കേരളത്തിലെ ഏറ്റവും പഴക്കമേറിയ ബസ് സര്‍വീസുകളിലൊന്നായ സി.ഡബ്ല്യു.എം.എസ്. കോഴിക്കോട്-ദേവാല സര്‍വീസും കോവിഡില്‍ കുരുങ്ങി. കേരള-തമിഴ്‌നാട് അന്തസ്സംസ്ഥാന പാതയില്‍ 82 വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസ് സര്‍വീസാണ് ലോക്ഡൗണില്‍ കട്ടപ്പുറത്തായത്. 2020 മാര്‍ച്ച് 22-ന് നിര്‍ത്തിയ ബസ് സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കാരണം.

1939-ലാണ് കോഴിക്കോട്-ദേവാല റൂട്ടില്‍ സി.ഡബ്ല്യു.എം.എസ്. സര്‍വീസ് തുടങ്ങിയത്. കോഴിക്കോട് സിറ്റി സര്‍വീസിനുപുറമേ വയനാട്, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍, മൈസൂരു എന്നിവിടങ്ങളിലേക്കായിരുന്നു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. കോഴിക്കോട് ആസ്ഥാനമായ കമ്പനിക്ക് അറുപതോളം സര്‍വീസുകളുണ്ടായിരുന്നു. പിന്നീട് ബസുകളും പെര്‍മിറ്റുകളും ഒന്നൊന്നായി പലര്‍ക്കായി വിറ്റു. 20 വര്‍ഷം മുമ്പാണ് കോഴിക്കോട്-ദേവാല ബസും പെര്‍മിറ്റും എസ്.എ. സെയ്ത് മുഹമ്മദ് (ഷാജഹാന്‍ എം.എസ്.എ.) സ്വന്തമാക്കിയത്.

ബസുകള്‍ വാങ്ങിയവരൊക്കെ സി.ഡബ്ല്യു.എം.എസ്. കമ്പനിയുടെ പേര് മാറ്റിയെങ്കിലും ഷാജഹാന്‍ അതേ പേരില്‍ത്തന്നെ ബസ്സോടിച്ചു. ഷാജഹാന്റെ വാക്ക് കടമെടുത്താല്‍ നവതിയോടടുക്കുന്ന ഒരു ബസ് സര്‍വീസ് അതേപേരില്‍ത്തന്നെ തുടരാന്‍ കഴിഞ്ഞതിലുള്ള അഭിമാനം. ഇദ്ദേഹത്തിന് ഈ സര്‍വീസ് കൂടാതെ മറ്റൊരു പേരില്‍ ടൂറിസ്റ്റ് ബസുകളടക്കം മറ്റു സര്‍വീസുകളുണ്ടെങ്കിലും കോഴിക്കോട്-ദേവാല ബസ് സി.ഡബ്ല്യു.എം.എസ്. എന്ന പേരിലാണ് സര്‍വീസ് നടത്തുന്നത്.

49 സീറ്റുള്ള പുത്തന്‍ ബസാണ് ഒരുവര്‍ഷമായി കട്ടപ്പുറത്തിരിക്കുന്നത്. നീലഗിരി ജില്ലയിലെ ദേവാലയില്‍ നിന്ന് രാവിലെ 6.30-ന് തുടങ്ങി 10.30-ന് കോഴിക്കോട് എത്തുന്ന ബസ് തിരിച്ച് 3.30-ന് അവിടെനിന്ന് പുറപ്പെട്ട് രാത്രി 8.30-ന് ദേവാലയില്‍ എത്തും. തമിഴ്‌നാട്ടിലെ ദേവാല, പന്തല്ലൂര്‍, ചേരമ്പാടി, ചോലാടി, ദേവര്‍ഷോല വയനാട്ടിലെ വടുവഞ്ചാല്‍, നെടുങ്കരണ, റിപ്പണ്‍, അരപ്പറ്റ, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സര്‍വീസാണിത്. ഇവിടങ്ങളിലെ വ്യാപാരികള്‍ സാധനങ്ങള്‍ കൊണ്ടുവരുന്നതിനും ഈ സര്‍വീസ് ഉപയോഗിക്കുന്നു.

CWMS
ചുരംകയറി വരുന്ന കോഴിക്കോട്-ദേവാല ബസ് | ഫോട്ടോ: മാതൃഭൂമി

രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നതിനാല്‍ ഈ ബസില്‍ കോഴിക്കോട് എത്തുന്നവര്‍ക്ക് ആവശ്യങ്ങള്‍ നിറവേറ്റി ഇതേ വാഹനത്തില്‍ത്തന്നെ തിരിക്കാന്‍ കഴിയുന്നു. ട്രിപ്പുകള്‍ മുടക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ആശങ്കയില്ലാതെ ബസിന് കാത്തുനില്‍ക്കാം. കോവിഡ് തുടങ്ങുന്നതിനു മുമ്പുള്ള എട്ടു മാസത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് ട്രിപ്പ് മുടങ്ങിയത്. ബസ് ഇന്നും ആ പഴയ നിറത്തില്‍ത്തന്നെയാണ് ഓടുന്നത്. അതുകൊണ്ടുതന്നെ മറ്റ് ബസുകള്‍ക്കിടയില്‍ ദേവാല ബസിനെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്ക് പ്രയാസമില്ല. പതിറ്റാണ്ടുകളായി ഈ ബസ് ഫാസ്റ്റ് പാസഞ്ചറായാണ് സര്‍വീസ് നടത്തുന്നത്.

എന്ന് ഓടും... അറിയില്ല

കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കേരള-തമിഴ്‌നാട് അന്തസ്സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്. കോഴിക്കോട്-ഊട്ടി റൂട്ടില്‍ 2020 മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സര്‍വീസുകളാണ് ഇനിയും പുനരാരംഭിക്കാത്തത്. ടൂറിസ്റ്റ് ബസ്സുകളടക്കമുള്ള കോണ്‍ട്രാക്ട് വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. 

ഇതുമൂലം കോഴിക്കോട്-ഗൂഡല്ലൂര്‍-ഊട്ടി റൂട്ടില്‍ യാത്രചെയ്യുന്ന നൂറുകണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്. ദേവാല, പന്തല്ലൂര്‍, ചേരമ്പാടി, ചോലാടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ടാക്‌സികളിലോ മറ്റു വാഹനങ്ങളിലോ അതിര്‍ത്തികള്‍ കടന്ന് ബത്തേരിയിലും കല്പറ്റയിലും എത്തിയാണ് കോഴിക്കോട്ടേക്ക് പോകുന്നത്. കോഴിക്കോട്-ഊട്ടി, കല്പറ്റ-തൃശ്ശൂര്‍, ബത്തേരി-തൃശ്ശൂര്‍, മാനന്തവാടി-കോയമ്പത്തൂര്‍ റൂട്ടുകളിലെ കേരള, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകളും സ്വകാര്യ ബസ് സര്‍വീസും പുനരാരംഭിക്കുകയാണെങ്കില്‍ യാത്രാക്ലേശത്തിന് പരിഹാരമാകും.

Content Highlights: 82 Year Bus Service CWMS Stop Service Duo To Covid-19 Crisis