ജസീലയുൾപ്പെട്ട അതിർത്തി രക്ഷാസേന സീമാഭവാനി സംഘത്തിന്റെ സഞ്ചരിക്കുന്ന പിരമിഡ് അഭ്യാസപ്രകടനം, ഇൻസൈറ്റിൽ ജസീല | ഫോട്ടോ: മാതൃഭൂമി
രാജ്യത്തിന്റെ അതിര്‍ത്തി രക്ഷാസേനയുടെ സീമാഭവാനിസംഘം ചൊവ്വാഴ്ച ബുള്ളറ്റില്‍ നടത്തിയ അഭ്യാസപ്രകടനം ചരിത്രം സൃഷ്ടിച്ചപ്പോള്‍ കേരളത്തിന് അഭിമാനിക്കാം-ചരിത്രനേട്ടത്തില്‍ ഒരു മലയാളി വനിതയുമുണ്ടെന്ന്. സംഘത്തിലെ 39 അംഗങ്ങളുടെ പ്രകടനം ലിംകാ ബുക്ക് ഓഫ് റെക്കോഡിലേക്ക് കയറുമ്പോള്‍ നീലേശ്വരം ചായ്യോത്തെ ടി. ജസീലയുടെ പേരും ചരിത്രത്തിന്റെ ഭാഗമായി.
സീമാഭവാനിയിലെ 39 അംഗങ്ങള്‍ ഒന്‍പത് റോയല്‍ എന്‍ഫീല്‍ഡ് 350 സി.സി. മോട്ടോര്‍ സൈക്കിളുകളിലായി പിരമിഡ് രൂപത്തില്‍ അണിനിരന്ന് രണ്ട് മിനിട്ട് 10 സെക്കന്‍ഡ് കൊണ്ട് 1.3 കിലോമീറ്റര്‍ രാജ്യതലസ്ഥാനമായ കര്‍ത്തവ്യപാത്തിലൂടെ സഞ്ചരിച്ചായിരുന്നു അഭ്യാസപ്രകടനം. സിആര്‍പി.എഫ്. സ്ഥാപിച്ച റെക്കോഡാണ് ഈ സംഘം മറികടന്നത്. 2017 മുതല്‍ തുടങ്ങിയതായിരുന്നു പരിശീലനം.
പ്രതിസന്ധികള്‍ ഊര്‍ജമാക്കിയവള്‍
ചുറ്റിലുമുണ്ടായിരുന്ന എതിര്‍പ്പുകളെയും അടക്കം പറച്ചിലുകളെയും അതിജീവിച്ച് രാജ്യത്തിന്റെ കാവലാളായി നടന്നുകയറിയ ധീരവനിതയാണ് ജസീല. പഞ്ചിമ ബംഗാളില്‍ മൂന്നുവര്‍ഷമായി ബി.എസ്.എഫിലെ ജെ.ഡി. കോണ്‍സ്റ്റബിളായ ജസീല കഠിനപരിശ്രമം കൊണ്ടുമാത്രമാണ് സീമാഭവാനി സംഘത്തിലെത്തിയത്. ചായ്യോത്തെ മറിയത്തിന്റെ മകളാണ് ജസീല.
ഭര്‍ത്താവ് മുഹമ്മദിന്റെ വേര്‍പാടിലും രണ്ടുമക്കളെ വളര്‍ത്താന്‍ കൂലിപ്പണിയും വീട്ടുജോലിയുമെടുത്ത് അന്നം കണ്ടെത്തിയ ഉമ്മയില്‍നിന്നാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ ജസീലയും സഹോദരി സബീനയും പഠിച്ചത്. 'ചുറ്റിലുമുള്ള എതിര്‍പ്പുകള്‍ക്കിടയിലും ഉമ്മയുടെ കഷ്ടപ്പാട് മാത്രമായിരുന്നു ഇതുവരെ എത്താനുള്ള മനസ്സിലെ ഊര്‍ജം -'ജസീല പറഞ്ഞു'.
പഠിക്കാന്‍ മോശമല്ലായിരുന്നു, സാമ്പത്തിക പ്രതിസന്ധി കാരണം ബി.എ. സോഷ്യോളജി പഠനം പാതിവഴിയില്‍ നിര്‍ത്തി സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്തു. ഇതിനിടയില്‍ കൂട്ടുകാരി ശ്രുതി ജയന്‍ 2015-ല്‍ ബി.എസ്.എഫ്. തിരഞ്ഞെടുപ്പിലേക്കുള്ള അപേക്ഷയയച്ചതാണ് ജീവിതത്തിന്റെ ഗതി മാറ്റിയത്. ആദ്യനിയമനം ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു. കമാന്‍ഡോ ആകുകയാണ് സ്വപ്നമെന്ന് ജസീല പറഞ്ഞു.
Content Highlights: army exercise bullet performance won Limca Book of Record, team includes a Kerala women
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..