ഇന്ത്യൻ ബൈക്ക് യാത്രികരിൽ 60 ശതമാനത്തിലധികവും വാഹനം ഓടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കുന്നവരെന്ന് സർവ്വേ റിപ്പോർട്ട്. കാൽനടയാത്രക്കാരിൽ 14 ശതമാനം പേർ റോഡിലൂടെ നടക്കുമ്പോൾ സെൽഫി എടുക്കുന്നവരാണെന്നും സർവ്വേഫലം പറയുന്നു. സേഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സാംസങ് നടത്തിയ സർവ്വേയിലൂടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

മൂന്നിലൊന്ന് എന്ന കണക്കിന്  കാർ ഡ്രൈവർമാരും യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്ന് സർവ്വേഫലം പറയുന്നു. അത്യാവശ്യമെന്ന് തോന്നിയാൽ മെസേജ് അയയ്ക്കുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. കാൽനടയാത്രക്കാരിൽ 64 ശതമാനവും റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് പ്രതികരിച്ചു. 18 ശതമാനം  പറഞ്ഞത് ഔദ്യോഗിക ആവശ്യങ്ങൾക്കായി മേലുദ്യോഗസ്ഥർ വിളിച്ചാൽ ഫോണെടുത്ത് മറുപടി നൽകുമെന്നാണ്.

bike

11 ശതമാനം ബൈക്ക് യാത്രക്കാർ യാത്രയിലുടനീളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. 30 ശതമാനം ആളുകൾ വീട്ടിൽ നിന്നുള്ള ഫോൺവിളികൾക്ക് ബൈക്ക് ഓടിക്കുന്നതിനിടയിലും മറുപടി നൽകുന്നവരാണ്. 18 ശതമാനം പേരാവട്ടെ ജോലിസംബന്ധമായി വരുന്ന ഫോൺവിളികൾ ബൈക്കോടിക്കുന്നതിനിടയിലും ഒഴിവാക്കാറില്ല. 23 ശതമാനം ബൈക്ക് യാത്രികരും സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും യാത്രയ്ക്കിടയിൽ സമയം കണ്ടെത്തുന്നവരാണ് എന്ന ഞെട്ടിക്കുന്ന കണക്കും സർവ്വേഫലം മുന്നോട്ട് വയ്ക്കുന്നു.

സർവ്വേയോട് പ്രതികരിച്ചവരിൽ 80 ശതമാനവും കൂടുതൽ ആശങ്കപ്പെടുന്നത് ഫോൺ വിളിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ കാര്യം ഓർത്താണ്. 68 ശതമാനം പേർ പറഞ്ഞത് ഡ്രൈവിംഗിനിടയിലും ഫോൺ ഉപയോഗിക്കുന്ന ട്രക്ക്, ബസ് ഡ്രൈവർമാരുടെ കാര്യമോർത്താണ് പേടിയെന്നാണ്. രാജ്യത്ത് നാലു മിനിറ്റിൽ ഒരു റോഡപകടം നടക്കുന്നുണ്ടെന്നാണ് കണക്ക്.

PEDESTRIANS

ലോകത്ത് ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സെൽഫി എടുക്കുന്നതിനിടെ ഏറ്റവും അധികം പേർ അപകടത്തിൽ പെടുന്നതും ഇവിടെത്തന്നെ. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോണിന്റെ അനാവശ്യ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സേഫ് ഇന്ത്യ ക്യാമ്പയിന് കേന്ദ്രസർക്കാർ രൂപം നൽകിയത്. പ്രതിവർഷം 1.5 ലക്ഷം റോഡപകടങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സേഫ് ഇന്ത്യാ ക്യാമ്പയിൻ വിജയമാക്കാൻ പൊതുജനങ്ങളും മൊബൈൽ കമ്പനികളും സഹകരിക്കണമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി സാംസങ് മുന്നോട്ട് വന്നത് അഭിനന്ദനാർഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സേഫ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും പൊതുജനങ്ങളെ ബോധവൽക്കരിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും സാംസങ് ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രൺജിവിത് സിങ് പറഞ്ഞു.സാംസങ്ങിന്റെ സേഫ് ഇന്ത്യ കാമ്പയിൻ യൂട്യൂബിലെ കാഴ്ച്ചക്കാരുടെ എണ്ണം ഒരു കോടി കടന്നുകഴിഞ്ഞു.

വരുന്നൂ,സുരക്ഷാ ഫീച്ചറുകൾ

യാത്രയ്ക്കിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തടയാൻ ഫോണുകളിൽ പ്രത്യേക ഫീച്ചറുകൾ അവതരിപ്പിക്കാനും സാംസങ്ങ് ലക്ഷ്യമിടുന്നു.

എസ് ബൈക്ക് മോഡ്: ആ ഫീച്ചർ ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ അത്യാവശ്യ കോളുകൾ വന്നാൽ യൂസർക്ക് നോട്ടിഫിക്കേഷൻ വരും. അത്യാവശ്യമെന്ന് തോന്നിയാൽ 1-ൽ പ്രസ് ചെയ്ത് കോൾ എടുക്കാനാവും. എന്നാൽ,അങ്ങനെ ചെയ്യണമെങ്കിലും വണ്ടി നിർത്തിയശേഷം മാത്രമേ സാധ്യമാകൂ എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

ഒരു സ്മാർട്ട് റിപ്ലേ ഫീച്ചറും ഇതിനുണ്ടാവും. യൂസർ ഫോൺ എടുക്കാനാവുന്ന അവസ്ഥയിലാണോ എന്ന് തെരഞ്ഞെടുത്ത നമ്പരുകളിലേക്ക് ഓട്ടോമാറ്റിക് മെസേജ് ചെല്ലും എന്നതാണ് പ്രത്യേകത.

കാർ മോഡ്: കാർ ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന ഫോൺ വിളികൾ ഒഴിവാക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. വരുന്ന മെസേജുകൾ യൂസർക്ക് വായിച്ചുകൊടുക്കാനുള്ള സംവിധാനം ഈ ഫീച്ചറിനുണ്ടാവും. നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നതിനാൽ ഫോണെടുത്ത് സംസാരിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യേണ്ട ആവശ്യം യൂസർക്ക് വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ഡു നോട്ട് ഡിസ്റ്റർബ് ഫീച്ചറും ഇതിന്റെ ഭാഗമായുണ്ട്.

വോക്ക് മോഡ്:  കാൽനടയാത്രയ്ക്കിടയിൽ യൂസർക്ക് വരുന്ന മെസേജുകളും നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്ത് വയ്ക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം.