റര പതിറ്റാണ്ടോളം മുണ്ടക്കയത്തിന്റെ സാരഥിയായിരുന്നു വടക്കന്‍ പ്രഭാകരന്‍ (വടക്കനച്ചന്‍-80) വിടവാങ്ങി. മുണ്ടക്കയം ടാക്‌സി സ്റ്റാന്‍ഡിലെ ആദ്യകാല ഡ്രൈവറായിരുന്ന പ്രഭാകരന്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. 

വിവാഹം, പ്രസവം, മരണം, ഉത്സവം, പെരുന്നാള്‍, പാര്‍ട്ടി പരിപാടികള്‍, ആശുപത്രി എന്നിങ്ങനെ മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലുമുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ആളുകളുടെ ഏത് ആവശ്യത്തിനും വടക്കനച്ഛന്റെ ജീപ്പായിരുന്നു ഏക ആശ്രയം. കൊമ്പുകുത്തി, വാകമല, മതമ്പ, വള്ളിയാങ്കാവ്, പാലൂര്‍ക്കാവ്, തെക്കേമല എന്നീ ഗ്രാമീണ റോഡുകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ കടുംനീല ജീപ്പ്.

വാഹനസൗകര്യം അപ്രാപ്യമായിരുന്ന ഇവിടത്തെ സ്‌കൂള്‍കുട്ടികള്‍ക്ക് കണ്‍സഷന്‍ നല്‍കി സ്‌കൂളിലെത്തിച്ചിരുന്നതും വടക്കനച്ഛനായിരുന്നു. തിങ്ങിനിറഞ്ഞ യാത്രക്കാരുമായി ദുര്‍ഘടമായ മലമ്പാതകളിലൂടെ ആര്‍ക്കും അപകടം ഉണ്ടാക്കാത്ത തരത്തില്‍ വളയം പിടിക്കുക എന്നത് വടക്കനച്ഛന്റെ മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമായിരുന്നുവെന്ന് പഴയകാല യാത്രക്കാര്‍ ഓര്‍മിക്കുന്നു. 

വലിയ ശിഷ്യസമ്പത്തിനുടമകൂടിയായ പ്രഭാകരന്‍ ഒരാഴ്ച മുന്‍പുവരെ എണ്‍പതിന്റെ അവശതകളിലും ഇടുങ്ങിയ വഴിയിലൂടെ കൃത്യതയോടെ വളയം പിടിച്ച് തന്റെ പിജോട്ട് ജീപ്പില്‍ യാത്രക്കാരെ യഥാസ്ഥാനങ്ങളില്‍ എത്തിച്ചിരുന്നു.

ഹൃദ്രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വാകമലയിലെ കൊച്ചുതറയില്‍ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശവസംസ്‌കാരം നടത്തി.