ണ്ടാം ലോകമഹായുദ്ധത്തിനുശേഷം കാര്‍ വില്പനയില്‍ വിപ്ലവം സൃഷ്ടിച്ച കാറായിരുന്നു ഫോര്‍ഡ് മസ്താങ്. പോണി കാര്‍ (Pony Car) എന്ന പുതിയ കാര്‍ വിഭാഗത്തിന് തുടക്കം കുറിക്കുന്നതും 1954 മസ്താങ് മോഡലിലൂടെയായിരുന്നു. 1957-ല്‍ കാരോള്‍ ഷെല്‍ബി എന്ന അമേരിക്കന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ ഈ മസ്താങ് കാറുകളില്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് റേസിങ്ങ് അപ്ഗ്രേഡ്സ് നല്‍കിത്തുടങ്ങി. ഷെല്‍ബി എന്ന മസ്താങ് ബ്രാന്‍ഡിങ്ങിന്റെ തുടക്കവും, മസില്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ ഐതിഹാസിക മാനമുള്ള 1957 മസ്താങ് ഷെല്‍ബിയുടെ ജനനവും അവിടെ നിന്നായിരുന്നു. ആ ലെഗസിയിലെ ഏറ്റവും പുതിയ അധ്യായമാണ് 2020 ഫോര്‍ഡ് മസ്താങ് ഷെല്‍ബി GT 500. പേര് ഒറ്റ ശ്വാസത്തില്‍ പറയാമെങ്കിലും പറയാനേറെയുണ്ട് ഈ ഷെല്‍ബിയെപ്പറ്റി. അതിലേക്ക് കടക്കും മുമ്പ് ഫോര്‍ഡ് പുറത്തുവിട്ട ടീസര്‍ വീഡിയോ ഒന്നു കാണാം.

വീഡിയോയില്‍ കണ്ടപോലെ 1957 മോഡലിന്റെ പുനരവതാരമാണ് ഈ 2020 മോഡല്‍. ഫോര്‍ഡ് ഇതുവരെ പുറത്തിറക്കിയ ഷെല്‍ബി ബ്രാന്‍ഡിലെ ഏറ്റവും കരുത്തുറ്റതും ഒപ്പം 'റോഡ് ലീഗല്‍' ആയ മസ്താങുകളില്‍ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. ഫോര്‍ഡ് പുറത്തുവിട്ട കണക്കനുസരിച്ച് 200 mph പരമാവധി വേഗം പ്രതീക്ഷിക്കുന്ന ഈ ഷെല്‍ബി GT 500 ന് 0-60 mph വേഗമാര്‍ജ്ജിക്കാന്‍ വേണ്ടത് 3.5 സെക്കന്റില്‍ കുറവ് മാത്രമാണ്. അതുപോലെ തന്നെ ഒരു ക്വാര്‍ട്ടര്‍ മൈല്‍ ദൂരം താണ്ടാന്‍ വേണ്ടത് 11 സെക്കന്റില്‍ താഴെയും. ഇംപ്രസീവ് ആയ ഈ കണക്കുകള്‍ക്ക് നന്ദി പറയേണ്ടത് ഇതിലെ 5.2 ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് V8 എഞ്ചിനോടാണ്. 

2020 Ford Mustang Shelby GT500
Photo Courtesy; Ford

അലൂമിനിയം ബ്ലോക്കില്‍ തീര്‍ത്ത ഹാന്‍ഡ്മെയ്ഡ് ആയ ഈ എഞ്ചിനോട് ഘടിപ്പിച്ചിരിക്കുന്നത് 2.65 ലിറ്റര്‍ റൂട്ട്സ്-ടൈപ്പ് സൂപ്പര്‍ ചാര്‍ജര്‍ ആണ്. ഇതോടൊപ്പം പുതിയ ഹൈഫ്‌ളോ സിലിണ്ടര്‍ ഹെഡ്സ്, അപ്ഗ്രേഡ് ചെയ്ത ഫോര്‍ജ്ഡ് കണറ്റിംഗ് റോഡ്, വൈഡ് ആര്‍ക് സിലിണ്ടര്‍ ലൈനേര്‍സ്, പേറ്റന്റ് ചെയ്യപ്പെട്ട ഓയില്‍ ബാറ്റില്‍ സിസ്റ്റം എന്നിവയും ഈ എഞ്ചിന്റെ ഭാഗമാണ്. ടീസറില്‍ സൂചിപ്പിച്ച പോലെ 700 hp ല്‍ അധികമായിരിക്കും ഈ എഞ്ചിന്റെ പവര്‍ എന്നാണ് ഫോര്‍ഡ് പറയുന്നത്. 

സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ സിസ്റ്റമാണ് ഈ എഞ്ചിനോട് ഘടിപ്പിച്ചിരിക്കുന്നത്. അതായത് പാഡില്‍ ഷിഫ്റ്റ് മാത്രമായിരിക്കും GT 500 ല്‍ ഉണ്ടാവുകയെന്നു സാരം. മാനുവല്‍ ഗിയറുകളെ പ്രണയിക്കുന്ന മസ്താങ് ആരാധകര്‍ക്ക് ഇത് ദുഃഖവാര്‍ത്തയാണെങ്കിലും 100 മില്ലി സെക്കന്റില്‍ താഴെ സമയം മതി ഷിഫ്റ്റിംഗ് നടക്കാന്‍ എന്നതുകൊണ്ട് തല്‍ക്കാലം അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാം. നോര്‍മല്‍, വെതര്‍, സ്പോര്‍ട്ട്, ഡ്രാഗ്, ട്രാക്ക് എന്നീ അഞ്ച് ഡ്രൈവ് മോഡുകളും ഫോര്‍ഡ് ഷെല്‍ബി GT 500 ല്‍ നല്‍കിയിട്ടുണ്ട്.

സിക്സ്ത് ജനറേഷന്‍ S550 പ്ലാറ്റ്ഫോമിലാണ് ഫോര്‍ഡ് ഈ ഷെല്‍ബിയെ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഇന്‍ഡിപെന്‍ഡന്റ് റിയര്‍ വിന്‍ഡോഡുകൂടിയ ഈ പ്ലാറ്റ്ഫോം ഷെല്‍ബി GT 500 ന്റെ പെര്‍ഫോര്‍മന്‍സിന് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. മസ്താങ് GT 350 ല്‍ പയറ്റിതെളിഞ്ഞ നെക്സ്റ്റ് ജനറേഷന്‍ 'മാഗ്നറൈഡ്' ആക്ടീവ് സസ്പെന്‍ഷന്‍ സിസ്റ്റമാണ് ഷെല്‍ബി GT 500 ല്‍ ഉള്ളത്. റിവൈസ്ഡ് സസ്പെന്‍ഷന്‍ ജിയോമെട്രിയോടുകൂടിയ ഈ സസ്പെന്‍ഷന്‍ സിസ്റ്റം ഹൈസ്പീഡ് കോര്‍ണറിങ്ങില്‍ പോലും റൈഡ് ക്വാളിറ്റി നിലനിര്‍ത്തുന്നതില്‍ അപാരമായ കഴിവാണ് കാഴ്ചവെക്കുന്നത്. 

2020 Ford Mustang Shelby GT500
Photo Courtesy; Ford

ഡോഡ്ജിന്റെ ഡെമണ്‍, ചാലഞ്ചര്‍ എന്നീ കാറുകളില്‍ നിന്ന് വ്യത്യസ്തമായി ഷെല്‍ബി GT 500 നെ ഒരു ട്രാക്ക് റെഡി + ഡെയ്ലി യൂസ് കാര്‍ ആയി അവതരിപ്പിക്കാന്‍ ഫോര്‍ഡിന് ആത്മവിശ്വാസം നല്‍കുന്നത് ഈ സസ്പെന്‍ഷന്‍ സിസ്റ്റവും, പുതിയ എയ്റോ ഡൈനാമിക് ഫീച്ചേഴ്സും ചേര്‍ന്നു നല്‍കുന്ന 'അജിലിറ്റി'യാണ്. ഷെല്‍ബി GT 500 നെ താരതമ്യം ചെയ്താല്‍ ഡെമണ്‍, ചാലഞ്ചര്‍ എന്നിവ 'സ്ട്രെയിറ്റ് ലൈന്‍' പെര്‍ഫോര്‍മന്‍സ് കാറുകള്‍ മാത്രമാണെന്ന് പറയേണ്ടി വരും.

