സ്‌കൂട്ടര്‍ എന്ന് കേള്‍ക്കുമ്പോഴെ പൊതുവെ ഹ്രസ്വദൂര യാത്രകള്‍ക്കുള്ള കരുത്തില്ലാത്ത ഇരുചക്ര വാഹനമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ആ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയായ അപ്രീലിയ പുറത്തിറക്കിയ പുതിയ സ്‌കൂട്ടറാണ് അപ്രീലിയ എസ്.ആര്‍ 150. ഒറ്റ നോട്ടത്തില്‍ ഒതുങ്ങിയ രൂപത്തിലുള്ള ഒരു വാഹനം, എന്നാല്‍ എഞ്ചിന്‍ കരുത്ത് ബൈക്കുകളെ വെല്ലാന്‍ മാത്രമുണ്ട് താനും.  

എസ്.ആര്‍ 150 ടെസ്റ്റ് ഡ്രൈവ് വീഡിയോ...

6.5 ലിറ്ററിന്റെതാണ് ഫ്യുവല്‍ ടാങ്ക്, എന്നാല്‍ ഇന്ധന ക്ഷമത അല്‍പ്പം നിരാശപ്പെടുത്തുന്നു, 35-38 കിലോ മീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

റേസിങ് ട്രാക്കില്‍ ചീറിപായുന്ന അപ്രീലിയ സൂപ്പര്‍ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവാക്കളെ ലക്ഷ്യമിട്ട് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ മോഡലാണ് എസ്.ആര്‍ 150. അപ്രീലിയ ആദ്യമായി രാജ്യത്തെത്തിക്കുന്ന സ്‌കൂട്ടര്‍ പവറിലും ഡിസൈനിലും ഇന്നുവരെ കണ്ട സ്‌കൂട്ടറുകളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ്. ആര്‍.എസ്.വി 4 സൂപ്പര്‍ ബെക്കിനോട് ചേര്‍ന്നുനില്‍ക്കുന്ന രൂപഭംഗിയിലാണ് സ്‌കൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്. 

  • ഡിസൈന്‍

ആളൊരു പവര്‍ഫുള്‍ സ്‌കൂട്ടറാണെങ്കിലും മൊത്തത്തില്‍ ഒതുങ്ങിക്കൂടിയ രൂപത്തിലാണ് എസ്.ആര്‍ 150. മുന്‍ വശത്തെ ഡബിള്‍ ബാരല്‍ ഹെഡ് ലൈറ്റ് സ്‌കൂട്ടറിന്റെ പ്രൗഢി വിളിച്ചോതുന്നതാണ്. ഇതിനൊപ്പം ചെറിയ മഡ്ഗാഡ്, ഹാന്‍ഡില്‍ ബാറില്‍ നല്‍കിയ ഇന്‍ഡികേറ്റര്‍, 5 സ്‌പോക്ക് 14 ഇഞ്ച് റിം, അപ്രീലിയ ലോഗോ എന്നിവയാണ് മുന്‍വശത്തെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഹെഡ് ലൈറ്റില്‍ ഒരെണ്ണം മാത്രമേ ഒരു സമയം പ്രവര്‍ത്തിക്കുകയുള്ളു എന്നത് പോരായ്മയാണ്. കറുപ്പും ചുവപ്പും ചേര്‍ന്ന ഡ്യുവല്‍ ടോണ്‍ സീറ്റിന് മികച്ച നിലവാരമുണ്ട്.

aprilia

ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ്‌ ക്ലസ്റ്ററില്‍ അനലോഗ് സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും നല്‍കിയിട്ടുണ്ട്. എങ്കിലും ഹാന്‍ഡില്‍ ബാറിലെ സ്വിച്ചുകള്‍ക്ക് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് ചേര്‍ന്ന തരത്തില്‍ അല്‍പം മാറ്റങ്ങള്‍ വരുത്താമായിരുന്നു. മുന്‍ വശത്ത് സ്‌റ്റോറേജ്‌ സ്‌പേസ് കേവലം ഒരു ഹുക്ക് സ്‌പേസില്‍ ഒതുക്കി. ചെറിയ കവറുകളും മറ്റും ഇതില്‍ തൂക്കിയിടാം. സീറ്റിനിടിയിലും സ്‌പേസ് കുറവാണ്. ഹാഫ് ഹെല്‍മറ്റ് ഇതില്‍ സൂക്ഷിക്കാം. ഇതിനടുത്തായി അഡീഷണല്‍ ആക്‌സസറിയായി യുഎസ്ബി പ്ലോട്ടും ലഭ്യമാണ് എന്നത് മേന്‍മയാണ്.

