കെ.ജെ. ജേക്കബ്ബ് | ഫോട്ടോ: മാതൃഭൂമി
'ഏയ് ഓട്ടോ...' 75-ാം വയസ്സിലും ജേക്കബ്ബേട്ടന്‍ ഈ വിളിക്ക് കാതോര്‍ക്കും. വിളി കേട്ടാല്‍ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്ത് സവാരി പോകാന്‍ ജേക്കബ്ബിന് നൂറിഷ്ടം. 'കോവിഡ്കാലത്ത് വീട്ടിലിരുന്നാല്‍ മതി' എന്ന മക്കളുടെ സ്നേഹശാസനയ്ക്കിടയിലും അവസരം കിട്ടിയാല്‍ ഓട്ടോ ഓടിക്കാന്‍ വെമ്പിനില്ക്കുകയാണ് ജേക്കബ്.
50 വര്‍ഷത്തിനു മുകളിലായി കൊച്ചി നഗരത്തിലെ എല്ലാ വഴിത്താരകളിലും ഈ ഓട്ടോച്ചേട്ടന്റെ സാന്നിധ്യമുണ്ട്. 1959-60 കാലത്ത് കലൂരില്‍ വര്‍ക്ഷോപ്പ് നടത്തി വാഹനത്തോടു തുടങ്ങിയ കമ്പമാണ് പോഞ്ഞിക്കരക്കാരന്‍ കെ.ജെ. ജേക്കബ്ബിനെ ഓട്ടോ ഡ്രൈവറാക്കിയത്.
ഇക്കൊല്ലം ആദ്യംവരെ ജേക്കബ് ഈ നഗരത്തിലുണ്ടായിരുന്നു. കോവിഡ് വന്നതോടെ എല്ലാവരും ജേക്കബ് ചേട്ടനെ മുതിര്‍ന്ന പൗരനായിക്കണ്ട് വീട്ടിലിരുത്തി. വാഴക്കാല ഇ.എം.എസ്. റോഡിലുള്ള കൈതമന വീട്ടില്‍, ഭാര്യ മേരിയുമൊത്ത് കോവിഡ് മാറുന്നതും കാത്തിരിക്കുകയാണ് അദ്ദേഹം.
ഇനി ഓടിക്കാനാകുമോ എന്ന സംശയവും ജേക്കബ് ചേട്ടന് കൂട്ടുപിടിക്കുന്നുണ്ട്. ''വണ്ടിയും റോഡും നമ്മളുമായി ഒരു ആത്മബന്ധമുണ്ട്. കുറച്ചുനാള്‍ മാറിനിന്നാല്‍ ആ ബന്ധത്തില്‍ എവിടെയോ വിള്ളല്‍ വരും. അതാണ് ഇപ്പോഴെനിക്ക് വിഷമമായി നില്‍ക്കുന്നത്'' - ജേക്കബ് ചേട്ടന് പറയുന്നു.
പഴയകാലത്തെ ഓട്ടോസവാരി ഇന്നും ജേക്കബ്ബിന്റെ മനസ്സിലുണ്ട്. ''എഴുപതുകളില്‍ ഒരു കിലോമീറ്ററിന് 40 പൈസയായിരുന്നു കൂലി. ഇന്ന് ഒരു കിലോമീറ്ററിന് 20 രൂപയാണ് വാങ്ങുന്നത്. നിയമപ്രകാരം 10 രൂപയാണെങ്കിലും 20 വാങ്ങിയാലേ മുതലാകൂ. പണ്ട് 40 പൈസ മതിയായിരുന്നു, കിട്ടിയതുവെച്ച് ജീവിക്കാന്‍ അത് തികയുമായിരുന്നു. എന്നാലിന്ന്, എത്ര കിട്ടിയാലും മതിയാകാത്ത അവസ്ഥയാണ്''.
''നഗരത്തില്‍ത്തന്നെ ഓടിച്ചിരുന്നതിനാല്‍ എല്ലാ പ്രധാനപ്പെട്ടവരുമായും ഒരു പരിചയം ഉണ്ടാക്കാന്‍ സാധിച്ചു. പണ്ട് സുധാകര ഫാര്‍മസി നടത്തിയിരുന്ന സുധാകരന് വൈദ്യര് സ്ഥിരമായി ഓട്ടം വിളിക്കുമായിരുന്നു. അന്ന് ഏഴു കിലോമീറ്റര്‍ ഓടുമ്പോള്‍ 2 രൂപ 50 പൈസയാണ് അദ്ദേഹം തരാറുള്ളത്.
മേനകയിലെ സീലോഡ് ഹോട്ടലിലൊക്കെ അന്ന് ബിസിനസുകാര്‍ വന്നിറങ്ങിയിരുന്നത് ഓട്ടോയിലായിരുന്നു. പണ്ടത്തെ ആളുകള്‍ കുറച്ചുകൂടി സൗമ്യരായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ദേഷ്യം പൊതുനിരത്തില്‍ കാണിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോ ചൂടന്മാരായ ചെറുപ്പക്കാരാണ് അധികവും'' - അദ്ദേഹം പറയുന്നു.
ഭാര്യയും മൂന്ന് മക്കളുമാണ് സമ്പാദ്യം. ഇപ്പോള്‍ വീടിനടുത്തുതന്നെ മക്കളും വീടുവെച്ച് താമസിക്കുന്നു. 1967-ല്‍ ലൈസന്‍സെടുത്ത് ഓട്ടോയില്‍ കയറിയ ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ''ആരോഗ്യമുള്ളത്രയും നാള് അധ്വാനിച്ചുതന്നെ ജീവിക്കണം. കോവിഡ് ഒന്നു മാറട്ടേ, അപ്പോ വീണ്ടും ഇറങ്ങാന്‍ പറ്റുമായിരിക്കും'' - ജേക്കബ് ചേട്ടന് പറയുന്നു.
Content Highlights: 75 year Old Auto Driver In Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..