കേരളത്തിലെ ഒട്ടുമിക്ക ഓട്ടോറിക്ഷകളും മോഡി കൂട്ടലിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. വിവിധ നിറങ്ങളിലുള്ള ലൈറ്റുകളും പലവിധ ഡിസൈനിലും അലങ്കരിച്ചാകും ഓട്ടോ ഡ്രൈവര്‍മാര്‍ തങ്ങളുടെ പ്രിയ വാഹനം നിരത്തിലിറക്കുക. എന്നാല്‍ അതുക്കും മേലെയുള്ള മോഡിഫിക്കേഷനില്‍ പത്തനംതിട്ട സ്വദേശി സുനില്‍കുമാറിന്റെ ഓട്ടോറിക്ഷ കണ്ട് മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വരെ ഞെട്ടിയിരിക്കുകയാണ്.
പിറകില്‍ നിന്ന് നോക്കിയാല്‍ തനി സ്‌കോര്‍പിയോ എസ്.യു.വി, എന്നാല്‍ അല്‍പം മുന്നോട്ടു വന്നാല്‍ മുചക്ര ഓട്ടോറിക്ഷ. ഇതാണ് സുനില്‍കുമാറിന്റെ രാജകീയ സ്‌കോര്‍പിയോ ഓട്ടോറിക്ഷ. രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഐക്കണിക് മോഡല്‍ സ്‌കോര്‍പിയോയുടെ പിന്‍ഭാഗം യാതൊരു മാറ്റവുമില്ലാതെ തന്റെ ഓട്ടോയില്‍ പറിച്ചെടുത്ത് മോഡിഫൈ ചെയ്തിരിക്കുകയാണ് സുനില്‍കുമാര്‍.
@anandmahindra .image shows how the scorpio design turned generic and popular among Indian roads. This mans way of "dream big" pic.twitter.com/jMoJiB5gGs
— Anil Panicker (@AnilPanicker3) March 19, 2017
പത്തനംതിട്ട നിരത്തില്‍ സുനില്‍കുമാര്‍ ഇവനെയും ഓടിച്ചുനടക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി, എന്നാല്‍ ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്രയ്ക്ക് ലഭിച്ച ഒരു ട്വീറ്റിന് ശേഷമാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ഓട്ടോ ഡിസൈന്‍ ഏറെ ഇഷ്ടപ്പെട്ട എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വാഹന ഉടമയെ കണ്ടെത്താനുള്ള നിര്‍ദേശവും ട്വിറ്റര്‍ വഴി നല്‍കി. ഇതിനൊപ്പം വാഹന മ്യൂസിയത്തില്‍ ഓട്ടോ പ്രദര്‍ശനത്തിന് വയ്ക്കണമെന്നും ഉടമയ്ക്ക് പകരമായി പുതിയ ഫോര്‍ വീല്‍ വാഹനം നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു.
Iconic. A way to 'Rise.' Thanks for sharing this.Can you help locate him? I'd like to buy it for our museum & give him 4 wheels in return.. https://t.co/uwQ5wYcDpW
— anand mahindra (@anandmahindra) March 19, 2017
ദൈവത്തിന്റെ സ്വന്തം നാട്ടുകാരനായ ഈ വാഹനന ഉടമയെ കണ്ടെത്താന്‍ പിന്നീട് അധികം ദിവസം കാത്തിരിക്കേണ്ടി വന്നില്ല. പറഞ്ഞ വാക്ക് പാലിച്ച് മുചക്ര സ്‌കോര്‍പിയോ ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്ര കമ്പനിയുടെ പുതിയ സുപ്രോ വാന്‍ സുനില്‍കുമാറിന് സമ്മാനിക്കുകയും ചെയ്തു. മുചക്ര സ്‌കോര്‍പിയോയ്ക്ക് അരികെ സുപ്രോ വാന്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന സുനില്‍കുമാറിന്റെ ചിത്രവും കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Here's Sunil, the proud owner of the 3 wheeler 'Scorpio', now a happy owner of a 4 wheeler. All thanks to you twitterati! (2/2) pic.twitter.com/5nb12j2dnj
— anand mahindra (@anandmahindra) May 3, 2017
ഏകദേശം ഒന്നര ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ഈ മുചക്ര വാഹനത്തില്‍ അന്‍പതിനായിരം രൂപ മുടക്കിയാണ് സുനില്‍കുമാര്‍ സ്‌കോര്‍പിയോയുടേതിനു സമാനമായി അമ്പരിപ്പിക്കുന്ന രൂപമാറ്റം വരുത്തിതീര്‍ത്തത്. ആറന്‍മുളയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ഓട്ടോറിക്ഷ അടിമുടി മാറ്റിപ്പണിതത്. റിയര്‍ ഡോര്‍ തുറന്ന് കാറിന് സമാനമായി ബൂട്ട് സ്പേസ് സൗകര്യവും സ്‌കോര്‍പിയോ ഓട്ടോയിലുണ്ട്. മുചക്ര ഓട്ടോയുടെ പിന്‍ഭാഗം ഒഴിച്ച് ബാക്കിയെല്ലാം തനി നാടന്‍ ഓട്ടോറിക്ഷ രൂപത്തില്‍ തന്നെയാണ്.
ഇടക്കാലത്ത് സുനില്‍കൂമാര്‍ ഓട്ടോറിക്ഷ കോട്ടയം സ്വദേശിക്ക് വിറ്റെങ്കിലും വാങ്ങിയയാള്‍ തിരികെ നല്‍കിയിരുന്നു. ഏകദേശം നാലര ലക്ഷം രൂപയ്ക്ക് മുകളിലാണ് സുനില്‍കുമാറിന് സമ്മാനമായി ലഭിച്ച സുപ്രോ വാനിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. മഹീന്ദ്രയുടെ മുംബൈ കാന്തിവിലിയിലെ വാഹന മ്യൂസിയത്തിലാണ് ഈ കേരള മോഡിഫൈഡ് ഓട്ടോ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനത്തിന് വയ്ക്കുക.
