ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമയായ ലൂസിഫർ കണ്ടിട്ടുള്ള വാഹനപ്രേമികളാരും അതിലെ KLQ 666 നമ്പറിലുള്ള വില്ലീസ് ജീപ്പ് മറന്നിരിക്കാൻ ഇടയില്ല. മുന്നിൽ നെടുമ്പള്ളി എന്നെഴുതിയ ഈ വില്ലീസ് സിനിമയിൽ നായകനോളം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വില്ലീസിന്റെ മിനിയേച്ചർ പതിപ്പ് ഒരുക്കിയിരിക്കുകയാണ് ഇടുക്കി സ്വദേശിയായ അരുൺ കുമാർ പുരുഷോത്തമൻ എന്നയാൾ.

ഈ നെടുമ്പള്ളി ജീപ്പ് വെറും കളിപ്പാട്ടമാണെന്ന് തെറ്റിധരിക്കേണ്ട, ഐതിഹാസിക വില്ലീസ് ജീപ്പുകളെ പോലും വെല്ലുന്ന ഡിസൈനിൽ ബാറ്ററിയുടെ കരുത്തിൽ ഒരു കുട്ടിക്ക് ഓടിക്കാൻ കഴിയുന്ന കുഞ്ഞൻ വാഹനമെന്ന് വേണം ഈ മിനിയേച്ചറിനെ വിശേഷിപ്പിക്കാൻ. കൊല്ലം അഞ്ചൽ സ്വദേശിയായ അമൃതേഷ് എന്ന10 വയസുകാരന് വേണ്ടിയാണ് ഈ വില്ലീസ് ഒരുങ്ങിയിരിക്കുന്നത്. അരുണിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളായ മഞ്ജുനാഥ് സി.കെ, സിജേഷ് പൊയ്യില്‍ തുടങ്ങിയ എട്ടോളം പേരാണ് ഈ വാഹനം നിര്‍മിക്കുന്നതിനുള്ള ചെലവ് വഹിച്ചിരിക്കുന്നത്.

മുമ്പ് അരുൺകുമാർ തന്റെ മക്കൾക്കായി നിർമിച്ച സുന്ദരി എന്ന ഓട്ടോയുടെ മിനിയേച്ചർ പതിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷമാണ് അമൃതേഷ് നെടുമ്പള്ളി ജീപ്പ് വേണമെന്ന ആഗ്രഹം അരുണിനെ അറിയിച്ചത്. ഇടുക്കി ജില്ലാ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്ന അരുൺ, ഒഴിവ് സമയങ്ങളിൽ നിർമിച്ച ഈ വാഹനം ഏഴ് മാസം കൊണ്ടാണ് പൂർത്തിയായത്.

നല്ല ബലുമുള്ള തകിടിലാണ് ഈ കുഞ്ഞൻ വില്ലീസ് ജീപ്പ് ഒരുങ്ങിയിരിക്കുന്നത്. ജിഐ ആംഗ്ല്വർ പൈപ്പ് വെൽഡ് ചെയ്താണ് ഇതിലെ പ്ലാറ്റ്ഫോം തീർത്തിട്ടുള്ളത്. സുഖയാത്രയൊരുക്കുന്നതിനായി സാധാരണ ജീപ്പുകളിൽ നൽകിയിട്ടുള്ള പ്ലേറ്റ് നാലായി മുറിച്ച് അതിൽ സ്പ്രിങ്ങും നൽകിയാണ് ഈ മിനിയേച്ചർ ജീപ്പിന്റെ ഷോക്ക് അബ്സോർബേഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്.

മുന്നിൽ ഡ്രൈവറിന് ഒരു സീറ്റും പിന്നിൽ നീളത്തിലുള്ള സീറ്റുകളും നൽകിയാണ് അകത്തളം രൂപപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയിൽ യഥാർഥ വില്ലീസിനെക്കാൾ കേമനാണ് ഈ കുഞ്ഞൻ വില്ലീസ്. മൊബൈൽ ചാർജിങ്ങ് സംവിധാനവും മ്യൂസിക് സിസ്റ്റവും ഈ വില്ലീസിന്റെ പ്രത്യേകതയാണ്. സാധാരണ വാഹനങ്ങളിലേത് പോലെ ലൈറ്റുകളും ഇൻഡിക്കേറ്ററുകളും ഈ കുഞ്ഞൻ വാഹനത്തിലും നൽകിയിട്ടുണ്ട്.

ടയറുകളും സ്റ്റിയറിങ്ങ് സംവിധാനവും അരുൺ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്. തടി ഉപയോഗിച്ച് ടയർ ഉണ്ടാക്കിയ ശേഷം ഇതിൽ റീസോൾ ചെയ്യാൻ സാധിക്കുന്ന റബർ ആവരണം നൽകുകയായിരുന്നു. ഇതിൽ ബയറിങ്ങുകൾ നൽകി ആക്സിലുകളുമായി ബന്ധിപ്പിച്ചാണ് ഈ വാഹനത്തിലെ നാല് ടയറുകളും ഒരുക്കിയിട്ടുള്ളത്.

വളരെ ചെറിയ വാഹനമായതിനാൽ തന്നെ റാക്ക് ആൻഡ് പിനിയൻ സാങ്കേതികവിദ്യയിൽ അരുൺ തന്നെയാണ് ഇതിലെ സ്റ്റിയറിങ്ങ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ന്യൂട്രൽ, ഡ്രൈവ്, റിവേഴ്സ് എന്നീ ഗിയറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. യഥാർഥ വാഹനങ്ങളിലേത് പോലെ ഗിയർ ലിവർ, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയും വാഹനം നിയന്ത്രിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്.

24 വോൾട്ട് ഡിസി മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് സ്പോക്കറ്റിലൂടെ പിന്നിലെ ആക്സിലിലേക്ക് നൽകിയാണ് ഈ വാഹനത്തിന്റെ ചലനം സാധ്യമാക്കുന്നത്. ബോണറ്റിനുള്ള 12 വോൾട്ടുള്ള രണ്ട് ബാറ്ററികൾ നൽകിയിട്ടുണ്ട്. ഈ രണ്ട് ബാറ്ററികൾക്കുമായി രണ്ട് ചാർജിങ്ങ് പോർട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. വയറിങ്ങ് സംവിധാനങ്ങളും ബോണറ്റിൽ സുരക്ഷിതമാണ്.

സോഫ്റ്റ് ബോഡി ടൈപ്പിലാണ് ഈ ജീപ്പ് ഒരുങ്ങിയിരിക്കുന്നതെങ്കിലും മുകളിലെ പടുത മാറ്റാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ഡ്രൈവിങ്ങ് സീറ്റിനടിയിലായാണ് ടൂൾ ബോക്സിന്റെ സ്ഥാനം. ഈ വാഹനത്തിന് ആവശ്യമായ ടൂൾസ്, ജാക്കി തുടങ്ങിയവ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഈ വാഹനം ഏറെ വൈകാതെ അമൃതേഷിന് കൈമാറുമെന്നാണ് അരുൺ കുമാർ പറയുന്നത്.

Content Highlights:Arunkumar Purushothaman Develops Lucifer Model Jeep WillysMiniature