ഈ ഓട്ടോറിക്ഷ വെറുമൊരു കളിപ്പാട്ടം മാത്രമാണെന്ന് തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരച്ഛന്‍ തന്റെ മക്കള്‍ക്ക് കളിക്കാനായി സ്വന്തമായി നിര്‍മിച്ചെടുത്ത ബാറ്ററിയിലോടുന്ന മിനി ഓട്ടോറിക്ഷയാണിത്. പേര് സുന്ദരി. ഏയ് ഓട്ടോ എന്ന മോഹൻലാൽ ചിത്രത്തിലെ ഓട്ടോയാണ് സുന്ദരി. നമ്പറും അതു തന്നെ; KL-11-636.
വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും മുന്‍നിര കമ്പനികള്‍ വിപണിയില്‍ വിറ്റഴിക്കുന്ന യഥാര്‍ഥ ഓട്ടോറിക്ഷകളിലെ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഈ ഹൈടെക് ഓട്ടോയിലുണ്ട്. മുന്നില്‍ കുട്ടി ഡ്രൈവര്‍ക്കും പിന്നില്‍ രണ്ട് കുട്ടികള്‍ക്കും സുഖമായി യാത്ര ചെയ്യാവുന്ന അസ്സലൊരു കുഞ്ഞന്‍ ഓട്ടോറിക്ഷയാണിത്.
തൊടുപുഴ സ്വദേശിയായ അരുണ്‍ കുമാറാണ് ഓട്ടോയുടെ ശില്പി. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്‌സായ അരുണ്‍ കുമാര്‍ നഴ്‌സിങ് ജോലിയിലെ ഇടവേളകള്‍ക്കിടയിലാണ് തന്റെ സ്വപ്‌നമായിരുന്ന ഹൈടെക് ഓട്ടോ യാഥാര്‍ഥ്യമാക്കിയത്. മക്കളായ മാധവിനും കേശിനിയ്ക്കും വീട്ടുമുറ്റത്ത് സുഖമായി സവാരി നടത്താനാണ് അരുണ്‍ ഓട്ടോ നിര്‍മിച്ചെടുത്തത്. കട്ട വാഹന പ്രേമിയായ അരുണ്‍ ബാറ്ററിയിലോടുന്ന ഒരു ഓപ്പണ്‍ ജീപ്പ്, ബുള്ളറ്റ് മോഡലുകളും തന്റെ കുട്ടികള്‍ക്കായി നേരത്തെ നിര്‍മിച്ചെടുത്തിരുന്നു.
അരുണിന്റെ ഏഴര മാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സുന്ദരി ഓട്ടോയുടെ പിറവി. വീട്ടില്‍ നിന്നും മറ്റും ലഭിച്ച പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് സുന്ദരിയുടെ എല്ലാ പാര്‍ട്ടുകളും നിര്‍മിച്ചത്. ഹെഡ്‌ലൈറ്റ്, ഇന്‍ഡികേറ്റര്‍, കിക്കര്‍, ഹാന്‍ഡില്‍ ബാര്‍, വൈപ്പര്‍, ഹോണ്‍, കണ്ണാടി, സീറ്റുകള്‍, ഫസ്റ്റ് എയിഡ് കിറ്റ്, മീറ്റര്‍ ബോക്‌സ് തുടങ്ങി യഥാര്‍ഥ ഓട്ടോറിക്ഷകളിലെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള കാര്യങ്ങളുണ്ട് ഈ സുന്ദരിയില്‍. എന്തിന്, യുഎസ്ബി കണക്റ്റ് ചെയ്യാനും മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും വരെ സ്ലോട്ടുകളുണ്ട്.
പാട്ട് കേട്ട് സവാരി നടത്താന്‍ കുഞ്ഞന്‍ മ്യൂസിക് സിസ്റ്റവും സുന്ദരിയില്‍ റെഡിയാണ്. ഓട്ടോയെ അല്‍പം മോടിയാക്കാന്‍ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രവും അകത്ത് നല്‍കിയിട്ടുണ്ട്. എന്തായാലും ഇവയെല്ലാം ചേര്‍ന്ന കിടിലനൊരു ഓട്ടോ സ്വന്തമാക്കിയ ത്രില്ലിലാണ് തന്റെ കുട്ടികളെന്ന് അരുണ്‍ കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സുന്ദരി ഓട്ടോയുടെ നിര്‍മാണം മുതല്‍ കന്നി ഓട്ടം വരെയുള്ള മുഹൂര്‍ത്തങ്ങള്‍ ചിത്രീകിച്ച് ഒരു ട്രെയിലര്‍ വീഡിയോയും അരുണ്‍ സ്വന്തമായി തയ്യാറാക്കിയിട്ടുണ്ട്.
