ജോജു ജോർജ് | Photo: Social Media
വെള്ളിത്തിരയിലെ വേറിട്ട പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജോജു ജോര്‍ജ്. നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ സജീവസാന്നിധ്യമായി തിളങ്ങുന്ന താരം തികഞ്ഞ വാഹനപ്രേമിയുമാണ്. ആകര്‍ഷകങ്ങളായി വാഹനങ്ങള്‍ അലങ്കരിക്കുന്ന ജോജുവിന്റെ ഗ്യാരേജിലേക്ക് ലാന്‍ഡ് റോവറിന്റെ കരുത്തന് എസ്.യു.വിയായ ഡിഫന്‍ഡറും എത്തിയിരിക്കുകയാണ്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ അവതരിപ്പിച്ച ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന് മോഡലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയിരിക്കുന്നത്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ കരുത്തന് എസ്.യു.വിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകള്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ എത്തിയത്. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്.
പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ കേമനാക്കുന്നതില് പ്രധാനം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തിലെത്തിയിട്ടുള്ളത്. ഇത് 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്.
Content Highlights: Actor Joju George Buys Land Rover Defender 110 SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..