അന്ന് കരിയുമായി വഴിനീളെ ജീവനക്കാര്‍; ആവി എന്‍ജിനില്‍ തുടങ്ങി ലൈലാന്‍ഡ് വരെ, ചന്ദ്രികയുടെ 77 വര്‍ഷം


By കെ.ആര്‍.കെ.പ്രദീപ്

2 min read
Read later
Print
Share

1945-ല്‍ റാന്നി അകത്തേത്ത് വീട്ടില്‍ കെ.എസ്.ഏബ്രഹാമാണ് ചന്ദ്രിക ബസ് സര്‍വീസിന് തുടക്കം കുറിച്ചത്. ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബസ്സുകളായിരുന്നു ആദ്യം.

ചന്ദ്രിക ബസ് | Photo: JK Photography/Private BUS Pathanamthitta

'ചന്ദ്രിക' ഒരു സ്വകാര്യ ബസ് മാത്രമല്ല, 77 വര്‍ഷമായി നാട്ടുകാരുടെ യാത്രാസംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേരുകൂടിയാണ്. ചന്ദ്രിക ബസിനെ ആശ്രയിച്ച് തൊഴില്‍തേടി പോയവര്‍, പെണ്ണുകാണാന്‍നടന്നവര്‍, പഠിക്കാന്‍പോയ കുട്ടികള്‍ അങ്ങനെ പോകുന്നു ബസ്സിലെ യാത്രക്കാരുടെ തരംതിരിവ്. തമിഴനെയും മലയാളിയെയും കൂട്ടിയിണക്കുന്നതിലും ചന്ദ്രികയ്ക്ക് പങ്കുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്കും മൂന്നേകാലിനും പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന മധുരയില്‍നിന്നുള്ള തീവണ്ടി യാത്രക്കാരെ വീടുകളില്‍ എത്തിച്ചിരുന്നതും ചന്ദ്രിക ബസാണ്.

ഒരു കാലത്ത് പത്തനംതിട്ടയില്‍നിന്നുള്ള തപാല്‍ ഉരുപ്പടികള്‍ വിവിധ പോസ്റ്റോഫീസുകളില്‍ എത്തിക്കുന്നത് ചന്ദ്രിക ബസിലൂടെയായിരുന്നു. റാന്നി മുതല്‍ പുനലൂര്‍വരെ 20 തപാല്‍ ഓഫീസുകളിലെ മെയിലുകളാണ് ചന്ദ്രിക ബസ് രാവിലെയും വൈകിട്ടുമായി കൊണ്ടു പോയിരുന്നത്. പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കയറാന്‍ പെര്‍മിറ്റുള്ള ഏക സ്വകാര്യ ബസാണ് ചന്ദ്രിക. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് റാന്നിയില്‍നിന്ന് തുടങ്ങിയതാണ് ചന്ദ്രിക ബസിന്റെ ആരംഭം.

ചന്ദ്രികയ്ക്ക് ഒപ്പമുണ്ടായിരുന്ന രാജരാജേശ്വരി, കുന്നില്‍ മോട്ടേഴ്‌സ്, അതുമ്പുംകുളത്ത് ആദ്യമെത്തിയ ബാലശേഖര്‍, കല്ലേലി തോട്ടത്തിലെ യാത്രക്കാരുടെ ആശ്രയമായിരുന്ന ബാലഗോപാല്‍, ബോസ് മോട്ടോഴ്‌സ്, ഷാജഹാന്‍ സര്‍വീസ് എന്നിവരെല്ലാം റോഡില്‍നിന്ന് ഒഴിഞ്ഞിട്ടും പാരമ്പര്യം കാക്കാന്‍ ചന്ദ്രിക സര്‍വീസ് ഇന്നും റാന്നി-പുനലൂര്‍ റൂട്ടില്‍ ഓടുന്നു. ബസ് സര്‍വീസ് രംഗത്തെ വെല്ലുവിളികളും കഷ്ടനഷ്ടങ്ങളും നേരിടേണ്ടിവന്നെങ്കിലും യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായ ചന്ദ്രിക ഒരു ബസുമായി പുനലൂര്‍-റാന്നി റൂട്ടിലുണ്ട്.

