ന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് വ്യോമസേനയ്ക്കായി ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനം (എല്‍.ബി.പി.വി.) കൈമാറി. സേനയുടെ കവചിത വാഹനങ്ങളിലേക്ക് ആദ്യമായാണ് ലെയ്‌ലാന്‍ഡ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിനായി വലിയ ലോജസ്റ്റിക്‌സ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുമ്പും അശോക് ലെയ്‌ലാന്‍ഡ് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

ലോക്ക്ഹീഡ് മാര്‍ട്ടിന്റെ (എല്‍.എം.) കോമണ്‍ വെഹിക്കിള്‍ നെക്‌സ്റ്റ് ജനറലിന്റെ (സി.വി.എന്‍.ജി) പുതുക്കിയ പതിപ്പായാണ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനം വ്യോമസേനയില്‍ എത്തിയിട്ടുള്ളത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഈ വാഹനം സേനയുടെ കവചിത വാഹനങ്ങളില്‍ ഇടം നേടിയതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 13-നാണ് അശോക് ലെയ്‌ലാന്‍ഡ് ഈ വാഹനം സേനയ്ക്ക് നല്‍കിയത്.

ഇന്ത്യന്‍ സേനയ്ക്കായി വാഹനം കൈമാറാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ലെയ്‌ലാന്‍ഡ് ടീമിന്റെ കാര്യക്ഷമതയുടെ മറ്റൊരു ഉദാഹരണമായാണ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനത്തെ കാണുന്നത്. ഏത് പ്രതലത്തെയും ഏത് കഠിനമായ സാഹചര്യത്തെയും തരണം ചെയ്യാനുള്ള ശേഷിയുള്ള വാഹനമാണിതെന്നാണ് പ്രതീക്ഷിക്കുന്നത്. സേനയുമായി സഹകരിക്കാന്‍ ഭാവിയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ലെയ്‌ലാന്‍ഡ് മേധാവി പറഞ്ഞു.

പ്രതിരോധ സേനയ്ക്കായി 4X4, 12X12 വാഹനങ്ങള്‍ നിര്‍മിക്കാനും സൈന്യത്തിന്റെ വിശ്വസ്തരായ പങ്കാളികളാകാനും ലെയ്‌ലാന്‍ഡിന് സാധിച്ചിട്ടുണ്ട്. 2014-ല്‍ സി.വി.എന്‍.ജി. പ്രോഗ്രാമിലൂടെയാണ് ലോക്ക്ഹീഡ് മാര്‍ട്ടിനുമായുള്ള ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ കരുത്തരായ കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യയിലും വിദേശത്തും എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ലെയ്‌ലാന്‍ഡ് സി.ഒ.ഒ. അഭിപ്രായപ്പെട്ടു.

ചെളി, മണല്‍, പാറ തുടങ്ങി ഏത് പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന പേ ലോഡിനൊപ്പ്ം ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതും ആയുധങ്ങളും മറ്റും സൂക്ഷിക്കാനുള്ള സംവിധാനവും ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. ബാലിസ്റ്റിക് സ്‌ഫോടനങ്ങളില്‍ നിന്ന് സുരക്ഷയൊരുക്കുന്നതിനൊപ്പം മറ്റ് സുരക്ഷ സംവിധാനങ്ങളും ലെയ്‌ലാന്‍ഡ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights: Ashok Leyland Delivers Light Bullet Proof Vehicles to Indian Air Force