മട്ടാഞ്ചേരി: പഴകിത്തുരുമ്പിച്ച ആ സൈക്കിള്‍റിക്ഷ തുടയ്ക്കുകയാണ് ഹമീദ്ക്ക... പതിറ്റാണ്ടുകളായി മുടങ്ങാത്ത ശീലം. പ്രായം തൊണ്ണൂറ് കഴിഞ്ഞു. റിക്ഷയിലേക്ക് വലിഞ്ഞുകയറാന്‍ ഇപ്പോള്‍ പഴയതുപോലെ കഴിയുന്നില്ല. നാടും നഗരവുമൊക്കെ ഉപേക്ഷിച്ചുകഴിഞ്ഞ ആ പഴയകാല റിക്ഷ പക്ഷേ, ഹമീദിന്റെ ജീവിതമാണിപ്പോഴും. തുടച്ചു വൃത്തിയാക്കി, അത് മട്ടാഞ്ചേരി ബോട്ടുജെട്ടിക്ക് അടുത്തായി മാറ്റിയിടും. വഴിയെ പോകുന്നവര്‍ കൗതുകത്തോടെ നോക്കും. റിക്ഷയ്ക്കകത്ത് ഹമീദ് വെറുതെ ഇരിക്കും.

റിക്ഷ കാണുന്ന വിദേശസഞ്ചാരികള്‍ ഹമീദിന്റെ അടുത്തെത്തും, വിവരങ്ങള്‍ തിരക്കും... ചിലര്‍ അദ്ദേഹത്തിന് ചെറിയ സഹായം നല്‍കും.

പതിറ്റാണ്ടുകളായി ഹമീദിന് അന്നം നല്‍കിയ വണ്ടിയാണത്. ഇപ്പോള്‍ അത് വെറും കാഴ്ചവസ്തു. വെറുതെ കിടക്കുമ്പോഴും ആ മുച്ചക്രവണ്ടി തന്നെ ഹമീദിന് ആശ്രയം. പതിനേഴാം വയസ്സില്‍ സൈക്കിള്‍റിക്ഷയില്‍ കയറിയതാണ് ഹമീദ്. മട്ടാഞ്ചേരിയുടെ തെരുവിലൂടെ ഓട്ടം തന്നെയായിരുന്നു. കപ്പലില്‍ വരുന്ന സഞ്ചാരികളെ കൊച്ചിയുടെ കാഴ്ചകളിലേക്ക് കൊണ്ടുപോകണം. ചെറിയ ചരക്കുകള്‍ ബസാറിലേക്ക് എത്തിക്കണം. രോഗികളെ ആശുപത്രിയിലെത്തിക്കണം. ജോലി കഴിഞ്ഞ് മടങ്ങുന്നവരെ വീട്ടിലേക്ക് കൊണ്ടുപോകണം. മട്ടാഞ്ചേരിയുടെ ചരിത്രത്തിനൊപ്പമായിരുന്നു ഹമീദിന്റെ റിക്ഷ സഞ്ചരിച്ചത്.

ഇടയ്ക്ക് മട്ടാഞ്ചേരി ബസാറില്‍ത്തന്നെ മറ്റു പല ജോലികളും ചെയ്തു. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ, അവരുടെ സംരക്ഷണം കൂടി ഏറ്റെടുത്തതിനാല്‍ വിവാഹം വേണ്ടെന്നുവച്ചു.

അമ്പത് വയസ്സ് കഴിഞ്ഞതോടെ, മറ്റ് പണികളെല്ലാം നിര്‍ത്തി. റിക്ഷയില്‍ തന്നെയായി ജീവിതം. പകല്‍ റിക്ഷയോട്ടം. രാത്രി റിക്ഷയില്‍ത്തന്നെ ഉറക്കം. വീടൊന്നുമില്ല.

ഇതിനിടയില്‍ മട്ടാഞ്ചേരിയിലെ 'എത്നിക് പാസേജ്' എന്ന സ്ഥാപനം ഹമീദിന് ഒരു റിക്ഷ നിര്‍മിച്ചുകൊടുത്തു; മട്ടാഞ്ചേരിയുടെ പ്രതാപകാലം ഓര്‍മപ്പെടുത്തുന്ന ഒരു റിക്ഷ. അപ്പോള്‍ രണ്ട് റിക്ഷയായി. രണ്ടും മട്ടാഞ്ചേരി ജൂതത്തെരുവില്‍ തന്നെയുണ്ട്. സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കാനുള്ള ഇടം കൂടിയാണ് ഈ റിക്ഷകള്‍.

റിക്ഷ ഓടിക്കാനാവില്ലെങ്കിലും ഹമീദ് വെറുതെ ഇരിക്കില്ല. പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. ജൂതത്തെരുവിലെ ചില കടകള്‍ അടിച്ചുവൃത്തിയാക്കും. രാവിലെ എട്ടിന് ജോലികള്‍ തീരും. റിക്ഷ കൊണ്ടുമാത്രം ജീവിക്കാനാവില്ല. അതുകൊണ്ടാണ് തൂത്തുവാരല്‍ ജോലികള്‍കൂടി ചെയ്യുന്നതത്രെ.

അടുത്തകാലം വരെ ചെറിയ സാധനങ്ങള്‍ കയറ്റി ഹമീദ് റിക്ഷ തള്ളിക്കൊണ്ടുപോകുമായിരുന്നു. അതും വേറിട്ട കാഴ്ചയായി. അവസാന ശ്വാസം പോകുന്നതുവരെ ഈ റിക്ഷയില്‍ത്തന്നെ കഴിയണമെന്നാണ് ആഗ്രഹമെന്ന് ഹമീദ് പറയുന്നു. 

Content Highlights; 90 year old hameed and his cycle rickshaw