ആരുടേയോ അമിതവേഗത്തിന് കൊടുക്കേണ്ടി വന്ന വില; ആ രാത്രി ഇന്നും നടുക്കുന്ന ഓര്‍മ്മയാണ് ശ്രീനാഥിന്


അജിത് ടോം2016 ഓഗസ്റ്റ് 18 തീയതി. ആ ദിവസം ശ്രീനാഥിന്റെ ജീവിതത്തിലെ ഒരു മങ്ങിയ ഓര്‍മയാണ്. ആ ദിവസമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ശ്രീനാഥ് പറയുന്നു.

ശ്രീനാഥും ഭാര്യയയും മകനും

റ്റവുമധികം കേട്ടുപഴകിയിട്ടുള്ള ഉപദേശങ്ങളാണ് വേഗത കുറച്ച് വാഹനമോടിക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക തുടങ്ങിയവ. കേള്‍ക്കുന്നവര്‍ ഒരു തരിമ്പുപോലും മുഖവിലയ്ക്ക് എടുക്കാത്തതും ഈ ഉപദേശം തന്നെയായിരിക്കും. റോഡിലെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം ചെറിയ പ്രായത്തില്‍ തന്നെ ലോകത്തോട് വിട പറഞ്ഞവരും അവരുടെ വിയോഗ ദുഖത്തില്‍ ഇന്നും നീറുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍, സ്വന്തം ശ്രദ്ധ കുറവ് മൂലമോ, മറ്റുള്ളവരുടെ അശ്രദ്ധ മൂലമോ ആയുഷ്‌കാലം മുഴുവന്‍ കിടക്കയില്‍ ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരും നമുക്കിടയിലുണ്ട്.

അപകടമുണ്ടാക്കുന്ന ആഘാതം നാളിതുവരെയുള്ള ജീവിതത്തില്‍ നിന്നും നമ്മളില്‍ വലിയ മാറ്റമുണ്ടാക്കും. ശാരീരിക പ്രശ്നങ്ങളെക്കാള്‍ മാനസികമായി ഉണ്ടാകുന്ന തളര്‍ച്ചയായിരിക്കും അപകടത്തില്‍പ്പെട്ടവരെ കൂടുതല്‍ ബാധിക്കുന്നത്. എന്നാല്‍, വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി തളര്‍ത്താന്‍ നോക്കിയിട്ടും രണ്ട് കാലും നഷ്ടപ്പെട്ടിട്ടും ജീവതത്തോട് പോരാടി മുന്നോട്ട് പോകുന്ന തൃശൂര്‍ ചാലക്കുടി സ്വദേശിയായ ശ്രീനാഥ് എന്ന യുവാവ് ഇത്തരത്തില്‍ ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവര്‍ക്ക് പ്രചോദനമാണ്.2016 ഓഗസ്റ്റ് 18

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചാലക്കുടി ഐ.ടി.ഐയില്‍ ഇലക്ട്രിക്കല്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ മുതല്‍ തന്നെ എല്ലാ വാഹനങ്ങളും ശ്രീനാഥ് ഓടിച്ചിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച് ചുരുങ്ങിയ സാമ്പത്തിക ചുറ്റുപാടില്‍ ജീവിച്ചിരുന്ന ഈ യുവാവിന് വിദ്യാഭ്യാസം അവസാനിപ്പിച്ച് പൂര്‍ണമായും ഡ്രൈവിങ്ങിലേക്ക് തിരിയേണ്ട സാഹചര്യമുണ്ടായി. തന്റെ സുഹൃത്ത് വാങ്ങിയ ടെംബോ ട്രാവലറിന് ഡ്രൈവറെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ സമീപിക്കുകയും ആ വാഹനത്തിന്റെ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളില്‍ എത്തിക്കുകയായിരുന്നു ശ്രീനാഥിന്റെ പ്രധാന ജോലി. ഇതിനൊപ്പം ഇടയ്ക്ക് മറ്റൊരു വാഹനത്തിലും ശ്രീനാഥ് ഡ്രൈവര്‍ ജോലി നോക്കി.

