ലാശയത്തില്‍നിന്ന് താറാവ് കരയിലേക്കു കയറുന്നതുപോലെ ആ ബസ് കൊച്ചി കായലില്‍ നിന്ന് മറൈന്‍ഡ്രൈവിലേക്ക് കയറി. പിന്നെ ഒരു ഡബിള്‍ ബെല്‍. റോഡിലൂടെ വിനോദ സഞ്ചാരികളുമായി കൊച്ചി വിമാനത്താവളത്തിലേക്ക്.... ഈ കാഴ്ചയിലേക്ക് ഇനി അധികദൂരമില്ല. അവന്‍ വരുമെന്നുറപ്പായി, ആംഫിബിയന്‍. കരയിലും വെള്ളത്തിലും ഓടുന്ന ആ ബസ്. ബജറ്റില്‍ കയറിക്കഴിഞ്ഞു. ഇനി പണവുമായി ഇറങ്ങിയാല്‍ മതി.

കൊച്ചിയുടെ വിനോദസഞ്ചാരത്തിന് പുതിയ വഴി തുറക്കുമെന്നു കരുതുന്ന ആംഫിബിയന് ബജറ്റില്‍ അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അനുയോജ്യമായ ഇടവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രവുമെന്ന നിലയില്‍ ആദ്യം ആംഫിബിയനെത്തുക കൊച്ചിയിലായിരിക്കും. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയില്‍ സര്‍വ സാധാരണമാണ് ഇത്തരം ബസുകള്‍.

സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പ് സാധ്യതാപഠനം നടത്തി ജലഗതാഗത വകുപ്പിനെ ഏല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണിത്. എന്നാല്‍ ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ ടൂറിസം വകുപ്പിലേക്ക് മാറി. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം ബസുകള്‍ക്ക് 11-12 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍.

Water Car
ആംഫിബിയസ് കാര്‍ | Photo: Kmr1985/wikimedia

ആരാണ് ആംഫിബിയന്‍

യഥാര്‍ഥ ആംഫിബിയന് വലിയ ചരിത്രമുണ്ട്. 'ആംഫീബിയസ് വെഹിക്കിള്‍' എന്നാണ് പൊതുവേ പറയുന്നത്. അമേരിക്കയില്‍ ഒലിവര്‍ ഇവാന്‍സ് രൂപകല്പന ചെയ്ത് 1805-ല്‍ പുറത്തിറങ്ങിയതാണ് ഇതിന്റെ ആദിരൂപം. പട്ടാള ആവശ്യങ്ങള്‍ക്കായി ലോക മഹായുദ്ധങ്ങളില്‍ കരയിലും വെള്ളത്തിലുമോടുന്ന വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 

വായു അറകള്‍ (ബോയന്‍സി ടാങ്കുകള്‍) ഉള്ള ഇത്തരം വാഹനങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ഒരു ശക്തിയേറിയ പ്രൊപ്പല്ലര്‍ കൂടി ഘടിപ്പിച്ചാല്‍ വെള്ളത്തിലും ഓടാം. ഏതാനും വര്‍ഷം മുമ്പ് കരയിലും വെള്ളത്തിലും അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന രീതിയില്‍ സാങ്കേതികവിദ്യയില്‍ മാറ്റം വന്നിട്ടുണ്ട്. വോള്‍വോ-സ്‌കാനിയ ബസുകളുടെ രൂപത്തിലേക്ക് ആംഫിയും മാറിയിട്ടുണ്ട്.

വിനോദസഞ്ചാരം

ലണ്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, യു.എ.ഇ. തുടങ്ങി അനവധി രാജ്യങ്ങളില്‍ ഇത്തരം വിനോദസഞ്ചാര ബസുകള്‍ സാധാരണമാണ്. ഡക്ക് ടൂര്‍, റിവര്‍ ബസ്, വണ്ടര്‍ ബസ്, സ്പ്ലാഷ് ടൂര്‍ തുടങ്ങിയ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

Water Bus
ആംഫിബിയസ് ബസ് | Photo: Toby J/WikiMedia

ഇന്ത്യയില്‍

പഞ്ചാബ് സര്‍ക്കാരാണ് 2016 ഡിസംബര്‍ 12-ന് ഇന്ത്യയിലെ ആദ്യത്തെ ആംഫിബിയസ് ബസ് അവതരിപ്പിച്ചത്. അമൃത്സറിലെ ഹാരികെയിലാണ്‌  ഈ ബസ് ഓടിത്തുടങ്ങിയത്. ബസില്‍ 34 പേര്‍ക്ക് ഇരിക്കാം. പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി നിന്നുപോയി. സമാനമായി ഗോവയിലും മഹാരാഷ്ട്രയിലും പദ്ധതി ശരിയായ രീതിയില്‍ നടക്കാതെ പോയി.

ആംഫിബിയന്‍ പലതരം

കേരളത്തില്‍ എത്താനൊരുങ്ങുന്നത് ആംഫിബിയന്‍ ബസാണെങ്കില്‍ എല്ലാ വിഭാഗത്തിലും ഈ വാഹനം പുറത്തിറക്കിയിട്ടുണ്ട്. ആംഫിബിയന്‍ സൈക്കിള്‍, ഓള്‍ ടെറൈന്‍ വെഹിക്കിള്‍, കാര്‍, ബസ്, ബോട്ട്, ഓയിസ്റ്റര്‍ ബോട്ട്, ട്രക്ക്, ടാങ്ക് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആംഫിബിയന്‍ വാഹനങ്ങള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്.

സൈക്കിള്‍

ഹ്യുമന്‍ പവേഡ് വെഹിക്കിള്‍ എന്നാണ് ആംഫിബിയസ് സൈക്കിള്‍ അറിയിപ്പെടുത്തുന്നത്. സാധാരണ സൈക്കിള്‍ പോലെയുള്ള ഈ വാഹനം വെള്ളത്തിലും കരയിലും ഉപയോഗിക്കാന്‍ സാധിക്കും. ടയറുകളുടെ സ്ഥാനത്ത്‌ കാറ്റ് നിറച്ച ഫ്‌ളോട്ടുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം നല്‍കിയിട്ടുള്ള ഫാന്‍ ബ്ലേഡുകളാണ് പ്രൊപ്പല്ലറുകളായി പ്രവര്‍ത്തിക്കുന്നത്. പ്രൊപ്പല്ലറിന്റെ സഹായത്തോടെ വെള്ളത്തിലൂടെയും ഈ സൈക്കിള്‍ നീങ്ങുന്നത്. 

എ.ടി.വി.

ആംഫിബിയസ് ഓള്‍ ടെറൈന്‍ വെഹിക്കിള്‍ അഥവ എ.ടി.വി. എന്ന വിഭാഗവും ഇതിലുണ്ട്. 1960-70 കാലഘട്ടത്തില്‍ നോര്‍ത്ത് അമേരിക്കയിലാണ്‌ ഈ വാഹനം ഉപയോഗിച്ച് തുടങ്ങിയത്. ഹാര്‍ഡ് പ്ലാസ്റ്റിക്കുകളും ഫൈബര്‍ ഗ്ലാസ് ബോഡ് ട്യൂബുകളും ഉപയോഗിച്ചാണ് ഈ വാഹനം നിര്‍മിച്ചിരുന്നത്. ആറ്, എട്ട് ലോ പ്രഷര്‍ ബലൂണ്‍ ടയറുകളാണ് ഇതില്‍ നല്‍കുക. ട്രാക്ടറുകളില്‍ നല്‍കിയിരുന്ന എന്‍ജിനാണ് സാധാരണയായി ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് പരമാവധി വേഗത.

കാര്‍

രണ്ടാം ലോക മഹായുദ്ധ കാലത്താണ് ആംഫിബിയസ് കാറുകള്‍ എന്ന ആശയം ഉണ്ടാകുന്നത്. 4x4 ജീപ്പുകളെ ഉള്‍പ്പെടെ ആംഫിബിയസ് വാഹനമാക്കി മാറ്റിയിരുന്നു. ഇപ്പോഴും പ്രചാരത്തിലുള്ള മോഡലുമാണ് ആംഫിബിയസ് കാറുകള്‍. ആംഫിബിയസ് വാഹനങ്ങളില്‍ ഏറ്റവുമധികം വേഗത കൈവരിക്കാന്‍ സാധിക്കുന്നത് കാറുകള്‍ക്കാണ്. സാധാരണ കാറുകളുടെ രൂപമാണ് ഇവയ്ക്കും നല്‍കുക. എന്‍ജിനില്‍ മാറ്റമുണ്ടെങ്കിലും മറ്റ് വാഹനങ്ങള്‍ക്ക് സമാനമായാണ് പ്രവര്‍ത്തനം.

ബസ്

ഡച്ച് ആംഫിബിയസ് ട്രാന്‍സ്‌പോര്‍ട്ടാണ് ആദ്യമായി ആംഫി ബസ് അഥവ ആംഫിബിയസ് ബസ് നിര്‍മിക്കുന്നത്. ആംസ്റ്റര്‍ഡാം ടൂറിസത്തിനായാണ് ഇവ നിര്‍മിച്ചിരുന്നത്. വോള്‍വോയുടെ ഷാസിയില്‍ 43 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതായിരുന്നു ഈ ആംഫി ബസ്. 2010-ലാണ് ഈ സര്‍വീസ് ആരംഭിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത് മുടങ്ങുകയായിരുന്നു. പിന്നീട് 2019-ല്‍ ഇത് വീണ്ടും ആരംഭിക്കുകയും ഇപ്പോഴും പ്രാബല്യത്തില്‍ ഇരിക്കുന്നതുമാണ്.

Content Highlights: Amphibious Vehicle, Amphibious Bus, History Of Amphibious Vehicles