'ഇലക്ട്രിക് സ്‌കൂട്ടര്‍' അത്ര പരിചിതമല്ലാത്ത 2000 കാലഘട്ടത്തില്‍ അത് നിര്‍മിക്കാന്‍ ശ്രമിക്കുക... അതും ഒരു വനിത... കേട്ടവര്‍ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഹേമലത അണ്ണാമലൈ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല... നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ വഴിമാറി.

2008-ല്‍ ഹേമലതയുടെ നേതൃത്വത്തിലുള്ള 'ആംപിയര്‍ വെഹിക്കിള്‍സി'ല്‍ നിന്ന് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങി. 'ഏതാണ്ട് 500 പേരാണ് ആദ്യ മോഡലായ 'അഭി' ടെസ്റ്റ് ഡ്രൈവ് ചെയ്തത്. പക്ഷേ, ഒരു ബുക്കിങ് പോലും ആദ്യനാളുകളില്‍ കിട്ടിയിരുന്നില്ല. 

എന്നാല്‍, ഇപ്പോള്‍ മാസം ഏകദേശം 3,000 സ്‌കൂട്ടറുകളാണ് കമ്പനിയില്‍നിന്ന് പുറത്തിറങ്ങുന്നത്...' -ഹേമലതയുടെ വാക്കുകളില്‍ അവരെ മുന്നോട്ട് നയിക്കുന്ന ആത്മവിശ്വാസം പ്രകടമാണ്. കുറഞ്ഞ ചെലവില്‍ ഗ്രാമീണ, ചെറു പട്ടണങ്ങളിലെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ വാഹനം വേണമെന്ന ആശയത്തില്‍ നിന്നാണ് 'ആംപിയര്‍ വെഹിക്കിള്‍സി'ന്റെ പിറവി.

ഗ്രാമീണര്‍ക്ക് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രത്യേക മിടുക്കുണ്ട്. അതുകൊണ്ടാണ്, ചാര്‍ജിങ് പോയിന്റ് ആവശ്യമുള്ള ഉത്പന്നം ഗ്രാമീണരെ ഉദ്ദേശിച്ച് അക്കാലത്ത് ഇറക്കിയതെന്ന് ഹേമലത പറഞ്ഞു.

നിലവില്‍ ആറ് മോഡല്‍ സ്‌കൂട്ടറുകളാണ് വിപണിയിലിറക്കിയിരിക്കുന്നത്. ഇതില്‍ 'സീല്‍' എന്ന മോഡല്‍ ആറ് സെക്കന്‍ഡിനുള്ളില്‍ 50 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ, വൈദ്യുതി മുച്ചക്ര വാഹനങ്ങളും ഇറക്കുന്നുണ്ട്. 10 കോടി രൂപ മുതല്‍മുടക്കില്‍ കോയമ്പത്തൂരാണ് കമ്പനി തുടങ്ങിയത്.

വളര്‍ച്ചാസാധ്യത കണ്ട് രത്തന്‍ ടാറ്റ, ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയ വമ്പന്മാര്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 2018-ല്‍ 'ഗ്രീവ്സ് കോട്ടണ്‍' എന്ന കമ്പനി ആംപിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങി. ഹേമലത തന്നെയാണ് ഇപ്പോഴും കമ്പനിയുടെ സി.ഇ.ഒ.

തമിഴ്നാടും കര്‍ണാടകയുമാണ് കമ്പനിയുടെ പ്രധാന വിപണി. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും വാര്‍ഷിക ഉത്പാദനം വൈകാതെ 1,00,000 സ്‌കൂട്ടറുകള്‍ ആക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഹേമലത പറഞ്ഞു.

Content Highlights: Ampere Electric Scooter