ജീവന്റെ വളയം പിടിക്കുന്നവരുടെ കൈയില്‍ ആംബുലന്‍സുകള്‍ സുരക്ഷിതമാണ്. കോവിഡ് രോഗികളുമായി പറന്ന 108-ഉും ജീവനുമായി കുതിച്ച സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ഹൃദയത്തിന്റെ കൈയടികള്‍. ഒരുവര്‍ഷം തുടര്‍ച്ചയായി ആംബുലന്‍സ് ഡ്യൂട്ടി ചെയ്യുന്ന ഗോകുല്‍ദാസും ഡെറിന്‍ബാബുവുമടക്കം കണ്ണൂര്‍ ജില്ലയുടെ അഭിമാനമാണ്.

2020 മാര്‍ച്ച് 13 മുതല്‍ കൊറോണയ്‌ക്കൊപ്പം ഇവര്‍ 108 ആംബുലന്‍സിലുണ്ട്. പഴയങ്ങാടി സോണ്‍ ആംബുലന്‍സിലാണ് ഡ്യൂട്ടിക്കുള്ളത്. ആയിരക്കണക്കിന് കോവിഡ് ബാധിതരെ രാത്രിയും പകലും ആസ്പത്രികളിലും വീടുകളിലും സുരക്ഷിതമായി എത്തിച്ചു. കോവിഡ് കാലത്ത സുഖപ്രസവങ്ങള്‍ക്കും ഡ്രൈവര്‍മാരുടെ സൂക്ഷ്മതയുള്ള ഓട്ടം സാക്ഷിയായി.

പരിശീലനത്തിന് സ്പീഡില്ല

നിരവധി പുതിയ ഡ്രൈവര്‍മാരാണ് ആംബുലന്‍സ് ഓടിക്കാന്‍ കടന്നുവരുന്നത്. ഡ്രൈവിങ്ങില്‍ മികവുറ്റവരാണെങ്കിലും രോഗികളുമായി പോകുമ്പോള്‍ എങ്ങനെ ഇത് കൈകാര്യം ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. അതിന് പരിശീലനം നല്‍കിയേ പറ്റൂ. ഡ്രൈവര്‍മാര്‍ക്ക് അടുത്തകാലത്തൊന്നും ആര്‍.ടി.ഒ. തലത്തിലോ മറ്റോ പരിശീലനം നടന്നിട്ടില്ല. 

കാലിവണ്ടി സൈറണ്‍ അടിച്ച് അമിതവേഗത്തില്‍ പോകുന്നത് ചിലരുടെ അറിവില്ലായ്മകൊണ്ടാണ്. ട്രാഫിക് നിയമം തെറ്റിച്ചുകൊണ്ടുള്ള മരണപ്പോക്കിന് പിന്നിലും ക്ലാസിന്റെ കുറവ് തന്നെ. അങ്ങനെയല്ല കാര്യങ്ങളെന്ന് മനസ്സിലാക്കാനും വണ്‍വേ തെറ്റിച്ച് പോകരുതെന്ന് നിര്‍ദേശിക്കാനും സര്‍ക്കാര്‍തലത്തില്‍ ആറുമാസം ഇടവിട്ട് ക്ലാസുകള്‍ നല്‍കണം.

സര്‍ക്കാര്‍ തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ഇതുവരെ പരിശീലനം കിട്ടിയിട്ടില്ലെന്ന് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. നാസര്‍ പറഞ്ഞു. മുമ്പ് ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ കിട്ടാറുണ്ടായിരുന്നു. പ്രൈവറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഐ.എം.എ.യുടെ പരിശീലനവും ക്ലാസും മുമ്പ് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടം ഇല്ലാത്ത ദിവസങ്ങളും ഉണ്ടാവാറുണ്ടെന്ന് 16 വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്ന സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ ബാബുരാജ് പറഞ്ഞു. ഓടുന്നതിന് കണക്കാക്കിയിട്ടാണ് ശമ്പളം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ പെരുമാറ്റം വേദനിപ്പിക്കാറുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. എന്തെങ്കിലും നിസ്സാരകാരണത്താല്‍ വാടക തരാതെ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്ന സംഭവങ്ങള്‍ ഇവര്‍ പറയുന്നു. സുരക്ഷിതമായി എത്തിച്ചുകഴിഞ്ഞാല്‍ തിരിഞ്ഞുനോക്കാതെയുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളും ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന പറയാനുണ്ട്.

ഏയ്ഞ്ചല്‍സ് ഓര്‍മിപ്പിക്കുന്നത്

101-നും 108-നും ഇടയില്‍ 102 എന്ന ആംബുലന്‍സ് സംവിധാനം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരുന്നു-ഏയ്ഞ്ചല്‍സ് (ആക്ടീവ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവ്‌സ്). ആംബുലന്‍സുകള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ളവ മാത്രമല്ലെന്നും ജീവന്‍ രക്ഷിക്കാനുള്ളവയാണെന്നും ഉള്ള ആശയം ജനങ്ങളിലെത്തിച്ച കൂട്ടായ്മയായിരുന്നു ഏയ്ഞ്ചല്‍സ്. സ്വകാര്യ ആംബുലന്‍സുകളെ അടക്കം ജി.പി.എസ്., ജി.പി.ആര്‍.എസ്. സംവിധാനത്തില്‍ കൊണ്ടുവന്ന ശൃംഖലയായിരുന്നു ഇത്.

2012-ലാണ് കണ്ണൂര്‍ ജില്ലയില്‍ ഏയ്ഞ്ചല്‍സ് ഇന്ത്യ ഉദ്ഘാടനം ചെയ്ത ത്. അന്നത്തെ കളക്ടര്‍ ആനന്ദ് സിങ്ങായിരുന്നു ചീഫ് പേട്രണ്‍. ജില്ലാ പോലീസ് മേധാവി അനൂപ് കുരുവിള ജോണ്‍ പ്രസിഡന്റായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മുന്‍ തലവനായിരുന്ന ഡോ. സുള്‍ഫിക്കര്‍ അലിയായിരുന്നു എക്‌സിക്യുട്ടീവ് ഡയറക്ടര്‍. ആംബുലന്‍സ് ഡ്രൈവര്‍തൊട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇതില്‍ കണ്ണികളായിരുന്നു.

അപകടവിളി ഉണ്ടായാല്‍ അപകടം നടന്ന ഏറ്റവും അടുത്തുള്ള 102 ആംബുലന്‍സ് എത്തും. ആസ്പത്രിപൂര്‍വ പരിചരണത്തില്‍ പരിശീലനം ലഭിച്ച ഡ്രൈവര്‍മാരായിരുന്നു 102 ആംബുലന്‍സുകളുടെ പ്രത്യേകത. ഏയ്ഞ്ചല്‍ ഇതിനായി പ്രത്യേക പാഠ്യപദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. 108 ആംബുലന്‍സുകള്‍ പിന്നീട് വന്നപ്പോള്‍ 102 പിന്‍വലിഞ്ഞു. പക്ഷേ, അതിനുശേഷം സ്വകാര്യ ആംബുലന്‍സുകളെ കോര്‍ത്തിണക്കിയ ട്രോമാകെയര്‍ പദ്ധതി ഇതുവരെ വന്നിട്ടില്ല.

Content Highlights: Ambulance Drivers, Feature About Ambulance Drivers In Kerala