ലാറ്ഫോമില് നിര്‍മിച്ചിരിക്കുന്ന 2020 എ8-ന്റെ എക്സ്റ്റീരിയറിലും, ഇന്റീരിയറിലും കാതലായ മാറ്റങ്ങളാണുള്ളത്. ഔഡിയില്‍ നിന്നെത്തിയിട്ടുള്ള കാറുകളിലുള്ള ഏറ്റവും വലിയ സിംഗിള്‍ഫ്രെയിം ഗ്രില്ലാണ് എ8-ലുള്ളത്. ഗ്രില്ലിന് പുറമെ, ഫോഗ് ലാമ്പുകള്ക്കുച്ചുറ്റിലും വിന്‍ഡോ ഫ്രെയിമിലും, സൈഡ് സ്കെര്ട്ടിനു മുകളിലും, ടെയ്ല് ലാമ്പുകള്ക് ഇടയിലും എക്സ്ഹോസ്റ്റ് ടിപ്പിലും, റിയര്‍ ബമ്പറിന് താഴെയും ക്രോമിന്റെ സാന്നിധ്യമുണ്ട്.
ലോകത്താദ്യമായി കാറുകളില്‍ ഫുള്‍ എല്‍.ഇ.ഡി ഡിആര്‍എല്‍ അവതരിപ്പിച്ചത് ഔഡിയാണ്. ആ പൈതൃകം നിലനിര്‍ത്തി ലേസര്‍ ലൈറ്റോട് കൂടിയ എച്ച്ഡി മാട്രിക്സ് എല്‍.ഇ.ഡി ഹെഡ്ലൈറ്റും, ഒ.എല്‍.ഇ.ഡി കോമ്പിനേഷന്‍ റിയര്‍ ലൈറ്റുകളും എ8-ലും നല്‍കിയിട്ടുണ്ട്. ഡൈനാമിക് എഫക്റ്റോട് കൂടിയ റിയര്‍ കോമ്പിനേഷന്‍ ലൈറ്റ് മറ്റ് ഡിസൈന്‍ ശൈലിയുമായി ചേരുമ്പോള്‍ എ8-ന്റെ പിന്‍ഭാഗമാണ് കൂടുതല്‍ പ്രൗഢി വിളിച്ചോതുന്നത്.

കോണ്‍ട്രാസ്റ്റിംഗ് ഗ്രേ ഫിനീഷിലുള്ള അഞ്ച് സ്പോക് 19 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍ എ8ന് 'സ്പോര്‍ട്ടി ലുക്ക്' സമ്മാനിക്കുന്നു. ഇതിനൊപ്പം ഷോള്‍ഡര്‍ ലൈനുകളും, ഉയര്‍ന്ന ഫ്രന്റ് എന്‍ഡും, ചെരിവ് തോന്നിക്കുന്ന പിന്‍ഭാഗവും, ഫ്ളാറ്റ് റൂഫും വാഹനത്തിന്റെ പ്രൗഢി കൂട്ടുന്നതിനൊപ്പം സ്പോര്‍ട്ടിയുമാക്കുന്നു. തികച്ചും ബിസിനസ് ക്ലാസ് ഉപയോക്താക്കളെ ലക്ഷ്യമാക്കി എത്തിയിട്ടുള്ള ആഡംബര വാഹനമാണ് എ8 എന്ന് നിസംശയം പറയാം.
'ബിസിനസ് റെഡി' ഡിസൈന്‍ ഫിലോസഫി തന്നെയാണ് എ8ന്റെ ഇന്റീരിയറിലും ഔഡി നല്‍കിയിട്ടുള്ളത്. പിന്‍നിരയിലെ സ്പ്ലിറ്റ് സീറ്റ് ഘടനയാണ് ഇന്റീരിയറില്‍ പ്രധാനം. ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റോട് കൂടിയ ഈ വെന്റിലേറ്റ്ഡ് സീറ്റില്‍ മസ്സാജ് ഫങ്ഷന്, അഡ്ജസ്റ്റബിള് ഷോള്‍ഡര്‍ സപ്പോര്‍ട്ട്, ലുമ്പാര്‍ സപ്പോര്‍ട്ട്, മെമ്മറി ഫങ്ഷന്, ഫുട്റെസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ സീറ്റിലെ ഫൂട്ട് മസ്സാജ് ബോര്‍ഡും ഇതിന്റെ ഭാഗമാണ്.
പിന്നിലെ വിന്‍ഡോകളില്‍ ഇലക്ട്രികലി അഡ്ജസ്റ്റബിള് കര്ട്ടന് നല്‍കിയിട്ടുണ്ട്. പിന് സീറ്റുകളിലേക്കും നീളുന്ന വലിയ സെന്‍ട്രല്‍ കണ്‍സോള്‍ എ8-ന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ്. റിയര്‍ ആം റെസ്റ്റ്, സ്റ്റോറേജ് സ്പേസ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, സീറ്റ് കണ്ട്രോളുകള് എന്നിവയോടൊപ്പം പിന് നിരയിലെ എല്ലാ ഫീച്ചറുകളും നിയന്ത്രിക്കവുന്ന ടച്ച് സ്ക്രീന്‍ എന്നിവയടങ്ങുന്നതാണിത്.
