അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണു, പോലീസ് പങ്കുവെച്ച ചിത്രവും | Photo: Facebook
യാത്രക്കാര്‍ക്കുള്ള സുരക്ഷാമുന്നറിയിപ്പുമായി, വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ കുറിപ്പ്. സീറ്റ് ബെല്‍റ്റ് യഥാവിധി ധരിക്കാത്തതിന്റെ ദുരവസ്ഥയാണ് ഇപ്പോള്‍ താന്‍ നേരിടുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടത്. തലയോട്ടിയിലടക്കം പൊട്ടലുള്ള അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.
സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്രമാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടുമാത്രമാണ്. മുന്നിലിരുന്നവര്‍ക്ക് എയര്‍ബാഗിന്റെ പരിരക്ഷയും ലഭിച്ചു. മേല്‍ഭാഗത്തെ ബെല്‍റ്റ് പിന്നിലേക്കു മാറ്റി, കീഴ്ഭാഗത്തെ ബെല്‍റ്റ് മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്കുപറ്റിയത്. ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിവി. വേണുവിന്റെ കുറിപ്പ്.
പ്രിയമുള്ളവരെ,
മൂന്നാഴ്ച മുമ്പ് കായംകുളത്തിനടുത്തു വച്ച് എനിക്കും കുടുംബത്തിനും അപകടമുണ്ടായ വിവരം അറിഞ്ഞു കാണുമല്ലോ. പലരും സന്ദേശങ്ങളിലൂടെയും നേരിട്ടും ഫോണ്‍ ചെയ്തും വിവരങ്ങള്‍ അന്വേഷിക്കുകയും പ്രാര്‍ഥനകള്‍ അറിയിക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും ശ്രദ്ധയ്ക്കും ആശ്വാസ വാക്കുകള്‍ക്കും ഞാന്‍ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.
ഞാനും ശാരദയും മകനും ഉള്‍പ്പെടെ ഞങ്ങള്‍ ഏഴ് പേരുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗണ്‍മാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേര്‍ക്കും ഏറിയും കുറഞ്ഞു അപകടം സംഭവിക്കുകയും ചെയ്തു.
ഞങ്ങളുടെ പരിക്കുകള്‍ അല്പം ഗുരുതരമാണെങ്കില്‍ തന്നെയും അവ ജീവനു ഭീഷണി ഉള്ളതല്ല എന്ന് അറിയിച്ചുകൊള്ളട്ടെ. എന്റെ തലയോട്ടിയില്‍ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോള്‍ നിസ്സാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഞാനിപ്പോള്‍ ആശുപത്രിയില്‍നിന്നും തിരികെ വീട്ടിലെത്തിയിട്ടുണ്ട്. സംസാരിക്കുവാന്‍ വിഷമമുണ്ട്, അതുകൊണ്ടാണ് ഫോണ്‍ കോളുകള്‍ക്ക് എനിക്ക് ഉത്തരം പറയാന്‍ കഴിയാത്തത്. വാരിയെല്ലുകള്‍ക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇന്‍ഫെക്ഷന്റെ ഭീതി നിലവിലുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുമുണ്ട്.
എനിക്ക് സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവര്‍ക്ക് എയര്‍ബാഗിന്റെ പരിരക്ഷയും ലഭിച്ചു.
ഞാന്‍ മാത്രം മേല്‍ഭാഗത്തെ ബെല്‍റ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെല്‍റ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്.
ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പോറല്‍ പോലുമില്ലാതെ ഞാന്‍ രക്ഷപ്പെട്ടേനെ.
യാത്രക്കാര്‍ ഏത് സീറ്റില്‍ ആണെങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധപൂര്‍വ്വം ധരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മുന്‍ സീറ്റില്‍ മാത്രമല്ല നടുവിലും പിന്‍സീറ്റിലും ഉള്ള യാത്രക്കാര്‍ കൃത്യമായും ബെല്‍റ്റ് ധരിച്ചിരിക്കണം. അതുപോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.
അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍, അസമയത്തും അടിസ്ഥാന ശുശ്രൂഷ നല്‍കിയ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, പരുമല മാര്‍ ഗ്രേഗോരിയസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോ.ശ്രീകുമാറും ടീം അംഗങ്ങളും, അവിടെയുള്ള എല്ലാ സ്‌പെഷ്യലിസ്റ്റ് വിദഗ്ധരും, ഐസിയുവില്‍ സേവനമനുഷ്ടിക്കുന്ന സിസ്റ്റര്‍മാര്‍, എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്ന ഫാദര്‍ പൗലോസ്... ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ യത്‌നിച്ച ഓരോ വ്യക്തിയും ഞങ്ങളുടെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കും.
മറ്റു തിരക്കുകള്‍ക്കിടയിലും ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ച ആദരണീയനായ ഗവര്‍ണര്‍, ബഹുമാന്യനായ മുഖ്യമന്ത്രി, അഭിവന്ദ്യ സഭാ തിരുമേനിമാര്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ബഹുമാന്യരായ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാതോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍,മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം, ജില്ലാ കളക്ടര്‍മാരായ ദിവ്യയും ജയശ്രീയും കൃഷ്ണതേജയുമടക്കം ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കുടുംബാംഗങ്ങള്‍...എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി.. ആശ്വാസവചനങ്ങളും പ്രോത്സാഹനവും ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരും.
Content Highlights: Additional Chief Secretary V.Venu facebook post about his accident, Importance of seat belt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..