കണ്ണൂര്‍: സുന്ദരസ്വപ്നമായിമാത്രം യാത്രയെ ഒപ്പം കൂട്ടുന്ന കുറെപേരുണ്ട്. അവര്‍ക്കെല്ലാം യാത്ര യാഥാര്‍ഥ്യമാക്കാന്‍ പഠിപ്പിക്കുകയാണ് അശ്വതി.
 
കണ്ണൂരില്‍നിന്ന് ലഡാക്ക് വരെയുള്ള യാത്ര പള്‍സര്‍ 150 ബൈക്കില്‍. 12 വയസ്സില്‍ അച്ഛന്റെ സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്നുവെച്ച ബൈക്ക് അശ്വതിക്ക് ഒരു കൗതുകമായിരുന്നു.
 
ആണുങ്ങളുടെ കൈപ്പിടിയില്‍ മാത്രമേ ഒതുങ്ങൂ എന്ന് വീമ്പടിച്ചിരുന്ന ബൈക്കുകള്‍ക്ക് അത്ഭുതമായി ഈ പെണ്‍കുട്ടി. വീടിന്റെ മുറ്റം പിന്നെ ഇവള്‍ക്ക് ബൈക്ക് ഓടിച്ചുപഠിക്കാനുള്ള സ്ഥലമായി മാറി.
 
അച്ഛന്‍ അനില്‍കുമാറും അമ്മ ലൈലകുമാരിയും അനുജന്‍ അഭിജിത്തും അശ്വതിക്ക് പിന്തുണകൂടി പ്രഖ്യാപിച്ചപ്പോള്‍ സംഗതി കേമമായി. യമഹ ബൈക്കില്‍ തുടങ്ങിയ യാത്ര ഇന്ന് പള്‍സര്‍ 150-ല്‍ സഞ്ചാരം തുടരുമ്പോള്‍ ആകെ മാറ്റംവന്നത് കൂടെ പിന്തുണയുമായി കുറച്ചുപേര്‍ കൂടി എന്നതുമാത്രമാണ്.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയത്തിലെ നായകന്‍ സന്തോഷിനെ എന്നത്തേക്കുമായി അശ്വതി കൂടെക്കൂട്ടി. അശ്വതി അനില്‍കുമാര്‍ എന്ന പേര് അശ്വതി സന്തോഷ് ആയി മാറി.
 
അശ്വതിയുടെ സ്വപ്നങ്ങളുടെ ഭാഗമാകാന്‍ സന്തോഷും മകള്‍ മൂന്ന് വയസ്സുകാരി ഗയ കൂടി ചേര്‍ന്നു. 14 ജില്ലകളിലും യാത്രയെ പ്രണയിക്കുന്നവര്‍ക്കായി തുടങ്ങിയ യാത്രകള്‍ റൈഡേഴ്സ് ക്ലബ്ബില്‍ അംഗമായതോടെ സഞ്ചാരത്തിന്റെ എണ്ണവും കൂടി.
 
വി.വിപീഷും അസ്‌കര്‍ അഹമ്മദും ചേര്‍ന്ന് തുടങ്ങിയ ക്ലബ്ബില്‍ വന്നതാണ് യാത്രകള്‍ക്ക് മാറ്റം നല്കിയതെന്ന് അശ്വതി. ലഡാക്ക് യാത്ര കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. യാത്രയെന്ന വാതില്‍ തുറന്നിടുക. സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങാതിരിക്കുക.