കുന്നിക്കുരുവോളം ആഗ്രഹിച്ചപ്പോൾ കുന്നോളം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുന്ദരി ഓട്ടോയുടെയും നെടുമ്പള്ളി ജീപ്പിന്റെയും കുഞ്ഞൻ പതിപ്പുകളുടെ നിർമാതാവായ അരുൺ കുമാർ. താൻ നിർമിച്ച മിനിയേച്ചർ വാഹനങ്ങൾ ലാലേട്ടനും പൃഥ്വിരാജും കാണണമെന്നാണ് അരുൺ ആഗ്രഹിച്ചത്. എന്നാൽ, അരുണിനെ തേടിയെത്തിയത് സാക്ഷാൽ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനമാണ്.

അഭിനന്ദനം മാത്രമല്ല, ആനന്ദ് മഹീന്ദ്രയ്ക്കായി ഇത്തരം കളിപ്പാട്ട വാഹനങ്ങൾ നിർമിക്കാനുള്ള ക്ഷണവും അരുണിനെ തേടിയെത്തിയിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനുപിന്നാലെ മഹീന്ദ്രയുടെ പ്രതിനിധിയായ സുരേഷ് കുമാർ അരുണിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുകയായിരുന്നു.

അരുൺ കുമാർ നിർമിച്ച വില്ലീസ് ജീപ്പ് ഏറെ ആകർഷകമാണെന്നും, ഇത് വലിയ നിലയിൽ ചെയ്യുന്നതിന് സഹകരിക്കാൻ താത്‌പര്യമുണ്ടെന്നുമാണ് മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇതേതുടർന്ന് അരുൺ മുമ്പ് ചെയ്ത മിനിയേച്ചർ വാഹനങ്ങളുടെ ചിത്രങ്ങളും മറ്റും അദ്ദേഹം വാങ്ങിയിട്ടുമുണ്ട്.

മോഹൻലാൻ അഭിനയിച്ച ഏയ് ഓട്ടോ എന്ന സിനിമയിലെ സുന്ദരി ഓട്ടോയുടെ കുഞ്ഞൻ പതിപ്പ് ഉണ്ടാക്കിയതോടെയാണ് അരുൺ കുമാർ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുട്ടികൾക്ക് കളിക്കാനായി ഉണ്ടാക്കിയ ഈ ഓട്ടോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇതുകണ്ട്‌ ഒരു പത്ത് വയസുകാരന്റെ ആഗ്രഹത്തെ തുടർന്നാണ് അരുൺ നെടുമ്പള്ളി ജീപ്പിന്റെ പണിപ്പുരയിലെത്തുന്നത്.

ലാലേട്ടന്റെ തന്നെ സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിലെ KLQ 666 ജീപ്പ് വില്ലീസ് വാഹനമായിരുന്നു കൊല്ലം അഞ്ചൽ സ്വദേശിയായ അമൃതേഷിന്‌ വേണ്ടിയിരുന്നത്. ഇടുക്കി ജില്ലാ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്ന അരുൺ തന്റെ ഒഴുവ് സമയങ്ങൾ ഈ ജീപ്പിന്റെ നിർമാണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ഏഴ് മാസമെടുത്താണ് ഈ മിനിയേച്ചർ പൂർത്തിയാക്കിയത്.

അരുൺ നിർമിക്കുന്ന വാഹനങ്ങൾ വെറും കളിപ്പാട്ടമല്ലെന്നതാണ് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം. സാധാരണ വാഹനങ്ങളെ പോലെ ഓടാനും കുറഞ്ഞ ദൂരമെങ്കിലും യാത്ര ചെയ്യാനും സാധിക്കുന്നവയാണ് അരുണിന്റെ സൃഷ്ടികൾ. ഈ രണ്ട് മിനിയേച്ചറുകൾക്ക് പുറമെ, ഒരു ഓപ്പൺ ജീപ്പ്, ബൈക്ക് എന്നിവയും അരുൺ നിർമിച്ചിട്ടുണ്ട്.

Content Highlights:Anand Mahindra Invited Arun Kumar To Make Toys For Mahindra