aprilia

സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുണ്ട്, പിന്നിലും ഡിസ്‌ക് നല്‍കാതിരുന്നത് ചെറിയ പോരായ്മയായി കാണാം. 140 എംഎം ഡ്രം ബ്രേക്കാണ് റിയറില്‍ ഉള്‍പ്പെടുത്തിയത്. ഒഴുക്കന്‍ മട്ടിലുള്ള പിന്‍ഭാഗവും തരക്കേടില്ല. സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റും ഗ്രാബ് റെയിലും വ്യത്യസ്തമായ എഞ്ചിന്‍ ശബ്ദവും യുവാക്കളെ ആകര്‍ഷിക്കും. 6.5 ലിറ്ററിന്റെതാണ് ഫ്യുവല്‍ ടാങ്ക്, ഇന്ധനക്ഷമതയും നിരാശപ്പെടുത്തുന്നില്ല, 40-45 കിലോ മീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

  • എഞ്ചിന്‍, പെര്‍ഫോമെന്‍സ്‌

ഇന്ത്യന്‍ നിരത്തില്‍ തരംഗമായ  വെസ്പ 150 സ്‌കൂട്ടറില്‍  ഉപയോഗിച്ച 154.8 സിസി എഞ്ചിനാണ് എസ്ആര്‍ 150-ക്കും കരുത്തേകുന്നത്. പെര്‍ഫോമെന്‍സ് സ്‌കൂട്ടറിന്റെ ഫീല്‍ റൈഡിങില്‍ നന്നായി ആസ്വദിക്കാം. 6750 ആര്‍പിഎമ്മില്‍ പരമാവധി 10.4 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ പരമാവധി 11.4 എന്‍എം ടോര്‍ക്കും ഈ കരുത്തന്‍ എഞ്ചിന്‍ നല്‍കും. 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

aprilia

ഡ്രൈവിങ്ങില്‍ 80-90 കിലോമീറ്റര്‍ സ്പീഡിലും യാതൊരു വൈബ്രേഷനും അനുഭവപ്പെടുന്നില്ല. എങ്കിലും ചെറിയ സ്പീഡില്‍ അരോചകമായി ചെറിയ വൈബ്രഷനുണ്ട്. സ്പീഡ് വര്‍ധിക്കുമ്പോള്‍ വൈബ്രേഷന്‍ പമ്പ കടന്ന് പവര്‍ഫുള്‍ സ്‌കൂട്ടറായി മാറുന്നു. ചെറിയ വളവുകളില്‍ പോലും ലഭിക്കുന്ന അസാമാന്യ ബാലന്‍സാണ് മറ്റൊരു പ്രത്യേകത. ഭാരം കുറവാണെങ്കിലും അത് പ്രകടമാകുന്നില്ലാന്നു പറയാം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാനും ഒട്ടും മടിയില്ല.

90 ശതമാനത്തോളം തദ്ദേശീയമായി നിര്‍മിച്ച എസ്.ആര്‍ 150-ക്ക് 68000 രൂപയാണ് കോഴിക്കോട് എക്‌സ്‌ഷോറും വില. ഉയര്‍ന്ന എഞ്ചിന്‍ ശേഷി വാഹനം നല്‍കുമ്പോള്‍ ഇതൊരു വലിയ വിലയായി കാണേണ്ടതില്ല. പെര്‍ഫോമന്‍സ് ബൈക്കിന്റെ കരുത്തില്‍ ഒരു സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് മികച്ചൊരു ചോയ്‌സായിരിക്കും അപ്രീലിയയുടെ എസ്.ആര്‍ 150.

More Test Drive; കരുത്തനായി 1 ലിറ്റര്‍ റെനോ ക്വിഡ്

എസ്.ആര്‍ 150 ടെസ്റ്റ് ഡ്രൈവ് വീഡിയോ...

ഫോര്‍ ടെസ്റ്റ് ഡ്രൈവ് 9539117755