2016 ഓഗസ്റ്റ് 18 തീയതി. ആ ദിവസം ശ്രീനാഥിന്റെ ജീവിതത്തിലെ ഒരു മങ്ങിയ ഓര്‍മയാണ്. ആ ദിവസമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ശ്രീനാഥ് പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി തെങ്കാശിയില്‍ പോയി മടങ്ങിയുള്ള യാത്രയിലായിരുന്നു ശ്രീനാഥ്. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ബാഗ് എടുത്ത് നല്‍കാന്‍ ശ്രീനാഥ് പുറത്തിറങ്ങി. ഈ സമയം റോഡിലൂടെ വന്ന ഒരു പിക്കപ്പ് ശ്രീനാഥിനെ ഇടിച്ചു തെറിപ്പിച്ചു. ചാറ്റല്‍ മഴയുമുണ്ടായിരുന്ന ആ രാത്രിക്ക് ശേഷം നാല് ദിവസങ്ങള്‍ കഴിഞ്ഞുള്ള ഒരു പകലാണ് ശേഷം അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഉള്ളത്. അപ്പോള്‍ ആശുപത്രിയിലെ ഐ.സി.യു. മുറിയിലായിരുന്നു ശ്രീനാഥ്.

ബോധം വന്നപ്പോള്‍ തനിക്ക് കാര്യമായ കുഴപ്പം സംഭവിച്ചതായി ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍, ഡോക്ടര്‍മാരും നേഴ്സുമാരുമെല്ലാം തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. വീട്ടുകാരെ ആരെയും ആ പരിസരത്തൊന്നും കാണാതെ വന്നതോടെ എന്തോ കാര്യമായി സംഭവിച്ചെന്ന് അദ്ദേഹത്തിന് മനസിലായി. തന്റെ കാല്‍ മുറിച്ച് മാറ്റിയ സത്യം തിരിച്ചറിയുന്നത് സിനിമകളില്‍ കാണുന്നത് പോലെയാണ്. കൈ കൊണ്ട് കാലില്‍ പരതി നോക്കിയപ്പോഴാണ് അത് പൂര്‍ണമായും ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഡോക്ടര്‍ എത്തി ഈ വിവരം അറിയിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ ഇത് കൂടിയേ മതിയാകുമായിരുന്നുള്ളൂ. ഒരു കാല്‍ ഉണ്ടല്ലോ എന്ന് സമാധാനിച്ചെങ്കിലും ആ ആശ്വാസത്തിനും ആയുസ്സ് കുറവായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അതും മുറിച്ച് മാറ്റേണ്ടിവന്നു.

കൃത്രിമക്കാലിലേക്ക്

ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് പുറപ്പെടും മുമ്പ് ഡോക്ടര്‍ ഒരു കാര്യം പറഞ്ഞു. നടക്കാനുള്ള തോന്നല്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കൃത്രിമകാലുകള്‍ പിടിപ്പിച്ചിരിക്കണം. എന്നാല്‍, അതിനുള്ള മാര്‍ഗങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ സഹായത്തോടെ വീട്ടില്‍ എത്തി. നല്ല സുഹൃത്തുക്കളും സഹപാഠികളും തനിക്ക് ഒരു നിമിഷം പോലും എകാന്തത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. എപ്പോഴും തനിക്ക് ചുറ്റിലും തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം വീട്ടില്‍ കഴിഞ്ഞതിന് ശേഷം കൃതൃമക്കാലുകള്‍ വയ്ക്കുന്നതിനുള്ള വഴി തെളിഞ്ഞു.

ശ്രീനാഥ് പഠിച്ച ഐ.ടി.ഐയിലെ സഹപാഠികളും അയല്‍വാസികളായ നാട്ടുകാരും ശ്രീനാഥിന് കൃത്രിമകാലുകള്‍ നല്‍കാമെന്നേറ്റു. അവര്‍ സ്വരുക്കൂട്ടിയ പണവുമായി ശ്രീനാഥ് എറണാകുളത്തേക്കു തിരിച്ചു. ശ്രീനാഥ് ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളില്‍ ഒന്നായിരുന്നു ആശുപത്രിയില്‍ കൊണ്ടുപോകാനായി എത്തിയത്. അപകടമുണ്ടായ ശേഷം ഏറ്റവുമധികം കരഞ്ഞത് ഒരു പക്ഷേ ആ വാഹനം കണ്ടപ്പോഴാണെന്ന് ശ്രീനാഥ് പറയുന്നു. ജീവിതത്തില്‍ ഒരിക്കലും ഈ വണ്ടിയെന്നല്ല, മറ്റൊരു വണ്ടിയും ഓടിക്കാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടമായിരുന്നു ശ്രീനാഥിന്. ഒരു ജോലി എന്നതിലുപരി വാഹനമോടിക്കുക എന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു. എന്നാല്‍, കാല് വെച്ച് കഴിഞ്ഞാല്‍ നിനക്ക് ഇനിയും വാഹനമോടിക്കാന്‍ സാധിക്കുമെന്നായിരുന്നു ചില കൂട്ടുകാരുടെ ആശ്വാസ വാക്കുകള്‍.