സീറ്റുകള്‍ക്കിടയിലെ സ്പേസില്‍ ഒരു ചെറിയ ഫ്രിഡ്ജും നല്‍കിയിട്ടുണ്ട്. മുന്‍ സീറ്റിലെ ഹെഡ്റെസ്റ്റില് മീഡിയ സ്ട്രീമിങ്ങിനും വീഡിയോ കോണ്‍ഫറന്‍സിങ്ങിനും ഉതകുന്ന ഡിറ്റാച്ചബ്ള്‍ ആന്‍ഡ്രോയിഡ് ടാബ്ലറ്റുമുണ്ട്. സെന്‍ട്രല്‍ കണ്‍സോളിലെ വേര്‍പ്പെടുത്താവുന്ന ടച്ച് സ്ക്രീനിലൂടെ പിന്നിലെ മാട്രിക്സ് എല്‍.ഇ.ഡി റീഡിങ് ലാമ്പിലെ വെളിച്ചം ഫോക്കസ് ചെയ്യണമെന്നുവരെ നിയന്ത്രിക്കാന്പറ്റും എന്നറിയുമ്പോഴാണ് എത്ര ആലോചനയോടെയാണ് ഔഡി എ8-ന്റെ പിന്‍നിര ഡിസൈന്‍ ചെയ്തിട്ടുള്ളത് എന്ന് മനസിലാകുക.
റീഡിങ് ലൈറ്റ് കൂടാതെ എല്‍.ഇ.ഡി ഇല്ലുമിനേറ്റഡ് വാനിറ്റി മിററുകളും റൂഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വലിയ ടു സെക്ഷന്‍ പനോരമിക് സണ്‍റൂഫും. ഇവയോടൊപ്പം ആമ്പിയന്റ് ലൈറ്റിങ്ങും, തുടക്കത്തില്‍ സൂചിപ്പിച്ച ഓപ്പേര ഹാള്‍ എഫക്റ്റ് പ്രദാനം ചെയ്യുന്ന ബാങ്ങ് ആന്‍ഡ് ഒലുഫ്സന്റെ 1920 വാട്ട് പ്രീമിയം ത്രീ ഡി സൗണ്ട് സിസ്റ്റവും കൂടിച്ചേരുമ്പോള്‍ ഔഡി എ8-ലെ പിന്‍സീറ്റ് യാത്ര പറഞ്ഞറിയിക്കാന്‍ സാധിക്കാത്തവിധം അനുഭൂതിനല്കുന്നു.

മുന്‍ തലമുറ എ8-ല്‍ നിന്നുമാറി നാലാം തറമുറയിലെ ഇന്റീരിയറിലെയും ഡാഷ്ബോര്‍ഡിലെയും കണ്ട്രോള് ബട്ടണുകള്‍ ഹാപറ്റിക് കണ്ട്രോളുകള്ക്കും, ടച്ച് സ്ക്രീനുകള്‍ക്കും വഴിമാറിയിട്ടുണ്ട്. ഡാഷിലെ 10.1 ഇഞ്ച് എം.എം.ഐ സ്ക്രീന്‍ വഴിയാണ് ഫീച്ചറുകളുടെ നിയന്ത്രണം. ഇതിനു താഴെയായി ക്ലൈമറ്റ് കണ്‍ട്രോളിങ്ങിനായി 8.1 ഇഞ്ച് ടച്ച് സ്ക്രീനാണ് നല്‍കിയിട്ടുള്ളത്. എയര്‍ ക്വാളിറ്റി മോണിറ്ററും, അയോനൈസറുമുള്ള നാല് സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റമാണ് എ8-ലുള്ളത്. പെന്റഗണ്‍ ഷേപ്പില്‍ ഷിഫ്റ്റ് പാഡിലുകളോടുകൂടിയഡ്യുവല് സ്പോക് മള്‍ട്ടിഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീലാണ് എ8-ന്. ഇതിനുപിന്നില്‍ ഔഡിയുടെ സിഗ്നേച്ചര്‍ സ്റ്റൈലിലുള്ള 12.3 ഇഞ്ച് 'വിര്ച്ചല് കോക്പിറ്റ്' ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്ക്രീന്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് എ8-ന്റെ ഹൃദയം. 2995 സിസിയില്‍ 336 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്നത്. ഔഡിയുടെ എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന എ8-ന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്. 48V മൈല്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ സിസ്റ്റത്തിലൂടെ 40 സെക്കന്റ സമയത്തേക്ക് എഞ്ചിന് പവര്‍ ഇല്ലാതെ 'കോസ്റ്റ്' ചെയ്തുപോകാനും അല്ലാത്തപ്പോള്‍ എനര്‍ജി റിക്കവറി നടത്താനും എ8-ന് കഴിയും. അഡാപ്റ്റിവ് എയര്‍ സസ്പെന്‍ഷനും, പ്രെഡിക്റ്റീവ് സിസ്റ്റവും, ഓള് വീല്‍ സ്റ്റീയറിങ്ങും എ8ല്‍ സുഖപ്രദവും ആയാസരഹിതവുമായ യാത്ര ഉറപ്പു തരുന്നു.
ഔഡി പ്രീ സെന്‍സ് ബേസിക് ആന്‍ഡ് ഫ്രന്റ്, അഡ്വാന്‍സ്ഡ് എയര്‍ബാഗ് പ്രൊട്ടക്ഷന്‍ സിസ്റ്റം, എഎസ്ആര്‍ ട്രാക്ഷന്‍ കണ്ട്രോള്, ഇ.എഎസ്.സി, എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോ-മെക്കാനിക്കല്‍ പാര്‍ക്കിങ്ങ്് ബ്രേക്ക് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകളും, പാര്‍ക്കിംഗ് സിസ്റ്റം പ്ലസ്, ഔഡി ഡ്രൈവ് സെലക്ട്, ലേന്‍ ഡിപാര്‍ച്ചര്‍ വാണിംഗ്, ക്യാമറ സിസ്റ്റം എന്നിങ്ങനെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കൊണ്ട് സമ്പന്നമാണ ഔഡി എ8എല്‍ എന്ന വമ്പന്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നതിനാല്‍ 1.56 കോടി രൂപ മുതലാണ് ഔഡി എ8എല്ലിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില തുടങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..