വാഹനത്തിലെ പുകയും മറ്റും അന്തരീക്ഷ മലിനീകരണം ഉയരാന്‍ കരണമാകാറുണ്ട്. എന്നാല്‍, ഒരു വാഹനം മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമോ...?. പരോക്ഷമായെങ്കിലും സഹായിക്കുമെന്നാണ് മറുപടി. ഇത് എങ്ങനെയാണെന്ന് സംശയിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മഹീന്ദ്രയുടെ ഉപകമ്പനിയായ സ്വരാജ് അടുത്തിടെ പുറത്തിറക്കിയ ട്രാക്ടര്‍.

ഡല്‍ഹി, ഹരിയാണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിളവെടുപ്പ് കാലത്തിന് ശേഷം ഉയര്‍ന്ന് കേള്‍ക്കുള്ള ഒന്നാണ് അന്തരീക്ഷ മലനീകരണം. വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ തന്നെ കത്തിക്കുന്നതിനാലാണ് മലിനീകരണം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് സൂപ്പര്‍ സീഡര്‍ സംവിധാനത്തോടെ സ്വരാജ് 963 എഫ്.ഇ ട്രാക്ടര്‍ അവതരിപ്പിക്കുന്നത്. ഇതിലെ സൂപ്പര്‍ സീഡര്‍ സംവിധാനം മുന്‍വിളയുടെ അവശിഷ്ടങ്ങള്‍ മണ്ണിനടിയിലേക്ക് തന്നെ ആഴത്തില്‍ താഴ്ത്തും. ഇതുമൂലം വിളവെടുപ്പിന് ശേഷം അവശിഷ്ടങ്ങള്‍ പാടങ്ങളിലിട്ട് കത്തിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ വാദം.

ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. ഇത്തരം നവീന ആശയങ്ങളെ ഏറ്റെടുക്കാന്‍ ജനങ്ങള്‍ ഒരുക്കമാണെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. സ്വരാജ് ട്രാക്ടേഴ്‌സിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള ട്വീറ്റ്, റീട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര ഈ സംവിധാനത്തെ പ്രശംസിച്ചത്. 

മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ സ്വാരജ് പുറത്തിറക്കിയിട്ടുള്ള ട്രാക്ടറാണ് 963 എഫ്.ഇ. 2200 കിലോഗ്രാം ലിഫ്റ്റ് കപ്പാസിറ്റിയുള്ള ഈ ട്രാക്ടറില്‍ 3478 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 63 എച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 12 ഫോര്‍വേഡ് ഗിയറും രണ്ട് റിവേഴ്‌സ് ഗിയറുമുള്ള ഈ വാഹനത്തിന് 7.87 ലക്ഷം മുതല്‍ 8.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

Content Highlights: Anand Mahindra Appreciate Super Seeders Swaraj 963FE Tractor