ബൈക്കോടിക്കുന്നത് ചിലര്‍ക്ക് വലിയ ത്രില്ലാണ്. സ്വന്തമായുണ്ടാക്കിയ ബൈക്കാണ് ഓടിക്കുന്നതെങ്കിലോ, അതും എട്ടാംക്ലാസുകാരന്‍. ?സ്‌കൂള്‍ അടച്ചസമയത്ത് കൂട്ടിലങ്ങാടിക്കാരന്‍ കടുങ്ങൂത്ത് പരുത്തിക്കുത്ത് മുന്‍തദിറാണ് (14) സ്വന്തമായി ഒരു സൈക്കിള്‍ ബൈക്കുണ്ടാക്കിയത്. മലപ്പുറം മക്കരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. 

കുട്ടിക്കാലംമുതല്‍ വണ്ടികളോടു വലിയ പ്രിയമുണ്ട്. അങ്ങനെയാണ് അവധിക്കാലത്ത് ഒരു ബൈക്ക് സ്വന്തമായി രൂപകല്പനചെയ്യാന്‍ തുടങ്ങിയത്. വെറും കുട്ടിക്കളിയായിരുന്നില്ല, വീഡിയോകളൊക്കെ കണ്ട് രൂപരേഖ വരച്ചുണ്ടാക്കിത്തന്നെയായിരുന്നു നിര്‍മാണം. ഒഴിവാക്കിയ ഒരു ബൈക്കിന്റെ ചില ഭാഗങ്ങള്‍ അഴിച്ചെടുത്തു. കുറച്ച് ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ഷാസി രൂപകല്പനചെയ്തു. 

വെള്ളക്കുപ്പിയെ പെട്രോള്‍ ടാങ്കാക്കി. സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ചു. എല്ലാംകൂടി ഉപ്പയുടെ അനുജന്റെ ഇന്‍ഡസ്ട്രിയലില്‍ കൊണ്ടുപോയി വെല്‍ഡ്‌ചെയ്തു. മൂന്നുദിവസത്തെ പണി തീര്‍ന്നപ്പോള്‍ സൈക്കിളിന്റെ ബോഡിയും ബൈക്കിന്റെ എന്‍ജിനുമുള്ള വണ്ടി; ചെലവ് വെറും 5500 രൂപ !

ഒരു പൂതിക്ക് മുന്‍തദിര്‍ തന്നെ ഓടിച്ചുനോക്കി, സൂപ്പറാണ്. പത്തുകിലോമീറ്റര്‍ വരെ മൈലേജും കിട്ടുന്നുണ്ട്. പക്ഷേ, റോഡിലൂടെ ഓടിക്കാന്‍ അനുമതിയില്ല എന്നതാണ് പ്രശ്നം. ഇനി ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു ഇലക്ട്രിക് ബൈക്ക് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് മുന്‍തദിര്‍. ? പയ്യോളി ജി.യു.പി.സ്‌കൂള്‍ അധ്യാപകനായ ഉസ്മാന്റെയും സൗദയുടെയും മകനാണ് മുന്‍തദിര്‍.

Content Highlights: 8th Standard Student Make Bike Using Pipes and Scrapes