ളിപ്പാട്ടം കിട്ടാതിരുന്ന ഒരു കാലമാണ് കൊയ്യാമരക്കാട് ചര്‍ച്ച് സ്ട്രീറ്റ് പുകയിലക്കാരന്‍ വീട്ടില്‍ എം. സന്ധ്യാംഗുവിന്റെ കുട്ടിക്കാല ഓര്‍മകളില്‍. പക്ഷേ, അതിനെയും വെല്ലുന്ന ഓര്‍മകളും ഒപ്പമുണ്ട്. അതിനു കാരണം മനസ്സില്‍ ഉടലെടുത്ത ഒരു ആഗ്രഹമാണ്. ആ ആഗ്രഹത്തിനു പിന്നിലെ കഠിന പ്രയത്നമാണ്. 

മിനിയേച്ചര്‍ വാഹനങ്ങളുടെ നിര്‍മാണം എന്നുകേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത ബാല്യകാലത്ത് ഏഴാം വയസ്സില്‍ ആദ്യമായി കണ്ട ലോറി അദ്ദേഹം നിര്‍മിച്ചു. അതിനായി പഴയ പേപ്പറുകള്‍ ശേഖരിച്ചു. മരച്ചുവട്ടിലിരുന്ന് മരപ്പശ ചുരണ്ടിയെടുത്തു. ലോറി നിര്‍മാണത്തിനു ശേഷം നിര്‍മിച്ചത് അക്കാലത്ത് പാലക്കാട്-വാളയാര്‍ റൂട്ടില്‍ ഓടിയിരുന്ന കണ്ടാത്ത് ബസ്സാണെന്ന് ഈ 52-കാരന്‍ പറയുന്നു. സന്ധ്യാംഗുവിന്റെ വാഹനനിര്‍മാണ ഭ്രാന്തിന് കൂട്ടായി ഭാര്യ ജെസിയും മക്കള്‍ ഡെയ്സിയും ലിജോയുമുണ്ട്.

കളിയാക്കലുകള്‍ക്ക് സ്ഥാനമില്ല

കൂടുതല്‍ സമയം ചെലവഴിച്ച് വാഹനം നിര്‍മിക്കുമ്പോള്‍ അച്ഛന്‍ മൈക്കിളും അമ്മ അന്തോണി അമ്മാളും ചോദിച്ചത് ഒരേ ചോദ്യമാണെന്ന് സന്ധ്യാംഗു. നിനക്ക് വേറെ പണിയൊന്നുമില്ലേയെന്ന ചോദ്യം പക്ഷേ, സന്ധ്യാംഗുവിന്റെ ഒരു ചെവി കേട്ടു, മറുചെവി തള്ളിക്കളഞ്ഞു. 11 വയസ്സുവരെയും, നിരത്തില്‍ പാഞ്ഞ ലോറികളുടെ ചെറുരൂപം പഴയ പേപ്പറുകളില്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു. പിന്നീട് മുന്നില്‍ കാണുന്ന വീടുകളാണ് നര്‍മിച്ചത്. ഇതിനായി പല വീടുകള്‍ക്കു മുന്നിലും നോക്കിനിന്നു. രൂപങ്ങള്‍ മനസ്സില്‍ പതിപ്പിച്ചു.

മുതിര്‍ന്നപ്പോള്‍ മാറ്റം വന്നത് രണ്ടേരണ്ട് കാര്യങ്ങളില്‍ മാത്രമാണ്. പേപ്പറിനൊപ്പം കട്ടിയുള്ള ക്ഷണക്കത്തും സ്ഥാനം പിടിച്ചു. വാഹനഭാഗങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കാന്‍ കൊട്ടപ്പാലിനുപകരം പശ ഉപയോഗിച്ചു. അപൂര്‍വമായി പേപ്പര്‍ ടയറുകളുടെ സ്ഥാനം വളകളും കൈയടക്കി. വാഹനങ്ങള്‍ക്കുള്ളിലെ സ്റ്റിയറിങ്ങും ഗിയറുകളും വരെ പേപ്പറിലാണ് ഉണ്ടാക്കുന്നത്. ഇത് സൂക്ഷ്മതയോടെ ചെയ്യുന്ന പണിയാണ്. സീറ്റുകളുടെ എണ്ണവും കൃത്യമായുണ്ടാക്കണം.

