പെട്രോളിനായി പോക്കറ്റ് കീറിയാലും വേണ്ടില്ല, ഒച്ചിന്റെ വേഗമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേണ്ടെന്ന് തീരുമാനിച്ചവര്‍ ഈ യുവ എന്‍ജിനീയര്‍ നിര്‍മിച്ച ഇലക്ട്രിക് ബൈക്കൊന്ന് ഓടിച്ചുനോക്കണം. 150 സി.സി. പവറുള്ള യമഹ എഫ്.സി. ബൈക്കിനെ, പവറൊട്ടും ചോരാതെ ഇലക്ട്രിക് ആക്കി മാറ്റിയിരിക്കുകയാണ് കോട്ടയം മള്ളൂശേരി നിവാസിയായ ആല്‍ബര്‍ട്ട് എ.സുനില്‍.

വീലില്‍ ഘടിപ്പിച്ച 2000 വാട്ട് മോട്ടോറാണ് ബൈക്കിന് കുതിപ്പേകുന്നത്. 35 എ.എച്ചിന്റെ ബാറ്ററിയിലാണ് പ്രവര്‍ത്തനം. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്ര ലളിതമായി ചാര്‍ജ് ചെയ്യാം. ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്റര്‍വരെ ഓടും. പൂര്‍ണമായ ചാര്‍ജിങ്ങിന് രണ്ട് യൂണിറ്റോളം വൈദ്യുതി മതി.

ബൈക്കിനെ ഇലക്ട്രിക് ആക്കാന്‍ ഒരുലക്ഷം രൂപയോളം ചെലവ് വന്നു. അതേസമയം, 100 രൂപയുടെ പെട്രോള്‍ അടിച്ച് ഓടുന്ന ഓട്ടം 15 രൂപയില്‍ താഴെ വൈദ്യുതിയില്‍ ഓടാം. പെട്രോള്‍ വണ്ടിയുടേതുപോലുള്ള സര്‍വീസുകളൊന്നും വേണ്ടെന്നതും ദീര്‍ഘനാളത്തെ ഉപയോഗത്തില്‍ ഇലക്ട്രിക് ബൈക്കിനെ ലാഭകരമാക്കുന്നു.

ബൈക്കിന്റെ ഇലക്ട്രിക് യൂണിറ്റ് വെള്ളപ്പൊക്കത്തില്‍പ്പെട്ടാല്‍പോലും കേടാകില്ല. പിന്നിലേക്ക് ഓടിക്കാം എന്നത് ഇറക്കത്തിലെ പാര്‍ക്കിങ്ങുകളില്‍ സഹായകരമാണ്. വികലാംഗര്‍ക്കും ഇത് ഏറെ പ്രയോജനകരം. ഏത് ബൈക്കും ഇതുപോലെ ഇലക്ട്രിക്കാക്കി മാറ്റാമെന്നും ആല്‍ബര്‍ട്ട് പറയുന്നു. ബാറ്ററി മാറ്റി മൈലേജും പവറും ആവശ്യാനുസരണം കൂട്ടാം. 

ഇലക്ട്രിക്കും പെട്രോളുമുള്ള ഹൈബ്രിഡ് മോഡലും ആക്കാം. ശക്തിയുള്ള മോട്ടോറായതിനാല്‍ ബൈക്കിന് രജിസ്ട്രേഷന്‍ വേണം. കേന്ദ്ര ഏജന്‍സികളുടെ വിവിധ പരിശോധനകള്‍ വിജയിച്ചാലേ അത് ലഭിക്കൂ. 2018-ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. പൂര്‍ത്തിയാക്കിയ ആല്‍ബര്‍ട്ട്, കോളേജില്‍ പഠിക്കുന്ന കാലത്തേതുടങ്ങിയതാണ് ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കാനുള്ള ശ്രമം. ഐ.ടി. രംഗത്ത് മികച്ച ശമ്പളത്തില്‍ കിട്ടിയ ജോലി പിന്നീട് ഉപേക്ഷിച്ചതും കുമാരനല്ലൂരിലെ ശക്തി വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി ജോലിക്ക് കയറിയതും ആ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു.

പഴയൊരു ബൈക്ക് വാങ്ങി അതില്‍ പരീക്ഷണങ്ങള്‍ നടത്തിവന്ന ആല്‍ബര്‍ട്ടിന്, ഇപ്പോള്‍ കാണുന്ന സാങ്കേതികവിദ്യയിലേക്ക് എത്താന്‍ മൂന്നുലക്ഷത്തോളം രൂപ ചെലവായി. വിവിധ ബൈക്കുകള്‍ക്ക് ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്ന കേന്ദ്രം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അതിന് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ തേടുകയാണ് ഈ 27-കാരന്‍.

അടിമാലിയിലെ ഉറുമ്പില്‍ കുടുംബാംഗമായ ആല്‍ബര്‍ട്ട്, മള്ളൂശേരിയിലെ അമ്മവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അച്ഛന്‍ സുനില്‍ എബ്രഹാം അടിമാലിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നു. അമ്മ മിനി സുനില്‍. സഹോദരന്‍ മാത്യു സുനില്‍ ഐ.ടി.ഐ. വിദ്യാര്‍ഥി.

Content Highlights: Albert's Electric Bike, Yamaha FZ Based Electric Bike Made By Albert