ക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റര്‍ വരുന്നത് ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നവര്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വരുന്ന അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റര്‍ വന്നാല്‍ സാധാരണ ഡ്രൈവിങ് സ്‌കൂളുകള്‍ പൂട്ടിപ്പോകേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. 

അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററില്‍ നിന്ന് ഡ്രൈവിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് നല്‍കും. അതായത് ഏതാണ്ട് നിയന്ത്രണം പൂര്‍ണമായി സ്വകാര്യ മേഖലയിലേക്ക് മാറുന്ന സ്ഥിതി. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റര്‍ ആര്‍ക്കും തുടങ്ങാം. 

എന്നാല്‍, സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല മാനദണ്ഡങ്ങള്‍. ട്രെയ്നിങ് സെന്ററിന് രണ്ടേക്കര്‍ സ്ഥലം വേണം. ട്രാക്കുകള്‍ക്കും സെന്ററിനും മറ്റ് ഉപകരണങ്ങള്‍ക്കുമെല്ലാമായി ഏഴ് കോടിയിലധികം രൂപ ചെലവു വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ഇത് അസാധ്യമായിരിക്കും.

ട്രെയ്നിങ് സെന്റര്‍ വന്നാലും ഡ്രൈവിങ് സ്‌കൂളുകള്‍ നടത്താം. പക്ഷേ, ഇവിടെ പഠിച്ചാലും സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ട്രെയ്നിങ് സെന്ററുകളെ ആശ്രയിക്കേണ്ടി വരും. അതായത് ട്രെയ്നിങ് സെന്റര്‍ പറയുന്ന തുക സ്‌കൂളുകള്‍ നല്‍കേണ്ടി വരും. കോടികള്‍ മുതല്‍മുടക്കിയതിനാല്‍ തന്നെ വലിയ തുക ഇവര്‍ ഈടാക്കും. 

ഇതോടെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള തുകയും വര്‍ധിക്കും. നിലവില്‍ കേരളത്തില്‍ ഇരുചക്ര വാഹനത്തിനും കാറിനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് 10,000 മുതല്‍ 15,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് ഇരട്ടിയായി വര്‍ധിക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.

എല്ലാം കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി

കോര്‍പ്പറേറ്റ് മേഖലയ്ക്കായാണ് പുതിയ പരിഷ്‌കരണം കൊണ്ടുവരുന്നത്. ഞങ്ങളുടെ എതിര്‍പ്പ് ആരും കാര്യമാക്കുന്നില്ല. ഡ്രൈവിങ് സ്‌കൂളുകളെ നേരിട്ട് ബാധിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്റര്‍ വരുന്നതോടെ സ്ഥിതി മാറും.

- സി.ടി. അനില്‍ (ജനറല്‍ സെക്രട്ടറി, ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍)

Content Highlights: Accredited Driver Training Centres, Driving Schools, Driving Training