കുറച്ച് നാള്‍ മുമ്പുവരെ വാഹനങ്ങള്‍ മോടിപിടിപ്പിച്ചിരുന്നത് ലൈറ്റുകളും മ്യൂസിക് സിസ്റ്റവും സ്റ്റിക്കറുകളുമൊക്കെ ഉപയോഗിച്ചായിരുന്നു. എന്നാല്‍, കൊറോണയ്ക്ക് ശേഷം വാഹനം ആകര്‍ഷകമാക്കുന്നത് ശുചീകരണത്തിനുള്ള വസ്തുകള്‍ നിരത്തിയാണ്. ഇത്തരത്തില്‍ കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്ന മുംബൈയിലെ ഒരു ഓട്ടോയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഓട്ടോയില്‍ കയറുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സംവിധാനങ്ങളാണ് ഇതിലുള്ളത്. മുംബൈയിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോ എന്നാണ് ഈ വാഹനത്തെ ഇതിലെ യാത്രക്കാര്‍ വിശേഷിപ്പിക്കുന്നത്. കോവിഡ-19 വന്നതോടെ സ്വച്ഛ് ഭാരത് ഉറപ്പാക്കാന്‍ ആളുകള്‍ കൂടുതല്‍ ക്രിയാത്മകമായി തുടങ്ങിയെന്നാണ് ഈ ഓട്ടോയുടെ വീഡിയോയ്‌ക്കൊപ്പം ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. 

യാത്രകാര്‍ക്ക് കൈ കഴുകുന്നതിനും മറ്റുമായി ഓട്ടോയുടെ ഉള്ളില്‍ ഒരു വാഷ് ബേസിനും പൈപ്പും നല്‍കിയിട്ടുണ്ട്. ഇതിലേക്ക് വെള്ളമെത്തിക്കാന്‍ വലത് വശത്തായി ഒരു ചെറിയ ടാങ്കുമുണ്ട്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവയും സത്യവാന്‍ ഗീത് എന്നയാളുടെ ഓട്ടോയില്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടോയുടെ സൈഡില്‍ ചെടിചട്ടിയിലായി കുറച്ച് ചെടികളും വളര്‍ത്തുന്നുണ്ട്.

കോവിഡ്-19 പ്രതിരോധത്തിന് പുറമെ, ഹൈടെക് സംവിധാനങ്ങളും ഈ ഓട്ടോയുടെ ഹൈലൈറ്റാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ചാര്‍ജിങ്ങ് സംവിധാനം, വൈ-ഫൈ, മൊബൈല്‍ കണക്ടഡ് ടിവി, ബ്ലൂടൂത്ത് സ്പീക്കര്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫാന്‍ തുടങ്ങി ഒരു ആഡംബര കാറില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ അധികം സംവിധാനങ്ങളാണ് ഈ ഓട്ടോയിലുള്ളത്. 

ഈ പറഞ്ഞവയെല്ലാം ഓട്ടോയുടെ ഉള്ളിലാണെങ്കില്‍ പുറത്ത് കോവിഡ് പ്രതിരോധ സന്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. കോവിഡ് ബാധിതര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള നന്ദി കുറിപ്പും അദ്ദേഹത്തിന്റെ ഓട്ടോയിലുണ്ട്.

Content Highlights: Anand Mahindra Share The Video Of High Tech Auto With Washbasin To WiFi