ആവി എന്‍ജിന്‍ ബസ്

1945-ല്‍ റാന്നി അകത്തേത്ത് വീട്ടില്‍ കെ.എസ്.ഏബ്രഹാമാണ് ചന്ദ്രിക ബസ് സര്‍വീസിന് തുടക്കം കുറിച്ചത്. ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബസ്സുകളായിരുന്നു ആദ്യം. തുറന്ന ബസ്സുകളായിരുന്നു ഇവ. നാലുമണിക്ക് പുറപ്പെടണമെങ്കില്‍ മൂന്നുമണിക്കേ വിറകുകത്തിച്ച് കരി തയ്യാറാക്കണമായിരുന്നു. കരിയുമായി വഴിനീളെ നില്‍ക്കുന്ന ജീവനക്കാരും ഉണ്ടായിരുന്നു. പഴയകാലത്ത് രണ്ടുവശങ്ങളിലും പുറകിലുമായി ബെഞ്ച് ഇട്ട മാതൃകയിലുള്ള ഇരിപ്പിടങ്ങള്‍ ആയിരുന്നു യാത്രക്കാര്‍ക്ക് ക്രമീകരിച്ചിരുന്നത്. ജനറല്‍ മോട്ടോര്‍ കമ്പനിയുടെ വാഹനമായിരുന്നു തുടക്കത്തില്‍. പിന്നീട്, ബെഡ്‌ഫോര്‍ഡ്, ഷെവര്‍ലെ, ഫെര്‍ഗോ, ലൈലാന്‍ഡ് എന്നിങ്ങനെ ആയി ബസുകളുടെ നിലവാരം.

12 സര്‍വീസുകള്‍വരെ ചന്ദ്രികയ്ക്കുണ്ടായിരുന്നു. കുമ്പഴയിലും റാന്നിയിലും പാലമില്ലാത്തതിനാല്‍ കടത്തുകള്‍ വരുന്നതനുസരിച്ചുള്ള സമയക്രമീകരണമായിരുന്നു സര്‍വീസിന്. റാന്നി-കൊല്ലം, വെച്ചൂച്ചിറ-കൊല്ലം, മുണ്ടക്കയം-പുനലൂര്‍, തോണിക്കടവ്-പുനലൂര്‍, പത്തനാപുരം-ചാലാപ്പള്ളി, തെക്കേമല-പുനലൂര്‍, കൊല്ലം-കുളത്തൂപ്പുഴ ഈ റൂട്ടുകളിലെല്ലാം ചന്ദ്രിക സര്‍വീസ് നടത്തിയിരുന്നു. പത്തനംതിട്ട, കോന്നി, റാന്നി പ്രദേശത്തുള്ളവര്‍ തമിഴ്‌നാട്ടിലെ പഴയ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലും മധുരയിലും നാഗൂര്‍ തീര്‍ഥാടനത്തിനും പോയിരുന്നത് പുനലൂര്‍ റെയില്‍വേസ്റ്റേഷന്‍ വഴിയായിരുന്നു. തീവണ്ടി സമയത്തിനനുസരിച്ച് റാന്നിയില്‍നിന്ന് പുനലൂരില്‍ എത്തത്തക്കവിധമായിരുന്നു മിക്ക ബസുകളും ഓടിയിരുന്നത്.

'മെയില്‍ ചന്ദ്രിക'

ചന്ദ്രികയുടെ സമയത്തിന് ഉരുപ്പടികള്‍ തപാല്‍ ഓഫീസില്‍നിന്ന് കിട്ടിയില്ലെങ്കില്‍ തപാല്‍ മുടങ്ങുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നവര്‍ 'മെയില്‍ ചന്ദ്രിക വന്നോ' എന്ന് തിരക്കുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. തീവണ്ടികള്‍ക്ക് കണക്ഷനായി ഓടിയിരുന്ന ചന്ദ്രിക സര്‍വീസിന് നല്ലവരുമാനവും ലഭിച്ചിരുന്നു. 80 തൊഴിലാളികളും വര്‍ക്ക്ഷോപ്പും പമ്പും സ്വന്തമായിട്ടുണ്ടായിരുന്നു. ബസുകള്‍ കുറഞ്ഞതോടെ വര്‍ക്ക്‌ഷോപ്പുകള്‍ നിര്‍ത്തി. പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ നല്‍കിയാണ് തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിരുന്നത്.

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കടന്നുവരാത്ത തോണിക്കടവുപോലെയുള്ള ഉള്‍പ്രദേശങ്ങളില്‍ ചന്ദ്രിക ബസായിരുന്നു ആദ്യകാലങ്ങളിലെ യാത്രാവാഹനം. ചന്ദ്രിക സര്‍വീസിലെ ജീവനക്കാരുടെ പേരുകള്‍ ഓര്‍ക്കുന്ന മുതിര്‍ന്ന ബസ്യാത്രക്കാര്‍ ഇപ്പോഴുമുണ്ട്. ഡ്രൈവര്‍ ജനാര്‍ദനന്‍, ക്ലീനര്‍ കുഞ്ഞുകുട്ടി എന്നിവരുടെ രീതികള്‍ പലരും ഓര്‍മിച്ചെടുക്കുന്നു. തിരക്കുള്ള സമയങ്ങളില്‍ കുഞ്ഞുകുട്ടിയുടെ യാത്രക്കാരോടുള്ള സമീപനം തമാശരൂപേണ ആയിരിക്കും. റാന്നി-പുനലൂര്‍ റൂട്ടില്‍ മറ്റ് സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി.യും ആധിപത്യം ഉറപ്പിച്ചതോടെ ചന്ദ്രികയും സര്‍വീസുകള്‍ വെട്ടിക്കുറച്ചു.

തോണിക്കടവ്-പുനലൂര്‍, റാന്നി-പുനലൂര്‍ എന്നീ രണ്ട് ബസുകള്‍ അടുത്തിടെവരെ സര്‍വീസ് നടത്തിയിരുന്നു. അടുത്തിടെ തോണിക്കടവ്-പുനലൂര്‍ ബസ്, ചന്ദ്രിക ഉപേക്ഷിച്ചു. ഇപ്പോള്‍ റാന്നി-പുനലൂര്‍ റൂട്ടില്‍ ഒരു സര്‍വീസേ നടത്തുന്നുള്ളൂ. പാരമ്പര്യം നിലനിര്‍ത്താന്‍ ഒരുബസ് റോഡില്‍ ഉണ്ടാകട്ടെയെന്നാണ് ചന്ദ്രികയുടെ ഇപ്പോഴത്തെ ഉടമ സ്‌കറിയ ഏബ്രഹാം പറയുന്നത്.

Content Highlights: 77 year history of Chandrika Private Bus, chandrika starts service in 1945, Chandrika Bus

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Maruti Jimny

5 min

കാടും മലയും പുഴയുമൊന്നും സീനല്ല;' ഫുൾ പവറാണ്' ജിമ്നി| ടെസ്റ്റ് ഡ്രൈവ് അനുഭവം

May 27, 2023


Seat Belt and Airbag

2 min

എയര്‍ബാഗ് ജീവൻ രക്ഷിക്കണമെങ്കിൽ മുറുക്കണം സീറ്റ് ബെൽറ്റ്.. അവർ തമ്മിലുണ്ട് അറിയേണ്ട ഒരു ബന്ധം

Sep 16, 2022


Double Decor

2 min

കാണ്‍മാനില്ല, കൊച്ചിക്കാരുടെ ഇഷ്ടവാഹനമായിരുന്ന ആ കെ.എസ്.ആര്‍.ടി.സി. ഡബിള്‍ഡെക്കര്‍ ബസ്

Oct 14, 2020

Most Commented