സുകുമാരൻ മാഷ്.
പ്രായം 97. പൊതുവേ വീട്ടിനകത്ത് കൂനിക്കൂടിയിരിക്കേണ്ട പ്രായം. എന്നാല്‍ സുകുമാരന്‍ മാഷ് അങ്ങനെയല്ല. വീടിന് പുറത്തേക്ക് ഇറങ്ങുമെന്നുമാത്രമല്ല, സ്വന്തമായി കാറോടിച്ച് തലശ്ശേരി പട്ടണത്തിലേക്കും പരിസരങ്ങളിലേക്കും യാത്ര ചെയ്യും. എരഞ്ഞോളി പഞ്ചായത്തിലെ അരങ്ങാറ്റുപറമ്പ് ഗായത്രിയിലാണ് റിട്ട. അധ്യാപകനായ കെ. സുകുമാരന്‍. ഇപ്പോള്‍ ബാങ്ക് ആവശ്യങ്ങള്‍ക്കാണ് കാറുമായി പുറത്തിറങ്ങുന്നത്.
ആഫ്രിക്കയില്‍ അധ്യാപകനായിരിക്കുമ്പോഴാണ് വാഹനമോടിക്കാന്‍ പരിശീലിച്ചത്. അതും 49ാം വയസ്സില്‍. പിന്നീട് കാറോടിക്കല്‍ ഹരമായി. ബൈക്കോടിക്കാന്‍ പരിശീലിച്ചതും അവിടെവെച്ചുതന്നെ. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോള്‍ ആഴ്ചതോറും 315 കിലോമീറ്റര്‍ ബൈക്കോടിച്ചായിരുന്നു സ്കൂളിലേക്കുള്ള പോക്കും വരവും. അന്ന് പ്രായം 58.
ഒരുവര്‍ഷം മുമ്പ് കണ്ണൂരിലേക്കും മയ്യഴിയിലേക്കുമെല്ലാം കാര്‍ ഓടിച്ച് പോയിരുന്നു. മക്കളും മറ്റും അനുവദിക്കാത്തതിനാലാണ് തലശ്ശേരിക്കപ്പുറത്തേക്ക് ഇപ്പോള്‍ വാഹനമോടിക്കാത്തത്. കഴിഞ്ഞവര്‍ഷമാണ് മാഷ് ലൈസന്‍സ് പുതുക്കിയത്. ഭാര്യ പി. കൗസല്യ മാത്രമാണ് വീട്ടിലുള്ളത്. സംഗീതതത്പരനായ മാഷിന്റെ വിരലുകള്‍ ഇപ്പോഴും കീബോര്‍ഡിനും ഹാര്‍മോണിയത്തിനും വഴങ്ങും. മിക്ക ദിവസവും വീട്ടിലെ കീബോര്‍ഡില്‍ ശ്രുതി മീട്ടും.
ലഘുഭക്ഷണവും വ്യായാമവും
ആരോഗ്യം പരിപാലിക്കാന്‍ മാഷ് പ്രത്യേകമായൊന്നും ചെയ്യാറില്ല. ദിവസവും രാവിലെ ആറിന് ഉണരും. തുടര്‍ന്ന് ചെറിയ വ്യായാമം. രാവിലെ മൂന്ന് ദോശയോ ഇഡ്ഡലിയോ വെള്ളയപ്പമോ; ഒരു ഗ്ലാസ് കാപ്പിയും. ഉച്ചയ്ക്ക് ചോറും പച്ചക്കറിയും. 28 വര്‍ഷമായി ഇറച്ചിയും മീനും ഉപേക്ഷിച്ചിട്ട്. വല്ലപ്പോഴും മുട്ട കഴിക്കും. വൈകീട്ട് ചായയില്ല.
എട്ടുമണിയാകുമ്പോള്‍ ഗോതമ്പുദോശയോ കഞ്ഞിയോ. രാത്രി പത്തുമണിയാകുമ്പോള്‍ ഉറക്കം. കൃത്യസമയത്തുള്ള ഭക്ഷണത്തിനും ഉറക്കത്തിനും മുടക്കം വരുത്താറില്ല. ജീവിതത്തില്‍ ഡോക്ടറെ കണ്ടതും ആസ്പത്രിയില്‍ കിടന്നതും ഒരിക്കല്‍ മാത്രം, 2009ല്‍ വയറുവേദന വന്നപ്പോള്‍.
ആഫ്രിക്കയില്‍ 35 വര്‍ഷം
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ബിരുദപഠനം. ഇക്കാലത്ത് നടന്ന കൊച്ചിന് ഒളിമ്പിക്സിലെ ഓട്ടമത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പഠനശേഷം മുംബെയിലെ നേവല്‍ അക്കൗണ്ട്സ് ഓഫീസില്‍ ക്ലാര്‍ക്കായി. നാട്ടിലെത്തിയശേഷം 1948ല്‍ തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസ്.എസില്‍ താത്കാലിക അധ്യാപകനായി.
അധ്യാപനബിരുദം നേടിയശേഷം 1950ല്‍ ബി.ഇ.എം.പി. സ്കൂളില്‍ സ്ഥിരം അധ്യാപകന്റെ ജോലിയിലേക്ക്. അതിനിടെയാണ് എത്യോപ്യയില്‍നിന്നുള്ള ഒരുസംഘം അധ്യാപകരെ തേടിയെത്തിയ വിവരമറിഞ്ഞത്. അഭിമുഖത്തില്‍ പങ്കെടുത്തു. 1966ല്‍ എത്യോപ്യയിലേക്ക്. തുടര്‍ന്ന് സാംബിയ, ലസോട്ടു. ദക്ഷിണാഫ്രിക്കിയിലെ പ്രിട്ടോറിയയിലായിരിക്കുമ്പോഴാണ് 2001ല്‍ നാട്ടിലേക്ക് സ്ഥിരമായുള്ള മടക്കം.
1924 ജനുവരി ആറിനായിരുന്നു മാഷിന്റെ ജനനം. അച്ഛന് ചാത്തപ്പനും അമ്മ കല്യാണിയും. സുകുമാരന്‍ മാഷിന് മക്കള്‍ ഒമ്പതുപേരാണ്. ഡോക്ടര്‍മാരായ രതീഷ് ഓസ്ട്രേലിയയിലും സൂരജ് അമേരിക്കയിലും മനോജ് ഇംഗ്ലണ്ടിലുമാണ്. രഞ്ജിത്ത് ദക്ഷിണാഫ്രിക്കയില്‍ അധ്യാപകന്. എന്ജനീയര്മാരായ സുധീര്‍ കാനഡയിലും രാജേഷ് സിംഗപ്പൂരിലും.
ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലുള്ള മകള്‍ ബിന്ധ്യ അവിടെ ബിസിനസ് ചെയ്യുന്നു. എറണാകുളത്ത് സൈക്കോളജിസ്റ്റാണ് മകള്‍ സുപ്രിയ. മൂത്ത മകള്‍ രേണുക ഓര്‍മകളിലേക്ക് മറഞ്ഞു. മക്കളുടെ ഭാര്യമാരിലും ഡോക്ടര്‍മാരുണ്ട്. 17 കൊച്ചുമക്കളില്‍ അഞ്ചുപേര്‍ ഡോക്ടര്‍മാരാണ്. അഞ്ചുപേര്‍ എന്‍ജിനീയര്‍മാരും.
Content Highlights; 97 Old Man Drives Car, Mr. Sukumaran, 97 Year Old Teacher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..