മൂന്ന് മാസം നീളുന്ന ചികിത്സയാണ് കൃതൃമക്കാല്‍ വയ്ക്കുന്നതും മറ്റും വേണ്ടി വരുന്നത്. അതിനായി എറണാകുളത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു. 25-ാം ദിവസം കൃത്രിമക്കാലിന്റെ സഹായത്തോടെ ശ്രീനാഥ് ആദ്യ ചുവടുവച്ചു.അതിനിടെ കഠിനമായ വേദനയിലും സന്തോഷം കണ്ടെത്താന്‍ ഒരു കാരണം ശ്രീനാഥിന് അവിടെ നിന്നും ലഭിച്ചു. ഈ ചികിത്സ കാലഘട്ടത്തില്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയത്തില്‍ ആകുകയും ചെയ്തു.

പ്രണയം, വിവാഹം

എറണാകുളത്തെ ചികിത്സ കാലഘട്ടത്തിലെ സുഖമുള്ള ഒരേയൊരു ഓര്‍മ ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രണയമായിരുന്നു. വെറും 24 ദിവസം മാത്രമാണ് പരസ്പരം കണ്ടതും നേരിട്ട് സംസാരിച്ചതും. ഈ ദിവസങ്ങളില്‍ തന്നെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയും ഒന്നിച്ചൊരു ജീവിതമമെന്ന തീരുമാനത്തില്‍ എത്തുകയുമായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിച്ചു. ഇപ്പോള്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന ഒരു മകനുമുണ്ട് ശ്രീനാഥിന്.

ജീവിതം മുന്നോട്ട്

കൃത്രിമക്കാലിന്റെ സഹായത്തോടെ ജീവിതം പതുക്കെ പൂര്‍വ്വസ്ഥിതിയില്‍ എത്തിത്തുടങ്ങിയതോടെ ഇനി മുന്നോട്ട് എന്ത് എന്നുള്ള ചിന്തയും ഉണ്ടായി തുടങ്ങി. ഇതോടെ പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കാമെന്ന് തീരുമാനിച്ചു. മുമ്പ് പഠിച്ചിരുന്ന ചാലക്കുടി ഐ.ടി.ഐയില്‍ ഡിഗ്രി ചെയ്യാന്‍ തീരുമാനിച്ചെങ്കിലും സ്റ്റെനോഗ്രാഫര്‍ കോഴ്സ് പഠിക്കുന്നതായിരിക്കും ഉചിതമെന്നായിരുന്നു അധ്യാപകരുടെ നിര്‍ദേശം. ഈ പഠനകാലത്താണ് വിവാഹം കഴിക്കുന്നത്. ഇതോടെ പഠനം കൊണ്ട് കുടുംബം മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് ഉപജീവനമാര്‍ഗം നേടാനാരംഭിച്ചു. അങ്ങനെ പഠനത്തിന് ഒരിക്കല്‍ കൂടി ഫുള്‍ സ്റ്റോപ്പ് ഇടേണ്ടിവന്നു.

തനിക്ക് നോക്കി നടത്താന്‍ സാധിക്കുന്ന ഒരു കട ആരംഭിക്കുക എന്നതായിരുന്നു ശ്രീനാഥിനു മുന്നിലുണ്ടായിരുന്ന വഴി. മൊബൈല്‍ റീച്ചാർജ്, ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി. തുടങ്ങിയ സംവിധാനങ്ങളുള്ള ഒരു ഷോപ്പ് നാട്ടില്‍ തുടങ്ങി. വീടിന് സമീപത്തുള്ള ഒരാള്‍ നല്‍കിയ സ്‌കൂട്ടറില്‍ ഒരു ടയര്‍ കൂടി ഘടിപ്പിച്ചായിരുന്നു ആദ്യ കാലങ്ങളില്‍ കടയിലേക്കുള്ള യാത്രകള്‍ പിന്നീട് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സ്വന്തമായി ഒരു സ്‌കൂട്ടര്‍ ശ്രീനാഥിനു നല്‍കി. 77 കിലാമീറ്റര്‍ ദൂരെയുള്ള ഭാര്യയുടെ വീട്ടിലേക്ക് പോലും ഇപ്പോള്‍ ഈ സ്‌കൂട്ടറിലാണ് യാത്രയെന്ന് ശ്രീനാഥ് പറയുന്നു.