24 വോള്‍ട്ട് ഡിസി മോട്ടോറും 24 വോള്‍ട്ട് ബാറ്ററിയുമാണ് വാഹനത്തിന്റെ ഹൃദയഭാഗം. 60 കിലോയോളം ഭാരമുള്ള ഓട്ടോയില്‍ ഏകദേശം 150 കിലോഗ്രാം വരെ ഭാരം താങ്ങി സവാരി നടത്താനും സാധിക്കുമെന്ന് അരുണ്‍ പറയുന്നു. സണ്‍ഡയറക്ടിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം. പഴയ സ്റ്റൗവിലെ മെറ്റല്‍ ഭാഗം അടിച്ചുപരത്തിയാണ് ഓട്ടോയുടെ ബേസ് ഒരുക്കിയത്. 12 വോള്‍ട്ട് ഡിസി മോട്ടോറില്‍ പ്രവര്‍ത്തിക്കുന്നതാണ് വൈപ്പര്‍. ഹെഡ്‌ലൈറ്റ്, ഇന്‍ഡികേറ്റര്‍, ഇന്റീരിയര്‍ ലൈറ്റ്, പാര്‍ക്ക് ലൈറ്റ്, ഹോണ്‍ എന്നിവയ്‌ക്കെല്ലാം അകത്ത് സ്വിച്ചുകളുണ്ട്. വാച്ച് ബോക്‌സ് ഉപയോഗിച്ചാണ് പിന്നിലെ സ്പീക്കര്‍ സെറ്റ്.
വൃത്താകൃതിയില്‍ തടി കട്ട് ചെയ്ത ശേഷം റീസോളിങ് ടയര്‍ മെറ്റീരിയല്‍ ഒട്ടിച്ചാണ് ടയര്‍ ഒരുക്കിയത്. ചെറിയ സസ്‌പെന്‍ഷന്‍ സംവിധാനവും വാഹനത്തിലുണ്ട്. ആക്‌സലറേറ്ററിനൊപ്പം ഫോര്‍വേര്‍ഡ്, റിവേഴ്‌സ്, ന്യൂട്രെല്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ നിയന്ത്രിക്കാവുന്ന ഗിയര്‍ ലിവറും അകത്തുണ്ട്. കുട്ടികള്‍ക്കുള്ള വാഹനമായതിനാല്‍ തന്നെ സുരക്ഷാ കാര്യങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. തടി കട്ട് ചെയ്യുന്ന വാളിന്റെ ഭാഗം ഉപയോഗപ്പെടുത്തി സൈക്കിളിലെ ഡിസ്‌ക് ബ്രേക്ക് മെക്കാനിസമാണ് സുരക്ഷയ്ക്കായി നല്‍കിയിരികുന്നത്. ബ്രേക്ക് പെഡലില്‍ കാല്‍ അമര്‍ത്തിയാല്‍ പിന്നിലെ ബ്രേക്ക് ലൈറ്റ് കത്താനും അരുണ്‍ കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ധന ഓട്ടോകള്‍ക്ക് സമാനമായ രീതിയില്‍ സുന്ദരിയുടെ പിന്‍ഭാഗം ഓപ്പണ്‍ ചെയ്താണ് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനം.
കട്ട മോഹന്‍ലാല്‍ ഫാന്‍ കൂടിയായ അരുണ്‍ ഇനി സ്ഫടികം സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ലോറിയുടെ മാതൃകയില്‍ ഒരു സ്ഫടികം ലോറി നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഴ്‌സായ ഭാര്യയും അരുണിന് പുര്‍ണ്ണ പിന്തുണ നല്‍കുന്നു. ഇത്തരം കുഞ്ഞു വാഹന നിര്‍മാണവും നഴ്‌സിങ് ജോലിയിലെ തിരക്കുകള്‍ക്കും പുറമേ കിടപ്പിലായ നിര്‍ധന രോഗികള്‍ക്ക് ചെറിയ ചെലവില്‍ ഒരു ഇലക്ട്രിക് വീല്‍ ചെയര്‍ നിര്‍മിച്ചെടുക്കാനുള്ള ആഗ്രഹവും അരുണിന്റെ മനസ്സിലുണ്ട്. ഒരു സ്‌പോണ്‍സറെ കിട്ടിയാല്‍ ഈ ആഗ്രഹം എത്രയും വേഗം നടപ്പാക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അരുണ്‍ പങ്കുവയ്ക്കുന്നു...
Content Highlights; Arun kumar made a full option autorickshaw for his kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..