ഐസ് കൊടുത്ത് വാഹനം വാങ്ങിയവര്‍

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സന്ധ്യാംഗുവിന് പേപ്പറുകള്‍ കൊണ്ട് വാഹനങ്ങളുടെ മിനിയേച്ചര്‍ പതിപ്പ് ഉണ്ടാക്കുന്നതില്‍ കമ്പം തുടങ്ങിയത്. പേപ്പറുപയോഗിച്ച് നിര്‍മിച്ച വാഹനങ്ങള്‍ പലരും ഐസ് വാങ്ങിക്കൊടുത്ത് സന്ധ്യാംഗുവില്‍ നിന്നും വാങ്ങിയ ഓര്‍മ വീട്ടുകാര്‍ പങ്കുവെക്കുന്നു. ഉണ്ടാക്കിയവയൊന്നും പിന്നീട് വിറ്റിട്ടില്ല. എന്നാല്‍, കാര്‍ഡുകള്‍ കൊണ്ടു നല്‍കിയപ്പോള്‍ കൂട്ടുകാരന് വാഹനങ്ങളുടെയും വീടിന്റെയും മാതൃകകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

വീണ്ടും സജീവമായത് ലോക്ഡൗണില്‍

ജീവിതത്തിലെ തിരക്കുകള്‍ക്കിടെ വാഹന നിര്‍മാണത്തിന് ചെറിയ ഇടവേള വന്നു. പിന്നീട് ഡ്രൈവറായി ജോലി തുടങ്ങിയപ്പോള്‍ 1995-ലാണ് ആഗ്രഹം മനസ്സില്‍ വീണ്ടും തലപൊക്കിയത്. ഡ്രൈവറായി വിവിധ ഇടങ്ങളില്‍ ജോലിക്കു പോകുമ്പോള്‍ ചില വീടുകള്‍ മനസ്സില്‍ കൊളുത്തും. വണ്ടി നിര്‍ത്തി അല്‍പനേരം നോക്കി നില്‍ക്കും. മിനിറ്റുകളുടെ ഇടവേളകളില്‍ വീട് മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. പിന്നെ വീട്ടിലെത്തിയാല്‍ ആ വീടിന്റെ ചെറുപതിപ്പ് നിര്‍മിക്കുന്നതിലാവും ശ്രദ്ധ. 

വീടു നിര്‍മാണവും വാഹന നിര്‍മാണവും ചിലപ്പോഴൊക്കെ പുലര്‍ച്ചെവരെ നീണ്ടിട്ടുണ്ടെന്ന് സന്ധ്യാംഗുവിന്റെ മകള്‍ ഡെയ്സി പറയുന്നു. പിന്നീട് ലോക്ഡൗണ്‍ കാലത്താണ് വാഹന നിര്‍മാണത്തില്‍ സജീവമായത്. ഇന്നേവരെയായി എത്ര വാഹനങ്ങളും വീടുകളും നിര്‍മിച്ചുവെന്ന് ചോദിച്ചാല്‍ സന്ധ്യാംഗുവിന് കൃത്യമായ മറുപടിയില്ല. കാരണം എണ്ണം നോക്കിയല്ല ഇതൊക്കെ നിര്‍മിച്ചത്. പിന്നെ പലതും പൊടിപിടിച്ചും മറ്റും നശിച്ചു. ചിലതൊക്കെ കൈമോശം വന്നു.

Content Highlights: 52 Year Old Man Making Paper Miniature Vehicle