ആരോടും പരാതിയില്ല

26-ാം വയസിന്റെ യൗവ്വനത്തിലാണ് ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കാത്ത രീതിയില്‍ തന്നെ ഇരുകാലുകളും നഷ്ടപ്പെടുന്നത്. അരിയുമായി തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോയ പിക്കപ്പ് ആണ് ശ്രീനാഥിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായത്. എന്നാല്‍, പുലര്‍ച്ചെ സമയത്ത് ഒരു സെക്കന്റ് നേരത്തേക്കെങ്കിലും ആ ഡ്രൈവര്‍ കണ്ണടച്ച് പോയതായിരിക്കാം എന്നാണ് ശ്രീനാഥ് പറയുന്നത്. ഒരുപക്ഷെ അന്ന് പെയ്തിരുന്ന ചാറ്റല്‍ മഴയ്ക്ക് പകരം ശക്തമായ മഴയായിരുന്നുവെങ്കില്‍ ആ വാഹനവും വളരെ പതുക്കയേ വരുമായിരുന്നുള്ളൂ. എങ്കില്‍ ഇങ്ങനെ ഒരു അവസ്ഥ തനിക്ക് സംഭവിക്കുമായിരുന്നില്ല. ആ ഡ്രൈവറിനെയും ഒരിക്കലും കുറ്റം പറയാനില്ലെന്നും ശ്രീനാഥ് പറയുന്നു.

വലിയ സന്തോഷം

ഓരോ തൃശ്ശൂരുകാരന്റെയും വികാരമാണ് തൃശ്ശൂര്‍ പൂരവും വെടിക്കെട്ടും കുടമാറ്റവുമെല്ലാം. അപകടമുണ്ടാകുന്നത് വരെ ഒരുക്കലും മുടക്കാത്ത ആഘോഷങ്ങളിലൊന്നായിരുന്നു അത്. പക്ഷെ കഴിഞ്ഞ ആറ് വര്‍ഷമായി ഈ ഉത്സവം ശ്രീനാഥിന് അന്യമായിരുന്നു. എന്നാല്‍, തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇത്തവണത്തെ പൂരം കാണാന്‍ കഴിഞ്ഞു എന്ന് വലിയ സന്തോഷത്തോടെ അദ്ദേഹം പറയുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ എത്തിയാണ് അദ്ദേഹം ഉള്‍പ്പെടെ ആറ് പേരെ കൊണ്ടുപോയതും പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ സഹായിച്ചതും.

ഇനി ഒരു ഉപദേശം

യുവാക്കളെയും മറ്റും ഏറ്റവുമധികം അസ്വസ്തരാക്കുന്ന ഒന്നാണ് ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കണമെന്നുള്ളതും ബൈക്ക് പോലുള്ള വാഹനങ്ങള്‍ പതുക്കെ ഓടിക്കണമെന്നതും. എന്നാല്‍, സാധാരണ നിലയിലെ ജീവിതം അടിമുടി മാറാന്‍ ഒരു സെക്കന്റ് മാത്രം മതി. മരണമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന വിഷമം കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടെങ്കിലും മാറിയേക്കാം. എന്നാല്‍, ഇത്തരത്തില്‍ അംഗഭംഗം സംഭവിക്കുകയോ സ്പൈനല്‍ കോഡിനുള്ള തകരാര്‍ പോലെ ഗുരുതരമായ പരിക്കുകളോ പറ്റിയാല്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. സ്വന്തമായി ഒന്ന് തിരിഞ്ഞ് പോലും കിടക്കാന്‍ സാധിക്കാതെ നിരവധി ആളുകള്‍ നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്.

എനിക്ക് ഉണ്ടായ അപകടം ഒരുഘട്ടത്തില്‍ എന്നെയും ഒരു ഡിപ്രഷനിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് കൗണ്‍സിലിങ്ങ് സ്വീകരിക്കുകയും മറ്റും ചെയ്തിട്ടുമുണ്ട്. എന്നാല്‍, പിന്നീട് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്, വാഹനാപകടത്തിലും മറ്റും പരിക്കേറ്റ് ജീവന്‍ മാത്രമായി കഴിയുന്ന പലരേയും കാണുകയും തനിക്ക് ഇനിയും പലതും ചെയ്യാന്‍ സാധിക്കുമെന്ന് തിരിച്ചറിയുകയും ചെയ്യുന്നത്. നമ്മുടെ ഇഷ്ടങ്ങള്‍ സാധിക്കുന്നതിനും മറ്റുമായി മാതാപിതാക്കള്‍ വാങ്ങി നല്‍കുന്ന വാഹനങ്ങള്‍ക്കും മറ്റുമായി നമുക്ക് പകരം നല്‍കാന്‍ സാധിക്കുന്ന നമ്മുടെ ആയുസ് തന്നെയാണെന്ന് ശ്രീനാഥ് പറയുന്നു.

Content Highlights: Accident victim Sreenath from Thrissur, He lost his legs due to speedy vehicle hit, Road safety,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented