ആനന്ദ് മഹീന്ദ്രയും അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിലെ വാഹനവും | Photo: Twitter/Anand Mahindra
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ എത്തുന്ന നിരവധി കണ്ടുപിടിത്തങ്ങളുണ്ട്. ഒരുപരിധി വരെ മഹീന്ദ്ര ഉള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെ പോലും അമ്പരപ്പിക്കുന്ന കണ്ടുപിടിത്തങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നവയില് അധികവും. ഇത്തരം ക്രിയാത്മകമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന ആളുകളെ ലോകത്തിന് പരിചയപ്പെടുത്താനും അവരെ അഭിനന്ദിക്കാനും അദ്ദേഹം വിമുഖത കാണിക്കാറില്ല.
ഇത്തരത്തിലുള്ള മികച്ച ഒരു കണ്ടുപിടിത്തമാണ് കഴിഞ്ഞ ദിവസം അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ഇലക്ട്രിക് സൈക്കിള്‍ ഓട്ടോറിക്ഷ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹനമാണ് ദൃശ്യമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിലെ താരം. ആഗോളതലത്തില്‍ പോലും സാധ്യതയുള്ള ഈ വാഹനം ഒരു ഗ്രാമീണനായ യുവാവാണ് കണ്ടെത്തിയിരിക്കുന്നതെന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ സൈക്കിളിനോട് സാമ്യമുള്ള വാഹനമാണിത്. സ്കൂട്ടറുകളില്‍ നല്‍കുന്നത് പോലെയുള്ള ചെറിയ ടയറാണ് മുന്നില്‍ നല്‍കിയിട്ടുള്ളത്. സ്കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ചെറിയ സസ്പെന്‍ഷനും എല്‍.ഇ.ഡി ഹെഡ്ലാമ്പുമെല്ലാം മുന്നിലുണ്ട്. ഡ്രൈവർ ഉള്‍പ്പെടെ സൈക്കിളിന്റേതിന് സമാനമായ ആറ് സീറ്റുകളാണ് പിന്നിലേക്ക് വരിവരിയായി നല്‍കിയിരിക്കുന്നത്. എല്ലാ സീറ്റുകളിലും ഹാന്‍ഡിലുകളുമുണ്ട്. പിന്നിലും മുന്നിലേത് പോലെ ചെറിയ ഒരു ടയറാണ് നല്‍കിയിട്ടുള്ളത്.
12,000 രൂപ ചെലവിലാണ് ഈ ഇലക്ട്രിക് സെക്കിള്‍ ഓട്ടോറിക്ഷ നിര്‍മിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഈ വാഹനം നിര്‍മിച്ച യുവാവ് അവകാശപ്പെടുന്നത്. എട്ട് രൂപ മുതല്‍ പത്ത് രൂപ വരെയാണ് ചാര്‍ജിങ്ങിനായി ചെലവ് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ സ്ട്രെക്ച്ചര്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് പേരുമായി യാത്ര ചെയ്യുന്നതിന്റെ വീഡിയോയുമുണ്ട്.
ആവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്നാണ് ഈ കണ്ടുപിടിത്തത്തിന് ആനന്ദ് മഹീന്ദ്ര നല്‍കിയിരിക്കുന്ന വിശേഷണം. ഇതിനൊപ്പം ഈ യുവാവ് നിര്മിച്ചെടുത്തിട്ടുള്ള ഈ വാഹനത്തില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയാല്‍ ആഗോളതലത്തില്‍ പോലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം വീഡിയോയിക്കൊപ്പം നല്‍കിയിട്ടുള്ള കുറിപ്പില്‍ അവകാശപ്പെടുന്നു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ഇത്തരം കണ്ടുപിടിത്തങ്ങള്‍ എന്നെ എപ്പോഴും ആകര്‍ഷിക്കുന്നതാണെന്നും അദ്ദേഹം കുറിയ്ക്കുന്നു.
Content Highlights: Anand Mahindra posted electric cycle rickshaw made by villager, electric cycle rickshaw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..