20' ഗ്ലോസ് ബ്ലാക്ക് ഫ്ളോ ഫോര്‍മ്ഡ് വീല്‍സ് ആണ് സ്റ്റാന്‍ഡേര്‍ഡ് ആയി ഫോര്‍ഡ് GT 500 ല്‍ നല്‍കിയിട്ടുള്ളത്. ഒപ്പം മിഷലിന്‍ പൈലറ്റ് സ്പോര്‍ട്ട് 45 ടയറുകളും. കരുത്ത് കൂട്ടുന്നതുപോലെ ബ്രേക്കിങ്ങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനും ഫോര്‍ഡ് മറന്നിട്ടില്ല. Brembo യുടെ വെന്റിലേറ്റഡ് 420 mm (16.5 inch) 2 പീസ് 6 പിസ്റ്റണ്‍ സിസ്റ്റമാണ് മുന്‍ വീലുകളിലുള്ളത്. പിന്നിലാവട്ടെ 4 പിസ്റ്റണ്‍ 370 mm (14.5 inch) 2 പീസ് വെന്റിലേറ്റഡ് ബ്രേക്ക് വെട്ടേര്‍സും. പുതിയ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്ങ് ഫെസിലിറ്റിയില്‍ നിര്‍മിച്ച 3D പ്രിന്റഡ് ആയിട്ടുള്ള രണ്ട് പാര്‍ട്സുകള്‍ ഈ ബ്രേക്കിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കും എന്നൊരു കാര്യവും ഇതിന്റെ കൂട്ടത്തില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

എക്സ്റ്റീരിയറിലേക്ക് വരുമ്പോള്‍ മൊത്തത്തില്‍ ഒരു 'സിനിസ്റ്റര്‍' ലുക്ക് ആണ് ഷെല്‍ബി GT 500 ന് ഉള്ളത്. ഹെഡ്ലൈറ്റുകള്‍ ഇപ്പോഴത്തെ മസ്താങുകളിലേതു പോലെയാണെങ്കിലും അതിനു പുറത്തായി നല്‍കിയിട്ടുള്ള ഫോര്‍ഡ് റാപ്റ്ററിലേതു പോലുള്ള വീതിയേറിയ 'നോച്ചസ്' ശ്രദ്ധേയമാണ്. പുതിയ കോംപോസിറ്റ് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച റിയര്‍ ഡിഫ്യൂസറാണ് GT 500 ല്‍ ഉള്ളത്. 5 ഇഞ്ച് വലിപ്പമുള്ള നാല് SEMA ടൈപ്പ് എക്ഹോസ്റ്റ് ടിപ്പ് ആണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്. ഫങ്ഷണല്‍ ആയ റിയര്‍ വിംഗും, ഷെല്‍ബി ബാഡ്ജും, ഇപ്പോള്‍ ഉപയോഗത്തിലുള്ളതരം റിയര്‍ ലൈറ്റുകളും ചേരുമ്പോള്‍ അധികം പുതുമ അവകാശപ്പെടാനില്ലെങ്കിലും കാലികമായ ലുക്ക് ആണ് പിന്‍വശത്തിന് ഉള്ളത്.

2020 Ford Mustang Shelby GT500
Photo Courtesy; Ford

ഇന്റീരിയറില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം എന്നു പറയുന്നത് സാധാരണ DCT കാറുകളില്‍ ഗിയര്‍ ഷിഫ്റ്ററിനു പകരം ഫോര്‍ഡ് നല്‍കിയിട്ടുള്ള ഇലക്ട്രോണിക് റോട്ടറി ഗിയര്‍ സെലക്ടര്‍ ഡയല്‍ ആണ്. മസ്താങ് ആരാധകര്‍ക്ക് അത്രയ്ക്കങ്ങ് പിടിക്കില്ലെങ്കിലും പുതിയ DCT ക്ക് വേണ്ടി അനിവാര്യമായ മാറ്റം ആണ് ഫോര്‍ഡ് നടത്തിയിട്ടുള്ളത്. അല്‍ക്കാന്‍ട്ര ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിലും സീറ്റുകളിലും ഷെല്‍ബി ലോഗോ നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി ക്രോസ് ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്‍ഡ് സ്്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (BLIS),  3-സെറ്റിംഗ് മെമ്മറി സീറ്റ് ഫീച്ചര്‍ എന്നീ അധിക സൗകര്യങ്ങളും GT 500 ല്‍ ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്. 

ഏറ്റവും 'എക്ട്രീം' പെര്‍ഫോര്‍മന്‍സ് തന്റെ ഷെല്‍ബി GT500 ന് വേണം എന്നുള്ള ഉപഭോക്താക്കള്‍ക്കായി GT500 കാര്‍ബണ്‍ ഫൈബര്‍ ട്രാക്ക് പാക്കും ഫോര്‍ഡ് ഓഫര്‍ ചെയ്യുന്നുണ്ട്. മിഷലിന്‍ പൈലറ്റ് സ്പോര്‍ട്ട് കപ്പ്-2 ടയറുകളോടുകൂടിയ 20 ഇഞ്ച് കാര്‍ബണ്‍ ഫൈബര്‍ വീല്‍സ് (പിറകില്‍ 0.5 ഇഞ്ചിന്റെ വീതി കൂടുതല്‍), ക്രമീകരിക്കാവുന്ന സ്ട്രറ്റ്ടോപ് മൗണ്ട്സ്, കാര്‍ബണ്‍ ഫൈബര്‍ ഇന്‍ട്രുമെന്റ് പാനല്‍, GT 4 കാറിലേതു പോലുള്ള അഡ്ജസ്റ്റബിള്‍ കാര്‍ബണ്‍ ഫൈബര്‍ ട്രാക്ക് പിംഗ്, ലെതര്‍ ഫിനിഷ് ഉള്ള സീറ്റുകള്‍, പ്രത്യേകതരം മൈക്രോഫൈബര്‍ മെറ്റീരിയല്‍ കൊണ്ടുള്ള ഡോര്‍ പാനല്‍ ട്രിം, വീല്‍ ലോക്കിങ്ങ് കിറ്റ് എന്നിവയോടൊപ്പം പിന്‍സീറ്റ് എടുത്തു മാറ്റുക എന്ന കര്‍മം കൂടെയായാല്‍ ട്രാക്ക് പാക്ക്‌ ഫീച്ചേര്‍സ് എല്ലാമായി.

ഷെല്‍ബി GT 500 ന്റെ വിലയും മറ്റു വിവരങ്ങളും ഫോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ഗ്രാബെര്‍ ലൈം, ഐക്കണിക് സില്‍വര്‍, ടിന്റഡ് റെഡ്ഹോട്ട് മെറ്റാലിക് ക്ലിയര്‍കോട്ട്, ടിന്റഡ് ട്വിസ്റ്റര്‍ ഓറഞ്ച് എന്നീ പുതുനിറങ്ങളില്‍ GT500 ലഭ്യമാകും. ഒറിജിനല്‍ 1957 മോഡലിനേക്കാള്‍ ഇരട്ടി പവറുള്ള ഈ പുത്തന്‍ ഷെല്‍ബി ഫോര്‍ഡിന്റെ നേട്ടങ്ങളില്‍ ഒരു പുതിയ അധ്യായമാകും എന്നുറപ്പാണ്.

(വാല്‍ക്കഷ്ണം: ഏറ്റവും ആദ്യത്തെ 2020 മസ്താങ് ഷെല്‍ബി GT 500 (VIN-001) ഫോര്‍ഡ് ലേലത്തില്‍ വില്‍ക്കുകയുണ്ടായി. 1.1 മില്യണ്‍ യു.എസ്. ഡോളറിനാണ് Barrett-Jackosn ലേലകമ്പനിയുടെ CEO ആയ Craig Jackosn ആദ്യ 2020 ഷെല്‍ബി GT 500 നായി മുടക്കിയത്. ഈ തുക മുഴുവനും ഫോര്‍ഡ് തങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്ന JDRF ജുവനൈല്‍ ഡയബെറ്റിസ് റിസേര്‍ച്ച് ഫൗണ്ടേഷന് നല്‍കി.)

Content Hiighlights; All New 2020 Ford Mustang Shelby GT500