ന്റെ കൃഷിയിടത്തേക്ക് ജലസേചനം സാധ്യമാക്കുന്നതിനായി 30 വര്‍ഷം കൊണ്ട് മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മിച്ച വ്യക്തിക്ക് മഹീന്ദ്രയുടെ ട്രാക്ടര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ബിഹാര്‍ സ്വദേശിയായ ലോംഗി ഭൂയാനാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ കനാല്‍ നിര്‍മിച്ച് കനാല്‍ മാന്‍ എന്ന വിശേഷണം സ്വന്തമാക്കിയത്. 

വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കനാല്‍ പൂര്‍ത്തിയായതോടെ തന്റെ കൃഷിയാവശ്യത്തിനായി ഒരു ട്രാക്ടറാണ് ഇനി വേണ്ടതെന്നായിരുന്നു ഭൂയാന്റെ ആഗ്രഹം. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ മനസിലാക്കിയ ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ട്രാക്ടര്‍ സമ്മാനമായി നല്‍കി ആദരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. 

താജ് മഹലോ പിരമിഡോ പോലെ മഹത്തരമായ ഒന്നായാണ് ഭൂയാന്റെ കനാലിനെ ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മഹീന്ദ്രയുടെ ട്രാക്ടര്‍ ഉപയോഗിക്കുന്നത് ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നതെന്നായിരുന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. തുടര്‍ന്ന് ബീഹാറിലെ മഹീന്ദ്ര ഡീലര്‍ഷിപ്പ് ടീം അദ്ദേഹത്തിന് ട്രാക്ടര്‍ കൈമാറുകയായിരുന്നു.

കനാല്‍ മാന് ട്രാക്ടര്‍ സമ്മാനിക്കുന്ന ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു. മഹീന്ദ്ര എക്യുപ്‌മെന്റ് വിഭാഗം മേധാവി ഹേമന്ത് സിക്കയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഭൂയാന് ട്രാക്ടര്‍ നല്‍കണമെന്ന് രാവിലെയാണ് ഞാന്‍ ആവശ്യപ്പെട്ടത്, വൈകുന്നേരത്തോടെ അത് നടപ്പാക്കി. മികച്ച കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശം. 

Content Highlights: Anand Mahindra Gifted Tractor To Canal Man