ടോക്യോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയി നീരജ് ചോപ്ര. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ അഭിമാനമായി മാറിയ താരത്തിന് ഏറ്റവും മികച്ച സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര.

രാജ്യത്തിന് അഭിമാനമായ നേട്ടമുണ്ടാക്കിയിട്ടുള്ളവര്‍ക്ക് ഇതുവരെ ആനന്ദ് മഹീന്ദ്ര സമ്മാനിച്ചത് ഥാര്‍ എസ്.യു.വിയായിരുന്നെങ്കില്‍ നീരജ് ചോപ്രയ്ക്കായി അദ്ദേഹം സമ്മാനിക്കുന്ന മഹീന്ദ്ര സ്വാതന്ത്ര്യദിനത്തില്‍ വിപണിയില്‍ എത്തിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി.700 ആണ്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

ഞങ്ങളുടെ ഗോള്‍ഡന്‍ അത്‌ലറ്റിനായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി.700 സമ്മാനിക്കാന്‍ കഴിയുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു വാഹനം ഒരുക്കി വെക്കണമെന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒരു  ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്ര ഈ ഉറപ്പ് നല്‍കിയിട്ടുള്ളത്. 

ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യക്കാരന്‍ സ്വര്‍ണം നേടുന്നത് ആദ്യമായാണ്. 

Content Highlights: Anand Mahindra To Gift Mahindra XUV700 To Neeraj Chopra